മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു

To advertise here,

മലയാളം കാല്‍പനികതയില്‍ ആറാടിക്കൊണ്ടിരുന്ന കാലത്താണ് കടമ്മനിട്ട 'കുറത്തി'യുമായി വരുന്നത്.
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്
! എന്നുറക്കെപ്പാടിക്കൊണ്ട് മലയാളകവിതയുടെ പുരോഗമനകാലം ജനകീയസാഹിത്യമായി കവിതയെ കൂടെക്കൂട്ടിയതിന് കടമ്മനിട്ടയുടെ 'കുറത്തി'യും നിമിത്തമായി. അക്കാലത്ത് കവിത പുരോഗമനകലാസാഹിത്യസംഘത്തിന്റെയും പുരോഗമനാശയങ്ങളുടെയും മുന്നില്‍ നിന്നു നയിച്ചത് സാധാരണക്കാരന്റെ അവകാശബോധങ്ങളെ ആയിരുന്നു. അങ്ങനെ കടമ്മനിട്ട ജനകീയനായ കവിയായിമാറി. സാഹിത്യത്തെ കാലഗണനാക്രമത്തില്‍ നിരത്തിനിര്‍്ത്തിയപ്പോള്‍ ആധുനിക കവി എന്ന പട്ടം ചാര്‍ത്തിക്കൊടുത്തു കടമ്മനിട്ടയ്ക്ക്.

മലയാള കവിതാസ്വാദകരെ നടുക്കിയുണര്‍ത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോള്‍തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ് ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാര്‍ക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്‌കരിച്ച കേരളീയ ഗ്രാമീണതയ്ക്കുമുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. ഇടതുപക്ഷത്തോടൊപ്പം നടന്നപ്പോഴും ചില ആശയപരമായ എതിരഭിപ്രായങ്ങളും വിയോജിപ്പുകളും അദ്ദേഹം പുലര്‍ത്തി.

മാര്‍ച്ച് 31, കവി കടമ്മനിട്ട രാമകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷികം. മനനം ചെയ്യേണ്ടതല്ല കവിത, മറിച്ച് ഉറക്കെപ്പാടാനുള്ളതാണെന്ന് ആ വരികളുടെ താളവും വിന്യാസവും നമ്മോട് വിളിച്ചുപറയുകയാണ്, കടമ്മനിട്ട വീണ്ടുമുറക്കെ പാടുന്നു...

അന്നു നമ്മളടുത്തു നിന്നവരൊ-
ന്നു നമ്മളെ ഓര്‍ത്തു രാപ്പകല്‍
ഉഴവു ചാലുകള്‍ കീറി ഞങ്ങള്‍
കൊഴുമുനയ്ക്കല്‍ ഉറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകു പൊള്ളിച്ചു
ഞങ്ങടെ ബുദ്ധി മങ്ങിച്ചു...
നിങ്ങള്‍ ഭരണമായ്...

Content Highlights: 13 Death Anniversary of Kadammanitta Ramakrishnan