അന്തരിച്ച തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍പോളിന്റെ അസാധാരണ വ്യക്തിത്വത്തെക്കുറിച്ച് 
ഓര്‍മിക്കുകയാണ് ജോണ്‍പോളിന്റെ അധ്യാപകന്‍കൂടിയായിരുന്ന എം.കെ.സാനു മാസ്റ്റര്‍.

To advertise here,

എറണാകുളം നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി (സി.പി.എം. സ്വതന്ത്രന്‍) ഞാന്‍ മത്സരിക്കുന്ന അവസരത്തിലാണ്‌ജോണ്‍പോളിന്റെ മറ്റൊരു മുഖം എന്റെ ശ്രദ്ധയില്‍പെടുന്നത്. ദിവസേന നടന്നുകൊണ്ടിരുന്ന അനേകം സമ്മേളനങ്ങളിലൊന്നില്‍ ജോണ്‍ പോള്‍ വേദിയില്‍നിന്ന് പ്രസംഗിക്കുന്നതാണ് ഞാന്‍ കണ്ടത് (ആ കാഴ്ച എന്നില്‍ സന്തോഷത്തോടൊപ്പം അദ്ഭുതവും ഉളവാക്കി). ഭംഗിയായ ഭാഷയില്‍ ആകര്‍ഷകമായി തുടര്‍ന്ന ആ പ്രസംഗം അത്യധികം ശ്രദ്ധയോടെയാണ് സദസ്സ് കേട്ടിരിക്കുന്നതെന്നുകണ്ട് ഞാന്‍ സന്തോഷിക്കയും ചെയ്തു. തീര്‍ന്നില്ല, ഇത്തിരിയിത്തിരിയായി പണംപിരിച്ച് അദ്ദേഹം തിരഞ്ഞെടുപ്പുഭാരവാഹികളെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നതും ഞാന്‍ കണ്ടു. അദ്ദേഹം തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന് ആവേശവും ഉന്മേഷം പകര്‍ന്നു. ജോണ്‍പോളിന് നിശ്ചിതമായ രാഷ്ട്രീയമുണ്ടായിരുന്നില്ല. രാജ്യക്ഷേമത്തിനുതകുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്ന നല്ല മനുഷ്യരിലൊരാളായിരുന്നു അദ്ദേഹം.

സഹജവാസനകളാല്‍ പ്രേരിതനായി തിരക്കഥാരചനകളിലേര്‍പ്പെട്ട് തിരക്കില്‍ കഴിയുമ്പോഴും ഞാനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിപ്പോന്നു. ആ സ്‌നേഹത്തിന് അതിര്‍ത്തിയില്ലായിരുന്നു. പലതരം കാര്യങ്ങളുമായി ബന്ധപ്പെട്ട് കര്‍മനിരതനായി എപ്പോഴും കഴിഞ്ഞിരുന്ന എന്നെ തുണയ്‌ക്കേണ്ടതാവശ്യമാണെന്ന വിചാരം ആ സ്‌നേഹത്തില്‍നിന്നാണ് അങ്കുരിച്ചത്. അദ്ദേഹം ഇതിനകം എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. പ്രയോജനപ്പെടുന്ന ചിലരെക്കൂടി ചേര്‍ത്തുകൊണ്ട് അദ്ദേഹം എം.കെ. സാനു ഫൗണ്ടേഷന്‍ സ്ഥാപിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തനം തുടരുകയും ചെയ്തു. ജീവിച്ചിരിക്കുന്ന എന്നെ ആദരിക്കാന്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് ഗുരുപ്രസാദം എന്ന പേരിലാണ് (പ്രിയപ്പെട്ട കെ.എം. റോയ് ആ അവാര്‍ഡിനര്‍ഹനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞങ്ങളിരുവരും അനുഭവിച്ച കൃതാര്‍ത്ഥത വിവരിക്കാന്‍ വാക്കുകളില്ല). ഏഴുവയസ്സുകാരനായ ഒരു കുട്ടിയെ ഒരു മദ്യപാനി കുത്തിക്കൊലപ്പെടുത്തിയ സംഭവം പൊതുജനങ്ങളില്‍ രോഷമുളവാക്കുക സ്വാഭാവികം. പാല് വാങ്ങി മടങ്ങുന്നവഴിക്ക്, ലക്കില്ലാത്ത ആ മദ്യപാനി വഴിയില്‍വെച്ച് കുത്തിക്കൊല്ലുകയാണ് ചെയ്തത്. അതറിഞ്ഞപ്പോള്‍ എന്നെയും കൂട്ടി സംഭവസ്ഥലത്ത് ചെന്നെത്താന്‍ ജോണ്‍ പോള്‍ തിടുക്കംകാട്ടി. സങ്കടത്തില്‍ മുങ്ങിയ ആ വീട് ഞങ്ങള്‍ സന്ദര്‍ശിച്ചു. മദ്യപാനത്തിനെതിരേ ഒരു സംഘടനയ്ക്ക് രൂപംനല്‍കാനാണ് ജോണ്‍ പോള്‍ ഉടനെ മുതിര്‍ന്നത്. പൊതുപ്രവര്‍ത്തനത്തില്‍ പ്രതിജ്ഞാബദ്ധരായി കഴിയുന്നവരെ അതില്‍ ഭാരവാഹികളാക്കി. സമീപ പ്രദേശത്തുള്ള എല്ലാ വിദ്യാലയങ്ങളിലും ഞങ്ങളൊരുമിച്ചുപോയി. പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സില്‍ മദ്യമെന്ന വിഷത്തിനെതിരായ മനോഭാവമുളവാക്കുകയും ചെയ്തു. ആ ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന വിദ്യാര്‍ഥികള്‍ നിരവധിയാണ്.

placeholder
weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

അന്ധരും ബധിരരുമായ കുഞ്ഞുങ്ങള്‍, എച്ച്.ഐ.വി. ബാധിച്ച കുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ കാര്യങ്ങളിലും തനിക്കടുപ്പമുള്ള എല്ലാവരുടെയും സഹകരണത്തോടുകൂടി സേവനപദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് ജോണ്‍പോള്‍ അനുഷ്ഠിച്ച സേവനകര്‍മങ്ങളുടെ കഥകള്‍ വിവരിക്കാന്‍ ഇവിടെ തുനിയുന്നില്ല. ആ കര്‍മങ്ങളില്‍ എന്നെ മുഖ്യപങ്കാളിയാക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ആ നിര്‍ബന്ധത്തിലടങ്ങിയിരുന്നവലിയ സ്‌നേഹം- അത് സീമാതീതമാണ്. ജീവിതം സാര്‍ഥകമാക്കുന്നതിനുവേണ്ടിയുള്ള കര്‍മങ്ങളിലേര്‍പ്പെടാന്‍ വിശുദ്ധമായ ആ സ്‌നേഹം എപ്പോഴും ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. ഉള്‍ക്കാഴ്ചയോടുകൂടിയാണ് ജോണ്‍പോള്‍ എന്നിലെ നിശ്ശബ്ദമായ വെമ്പലുകളും അഭിനിവേശങ്ങളും തിരിച്ചറിഞ്ഞത്. ആ അവസ്ഥയില്‍നിന്ന് നല്ലൊരളവോളം എന്നെ മോചിപ്പിച്ചുനിര്‍ത്തിയതും അദ്ദേഹമാണ്. ഒടുവില്‍, എന്നെ യാത്രയാക്കുന്നവരുടെ മുന്‍പന്തിയിലുണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്ന ജോണ്‍പോളിന് അന്ത്യയാത്ര പറയുക എന്ന 'യോഗ'മാണ് എനിക്ക് വന്നുചേര്‍ന്നത്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും

പൂര്‍ണരൂപം വായിക്കാം