ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിലെ കാബിൻ 'ഹണിമൂൺ സ്വീറ്റ്' പോലെ അലങ്കരിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 11002 നമ്പർ നന്ദേദ്ഗ്രാം എക്‌സ്പ്രസിലെ എ.സി കോച്ചാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൂക്കളും ബലൂണുകളുമെല്ലാം ഉപയോഗിച്ചാണ് കാബിൻ മനോഹരമായി അലങ്കരിച്ചത്. ചുമരിൽ 'ഐ ലവ് യൂ' എന്നെഴുതിയതും കാണാമായിരുന്നു.

To advertise here,

മഹാരാഷ്ട്രയിലെ ജാൽനയിൽ നിന്നുള്ള നവദമ്പതിമാർക്ക് വേണ്ടിയാണ് കോച്ച് ഇത്തരത്തിൽ അലങ്കരിച്ചത്. റാഹത് റൂം ഡെക്കറേഷൻ എന്ന സ്ഥാപനമാണ് ഇവർക്കായി എ.സി കോച്ച് കാബിനെ 'മധുവിധു മുറി'യാക്കി മാറ്റിയത്. നവദമ്പതിമാർ ഔറംഗാബാദിൽ നിന്ന് കാർ മാർഗം ജാൽന റെയിൽവേ സ്റ്റേഷനിലേക്ക് വന്നാണ് ട്രെയിൻ കയറിയത്. ഈ സമയം കൊണ്ടാണ് തങ്ങൾ അവർ എത്തും മുമ്പ് കോച്ചിലെ കാബിൻ മനോഹരമായി അലങ്കരിച്ചതെന്ന് റാഹത് റൂം ഡെക്കറേഷനിലെ ജീവനക്കാർ പറഞ്ഞു.

എന്നാൽ വീഡിയോ വൈറലായതോടെ കളി കാര്യമായി. സംഭവത്തിൽ കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റെയിൽവേ. അനുമതിയില്ലാതെയാണ് അലങ്കാരപ്പണികൾ ചെയ്തവർ കോച്ചിനകത്ത് പ്രവേശിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇത് വ്യക്തമായ നിയമലംഘനമാണ്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി.