കോഴിക്കോട്: ന്യൂഡൽഹിയിൽ നടന്ന നാഷണൽ യൂത്ത് പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച് കോഴിക്കോട് സ്വദേശി ശിവാനി സോജൽ. പാർലമെന്റിൽ സ്ത്രീശാക്തീകരണത്തിനായി മൂന്ന് നിർണ്ണായകമായ നിർദ്ദേശങ്ങളും ശിവാനി മുന്നോട്ടുവെച്ചു. കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജിൽ എം.എസ്‌സി ഫിസിക്സ് അവസാന വർഷ വിദ്യാർത്ഥിനിയാണ് ശിവാനി.

To advertise here,

ശിവാനിയുടെ നിർദേശങ്ങൾ

നാരി സുരക്ഷാ ദൗത്യം: നമ്മുടെ നഗരങ്ങളിലെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി തത്സമയ നിരീക്ഷണവും അടിയന്തര പ്രതികരണ സംവിധാനങ്ങളും നൽകുക.

18 വർഷത്തെ പരമാധികാര ഗ്യാരണ്ടി: വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ പെൺകുട്ടികൾ ജനിക്കുമ്പോൾ സർക്കാർ നിശ്ചിത സാമ്പത്തിക ആസ്തി നിക്ഷേപിക്കണം. അത് 18 വയസ്സിൽ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനോ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനോ പലിശ സഹിതം ലഭ്യമാക്കുക.

ദേശീയ റിട്ടേൺഷിപ്പ് ഗ്യാരണ്ടി: പ്രസവാവധിയിലോ പരിചരണത്തിന്റെ ഇടവേളകളിലോ ശേഷം തൊഴിൽ രംഗത്തേക്ക് തിരിച്ചെത്തുന്ന സ്ത്രീകൾക്ക് പെയ്ഡ് ആയ, 6 മാസത്തെ നൈപുണ്യ വികസന സംവിധാനം നൽകുന്ന കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി ഇളവുകൾ നൽകുക.
 

ശിവാനിയുടെ യാത്ര

പതിനെട്ടാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട ശിവാനി, സമൂഹത്തിൽ നിന്നുള്ള വലിയ വെല്ലുവിളികളെയും സംശയങ്ങളെയും നേരിട്ടാണ് തന്റെ യാത്ര തുടങ്ങിയത്. കുടുംബത്തിന്റെ ഏക അത്താണിയായി മാറിയ ശിവാനി തന്റെ പതിനെട്ടാം വയസ്സിൽ തന്നെ ജോലി ചെയ്യാൻ ആരംഭിച്ചു. പ്രൊഫഷണൽ ടിവി ആങ്കറിംഗ്, മോഡലിംഗ്, പബ്ലിക് സ്പീക്കിംഗ്, മോളിവുഡ് ചിത്രങ്ങളിൽ ഡബ്ബിംഗ്, പാർട്ട് ടൈം അധ്യാപനം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ ഒരേസമയം തിളങ്ങാൻ ശിവാനിക്ക് കഴിഞ്ഞു. തന്റെ അമ്മയെയും മുത്തശ്ശിയെയും സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഒരു ആഡംബരമല്ല, മറിച്ച് അത്യന്താപേക്ഷിതമായ ഒന്നാണെന്ന സന്ദേശമാണ് ശിവാനി നൽകുന്നത്.
 

ഒരു മികച്ച കലാകാരി എന്ന നിലയിലും ശിവാനി തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2026-ലെ കാലിക്കറ്റ് സർവകലാശാലാ ബി-സോൺ, ഇന്റർസോൺ കലോത്സവങ്ങളിൽ കഥാപ്രസംഗം (ഒന്നാം സ്ഥാനം), മോണോ ആക്ട് (രണ്ടാം സ്ഥാനം), മലയാളം നാടകം (മൂന്നാം സ്ഥാനം), മിമിക്രി (മൂന്നാം സ്ഥാനം) എന്നിങ്ങനെ വിവിധ ഇനങ്ങളിൽ ശിവാനി വിജയിയായി. ശാസ്ത്രപഠനവും കലയും സാമൂഹിക പ്രവർത്തനവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമെന്ന് ഈ നേട്ടങ്ങളിലൂടെ ശിവാനി തെളിയിക്കുന്നു.
 

കലാ-മാധ്യമ മേഖലകളിലെ തിരക്കുകൾക്കിടയിലും പഠനത്തിൽ ഉന്നത നിലവാരം പുലർത്താൻ ശിവാനി പ്രത്യേകം ശ്രദ്ധിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 99.5% മാർക്ക് നേടിയ ശിവാനി, ബി.എസ്‌സി ഫിസിക്സ് ഡിസ്റ്റിംഗ്ഷനോടെയാണ് പാസ്സായത്. 2025-ലെ മികച്ച കോളേജ് വിദ്യാർത്ഥിക്കുള്ള 'കലാലയ രത്ന' അവാർഡും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജിലെ 'ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റ്' അവാർഡും ശിവാനി കരസ്ഥമാക്കി.