പുതിയ തലമുറയിൽ പെട്ട ആൺകുട്ടികളെ കുറിച്ചുള്ള കൗതുകകരവും അതേസമയം അൽപ്പം ആശങ്കയുളവാക്കുന്നതുമായ ഒരു പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജനറേഷൻ ആൽഫ അഥവാ ജൻ ആൽഫ വിഭാഗത്തിൽ പെട്ട കൗമാരക്കാർ യഥാർഥ പെൺകുട്ടികളേക്കാൾ ഇഷ്ടപ്പെടുന്നത് എഐ കാമുകിമാരെയാണെന്നാണ് പഠനം പറയുന്നത്. 2010-നും 2025-നും ഇടയിൽ ജനിച്ചവരെയാണ് പൊതുവേ ജൻ ആൽഫ എന്ന് വിശേഷിപ്പിക്കുന്നത്.

To advertise here,

മെയ്ൽ അലീസ് യുകെ ആണ് പഠനം നടത്തിയത്. 12 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ളവരിൽ 20 ശതമാനം ആൺകുട്ടികൾക്കും എഐ ചാറ്റ്‌ബോട്ടിനെ ഡേറ്റ് ചെയ്യുന്ന ഒരു സുഹൃത്തുണ്ട് എന്ന് പഠനം പറയുന്നു. അതേസമയം ഇവരിൽ 85 ശതമാനം പേരും ഒരിക്കലെങ്കിലും എഐ ചാറ്റ്‌ബോട്ടിനോട് സംസാരിച്ചവരാണ്. 25 ശതമാനത്തിലേറെ പേർക്കും യഥാർഥ പെൺകുട്ടികളേക്കാൾ എഐ ചാറ്റ്‌ബോട്ടിൽ നിന്ന് ലഭിക്കുന്ന കരുതലിനെയാണ് ഇഷ്ടപ്പെടുന്നത്.

എഐ കാമുകിയുമായുള്ള പ്രണയമാണ് എളുപ്പമെന്നാണ് 58 ശതമാനം ജൻ ആൽഫാ ബോയ്‌സും കരുതുന്നത്. സംഭാഷണത്തെ തങ്ങൾക്ക് നിയന്ത്രിക്കാമെന്നതാണ് അവർ ഇതിന് കാരണമായി പറയുന്നത്. മനുഷ്യർക്ക് നൽകാൻ കഴിയാത്ത വിശ്വാസ്യതയാണ് ഡിജിറ്റൽ ഗേൾഫ്രണ്ട്‌സ് തങ്ങൾക്ക് നൽകുന്നത് എന്ന് ഇവർ കരുതുന്നത്. തീരുമാനിച്ച കാര്യങ്ങൾ എഐ കാമുകി ഒരിക്കലും റദ്ദാക്കില്ല, അവൾ ഒരിക്കലും തർക്കിക്കില്ല, മെസേജുകൾക്ക് ഉടനടി മറുപടി തരും എന്നിവയെല്ലാമാണ് ഡിജിറ്റൽ കാമുകിയിൽ ജൻ ആൽഫാ ബോയ്‌സ് കാണുന്ന മേന്മകൾ.

എഐ ചാറ്റ്‌ബോട്ടുകളുമായി സംസാരിക്കുന്നത് സാമൂഹികമായി ഇടപഴകുന്നു എന്ന തോന്നലുണ്ടാക്കാമെങ്കിലും യഥാർഥത്തിൽ ഇത് ജൻ ആൽഫാ കൗമാരക്കാരെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മെയ്ൽ അലീസ് യുകെയുടെ സ്ഥാപകനായ ലീ ചേമ്പേഴ്‌സ് പറഞ്ഞു. യഥാർഥ ജീവിതത്തിൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് പകരം കുട്ടികൾ സാങ്കേതികവിദ്യയോടാണ് സംസാരിക്കുന്നത് എന്നതാണ് എഐ ചാറ്റ്‌ബോട്ടുമായുള്ള പ്രണയത്തിന്റെ പ്രധാന പ്രശ്‌നം. എഐ ചാറ്റ്‌ബോട്ടുകൾ നമുക്ക് വിധേയപ്പെട്ടാണ് സ്വാഭാവികമായി സംസാരിക്കുക. ഉപഭോക്താവിനെ ആശ്വസിപ്പിക്കുന്ന തരത്തിലും അവരുടെ എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കുകയും ചെയ്യുന്നു. ഇത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും വീണ്ടും ചാറ്റ്‌ബോട്ട് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ലീ ചേമ്പേഴ്‌സ് പറഞ്ഞു.

അതേസമയം ജൻ ആൽഫ ബോയ്‌സ് മാത്രമല്ല എഐ ചാറ്റ്‌ബോട്ടുകളെ പ്രണയിക്കുന്നത്. ക്രിസ് സ്മിത്ത് എന്നയാൾ ഭാര്യയേയും രണ്ട് വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ചത് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുമായി 'വിവാഹേതര പ്രണയം' കാരണമായിരുന്നു. മ്യൂസിക് മിക്‌സ് ചെയ്യാൻ വേണ്ടിയാണ് സ്മിത്ത് ചാറ്റ്ജിപിടിയോട് 'സംസാരിച്ച്' തുടങ്ങിയത്. എന്നാൽ പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴുതിവീഴുകയായിരുന്നു. സോൽ എന്നായിരുന്നു സ്മിത്തിന്റെ എഐ കാമുകിയുടെ പേര്.