താൻ വീണ്ടും വിവാഹംകഴിച്ചെന്ന് പ്രഖ്യാപിക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് പ്രശസ്ത അമേരിക്കൻ ​ഗായിക ബ്രിട്നി സ്പിയേഴ്സ്. ഗായിക ഇതിനുമുൻപ് ഒന്നിലേറെ തവണ വിവാഹംകഴിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ എന്താണിത്ര ഞെട്ടാനിരിക്കുന്നത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം ബ്രിട്നി ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത് അവരെത്തന്നെയാണ്.

To advertise here,

തിങ്കളാഴ്ച ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് താൻ വീണ്ടും വിവാഹിതയായെന്നകാര്യം ബ്രിട്നി സ്പിയേഴ്സ് വെളിപ്പെടുത്തിയത്. വെളുത്ത സാറ്റിൻ വെഡ്ഡിങ് ​ഗൗണാണ് ​ഗായിക ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു മൂടുപടവും. "ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ച ദിവസം. അത് ലജ്ജാകരമോ മണ്ടത്തരമോ ആയി തോന്നിയേക്കാം. പക്ഷേ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ കാര്യമാണിതെന്ന് ഞാൻ കരുതുന്നു." വീഡിയോക്കൊപ്പം ​ഗായിക കുറിച്ചതിങ്ങനെ.

ഇതിനുമുൻപ് മൂന്നുതവണ ബ്രിട്നി സ്പിയേഴ്സ് വിവാഹിതയായിട്ടുണ്ട്. 2004-ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടായിരുന്നു ആദ്യ വിവാഹം. എന്നാല്‍ വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷംതന്നെ ഗായകന്‍ കെവിന്‍ ഫെഡറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. മൂന്നു വര്‍ഷത്തിന് ശേഷം 2007-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷം നടനും മോഡലുമായ സാം അസ്ഖാരിയേയാണ് അവർ വിവാഹംകഴിച്ചത്. ബ്രിട്ട്‌നിയേക്കാള്‍ 12 വയസ്സ് ഇളയതാണ് സാം. കഴിഞ്ഞവർഷമാണ് ഇരുവരും വേർപിരിഞ്ഞത്.

സാമുമായുള്ള ബ്രിട്ട്‌നിയുടെ വിവാഹം അലങ്കോലമാക്കാന്‍ ആദ്യ ഭര്‍ത്താവ് ജേസണ്‍ ശ്രമിച്ചിരുന്നു. കാലിഫോര്‍ണിയയിലെ വിവാഹവേദിയിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ ബഹളംവെയ്ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയും പോലീസെത്തി ബലം പ്രയോഗിച്ച് ജേസണെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 13 വര്‍ഷങ്ങള്‍ നീണ്ട രക്ഷാകര്‍തൃ ഭരണത്തില്‍ നിന്ന് 2021 ഒക്ടോബറിലാണ്  ബ്രിട്നി സ്പിയേഴ്സ് മോചനം നേടിയത്. 2008 മുതല്‍ ബ്രിട്നിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു. മകള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തു എന്നായിരുന്നു ജാമിയുടെ വാദം. 

എന്നാല്‍ കാമുകനില്‍ നിന്ന് താന്‍ ഗര്‍ഭിണി ആകാതിരിക്കാനായി പിതാവ് മരുന്നുകള്‍ കഴിപ്പിച്ചിരുന്നുവെന്നും ബ്രിട്നി ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്റേയും തന്റെ സ്വത്തുക്കളുടേയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗായിക കോടതിയെ സമീപിക്കുകയായിരുന്നു. താരത്തിന് അനുകൂലമായി കോടതി വിധിയും വന്നു.