നിങ്ങളുടെ അടുക്കളയുടെ മൂലയിലുമുണ്ടോ പ്ലാസ്റ്റിക് നിക്ഷേപിക്കാന്‍ വെച്ച പാത്രം? അതെപ്പോഴും നിറഞ്ഞു കവിഞ്ഞാണോ കാണപ്പെടാറ്? വീട്ടില്‍ ഇതിനുമാത്രം എവിടെനിന്നാണ് ഇത്രയധികം പ്ലാസിറ്റിക് കവറുകളും പാത്രങ്ങളും കുമിഞ്ഞുകൂടുന്നതെന്ന് ആലോചിക്കാത്തവര്‍ അപൂര്‍വമാകും. എങ്ങനെയാണ് അതില്‍നിന്നൊന്ന് മോചനം നേടുക? അടുക്കള പരിസ്ഥിതി സൗഹാര്‍ദമാക്കാന്‍ എന്തെല്ലാം ചെയ്യാം? 

To advertise here,

എപ്പോഴും ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അടുക്കളയില്‍ പ്ലാസ്റ്റിക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. സാധനങ്ങള്‍ സൂക്ഷിക്കാനായി പ്ലാസ്റ്റിക് ടിന്നുകളും മറ്റും ഉപയോഗിക്കുന്നതിന് പകരം മരംകൊണ്ടുള്ളതോ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍കൊണ്ടുള്ളതോ ആയ കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം. ഇത്തരം മാറ്റങ്ങള്‍ പടിപടിയായി ചെയ്യുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണം ചെയ്യുന്നു. 

മൈക്രോ പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാം അറിയാം. എങ്കിലും നമ്മുടെ അടുക്കളകളില്‍ എത്രയോ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ടിന്നുകളിലാണ്. അല്ലേ? അടുക്കളയില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഒഴിവാക്കുക 
മസാലകളും പലചരക്ക് സാധനങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നതെങ്കില്‍ അവയെല്ലാം എടുത്ത് മാറ്റാന്‍ സമയമായി. ഇപ്പോള്‍ പ്ലാസ്റ്റിക് പാത്രങ്ങളിലിരിക്കുന്ന സാധനങ്ങളെല്ലാം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ് പാത്രങ്ങളിലേക്ക് മാറ്റാം. ആരോഗ്യത്തിന് ഗുണകരമാണെന്ന് മാത്രമല്ല ഇത് അടുക്കളയുടെ ആകെയുള്ള രൂപത്തിലും മാറ്റം വരുത്തുന്നു. 

സിലിക്കണ്‍കൊണ്ടുള്ള മൂടികളും പൊതികളും 
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് റാപ്പുകള്‍ക്കോ മൂടികള്‍ക്കോ പകരമായി സിലിക്കണ്‍ കൊണ്ടുള്ളവ ഉപയോഗിക്കാം. ഇവയ്ക്ക് വില കുറവും കുറേക്കാലത്തേക്ക് ഉപയോഗിക്കാവുന്നവയാണ്. 

ഗ്രോസറി ബാഗ്
കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു സഞ്ചി കൈയില്‍ കരുതുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരുപാട് പ്ലാസ്റ്റിക് കവറുകള്‍ വീട്ടിലേക്കെത്തുന്നത് തടയാന്‍ ഈയൊരു ശീലംകൊണ്ട് സാധിക്കും. 

പ്ലാസ്റ്റിക് ഡിഷ് സ്‌ക്രബ്ബറുകള്‍
കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും പ്ലാസ്റ്റിക് ഡിഷ് സ്‌ക്രബ്ബറുകള്‍ ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെതന്നെ സംരക്ഷിക്കലാണ്. പ്ലാസ്റ്റിക് ഡിഷ് സ്‌ക്രബ്ബറുകള്‍ക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന ബാംബൂ സ്‌ക്രബ്ബറുകള്‍, തുണികൊണ്ടുള്ള സ്‌ക്രബ്ബറുകള്‍ പോലുള്ളവ തിരഞ്ഞെടുക്കാം. 

വീട്ടിലുണ്ടാക്കാവുന്ന എയര്‍ ഫ്രഷ്‌നറുകള്‍ ഉപയോഗിക്കാം
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വാങ്ങുന്ന വിലകൂടിയ എയര്‍ ഫ്രഷ്‌നറുകള്‍ക്ക് പകരമായി വീട്ടിലുണ്ടാക്കുന്നവ ഉപയോഗിക്കാം. വിനാഗിരി, വെള്ളം, നാരങ്ങാത്തൊലി എന്നിവകൊണ്ടുണ്ടാക്കിയ എയര്‍ ഫ്രഷ്‌നര്‍ സ്‌പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാവുന്നതാണ്. 

ഭക്ഷണപ്പൊതികള്‍ 
പ്ലാസ്റ്റിക് പാത്രങ്ങളില്‍ കൊണ്ടുപോകുന്നതിന് പകരം വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുപോകാവുന്നതാണ്. 

ഇത്ര കാര്യങ്ങള്‍ ചെയ്തതുകൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ ഇത്തരം ചെറിയ ചെറിയ മാറ്റങ്ങളാണ് വലിയവയിലേക്ക് നമ്മെ നയിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ശീലിക്കുന്നത് പ്രകൃതിദത്തമായ അടുക്കളയും ആരോഗ്യകരമായ ജീവിതശൈലിയുമാണ് ഉറപ്പു നല്‍കുന്നത്.