രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. ലോകത്തെതന്നെ ഏറ്റവും വിലപിടിപ്പുള്ള കുടുംബവീട് എന്ന് വിശേഷണമുള്ള ആന്റില എന്ന വസതിയിലാണ് അദ്ദേഹം താമസിക്കുന്നത്. നാലുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വസതിയില്‍ 27 നിലകളാണുള്ളത്. ഇതില്‍ 27-ാം നിലയിലാണ് കുടുംബം താമസിക്കുന്നത്. 15,000 കോടി രൂപയാണ് വീടിന്റെ പ്രതീക്ഷിത മൂല്യം.

To advertise here,

മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ അനന്ദ്, ആകാശ്, മരുമകള്‍ ശ്ലോക, കൊച്ചുമക്കളായ വേദ, പ്രിഥ്വി എന്നിവരടക്കം എല്ലാവും 27-ാം നിലയിലാണ് താമസിക്കുന്നത്. അവസാന നിലയുടെ വിവിധ പ്രത്യേകതകള്‍ കണക്കിലെടുത്താണ് നിതാ അംബാനി ഇവിടെ താമസിക്കാന്‍ തിരഞ്ഞെടുത്തത്.

ആവശ്യത്തിന് സ്വാഭാവിക സൂര്യപ്രകാശമാണ് ഈ നിലയുടെ പ്രധാനസവിശേഷത. വലിയ വെന്റിലേഷന്‍ സംവിധാനവും കൂടെച്ചേരുമ്പോള്‍ സൗകര്യപ്രദമായ ലിവിങ് ഏരിയ ഇവിടെ ലഭിക്കുന്നു. ഈ നിലയിലേക്ക് വളരെ പരിമിതമായ പ്രവേശനമേ മറ്റുള്ളവര്‍ക്ക് ഉള്ളൂ. എളുപ്പത്തില്‍ ആളുകളുടെ കണ്ണില്‍പ്പെടുന്നില്ലെന്നതാണ് 27-ാം നില കുടുംബത്തിന്റെ പ്രിയപ്പെട്ട ചോയ്‌സ് ആക്കുന്നത്.

എട്ട് റിക്ടര്‍ സ്‌കെയില്‍വരെ ഭൂമികുലുക്കത്തെ പ്രതിരോധിക്കാന്‍ കെട്ടിടത്തിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. 49 കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ഒരു വലിയ ബോള്‍ റൂം, ഹെല്‍ത്ത് സ്പാ, നിരവധി സ്വിമ്മിങ് പൂളുകള്‍, സ്‌നോ റൂം, മൂന്ന് ഹെലിപാഡ്, ഒമ്പത് ഹൈ സ്പീഡ് ലിഫ്റ്റുകള്‍, ബഹുനില പാര്‍ക്കിങ് എന്നിവയും ഈ വസതിയിലുണ്ട്. 600 ജോലിക്കാരാണ് ഇവിടെയുള്ളത്.

പോര്‍ച്ചുഗീസുകാര്‍ കണ്ടെത്തിയെന്നും പിന്നീട് കാണാതായെന്നും പറയപ്പെടുന്ന മാന്ത്രിക ദ്വീപില്‍ നിന്നാണ് ആന്റില എന്ന വാക്ക് കടമെടുത്തത്. സൂര്യനില്‍നിന്നും താമരയില്‍നിന്നുമാണ് വീടിനുള്ള തീമിന് പ്രചോദനം ഉള്‍ക്കൊണ്ടത്.