
മലയാളികളെ സംബന്ധിച്ച് വലിയൊരു സ്വപ്നവും അനിവാര്യതയുമാണ് സ്വന്തമായി ഒരു വീട്. അതിനായി സമ്പാദ്യത്തിൻ്റെ നല്ലൊരു പങ്കും ഊർജവും അവർ ചെലവിടുന്നു. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങിപ്പുറപ്പെടും മുമ്പ് ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അവയിൽ ചിലത് നമുക്കൊന്ന് നോക്കാം.
എന്തിനാണ് പുതിയ ഒരു വീട്?
എന്തിനാണ് പുതിയൊരു വീട് നിർക്കുന്നത് എന്നത് വീട് നിർമാണത്തിനിറങ്ങുന്നതിന് മുമ്പ് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. നിലവിൽ ഉള്ള വീടിന് അറ്റകുറ്റ പണികൾ നടത്തുകയോ ചെറിയ ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയാൽ മതിയോ അതോ വില്‍പനയ്ക്കെത്തുന്ന വീട് വാങ്ങിയാൽ മതിയോ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കുകയും വിശദമായ ചർച്ച നടത്തുകയും വേണം.
പുതിയ ഒരു വീട് തന്നെയാവാമെന്ന ഉത്തരത്തിൽ എത്തിയാൽ തുടർനടപടികളിലേക്ക് കടക്കാം. അവനവൻ്റെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സാമ്പത്തിക അവസ്ഥ, ഭൂമിയുടെയും ചുറ്റുപാടുകളുടേയും സാധ്യതകളും പരിമിതികളും എല്ലാം പരിഗണിയ്ക്കേണ്ടതുണ്ട്.
വിവിധ വീടുകൾ നേരിട്ടും ബുക്കുകൾ, ഓൺലൈൻ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ കാണുകയും ആശയരൂപീകരണം നടത്തുകയും വേണം. തുടർന്ന് വീട് നിർമിക്കാൻ ആവശ്യമായ സ്ഥലം, പണം, ഏതുതരം ഡിസൈൻ, ലോൺ ആവശ്യമെങ്കിൽ അക്കാര്യങ്ങൾ, ഡിസൈൻ തയ്യാറാക്കലും ബിൽഡിങ് പെർമിറ്റും, നിർമ്മാണത്തിനായി കരാർ / ജോലിക്കാരെ നിയോഗിക്കൽ, നിർമാണവസ്തുക്കൾ, ഭാവിയിൽ വരാവുന്ന മെയ്ൻ്റനൻസ് തുടങ്ങി വിവിധ കാര്യങ്ങളെപ്പറ്റി കൃത്യമായ ആലോചനകളും പ്രവർത്തനങ്ങളും നടത്തണം.
മികവുറ്റ ഒരു വീടൊരുക്കാന്‍
ഡിസൈനിങ് മുതൽ അവസാന മിനുക്കുപണി വരെ വളരെ ശ്രദ്ധയും വിവിധതരം പ്രവൃത്തികളുടെ കൃത്യമായ ഏകോപനവും അനിവാര്യമാണ്. യാതൊരു മുന്നൊരുക്കവും കൂടാതെ എടുത്തുചാടി വീടുനിർമാണം നടത്തിയാൽ സ്വാഭാവികമായും വലിയ നഷ്ടവും അസൗകര്യങ്ങളും ഉണ്ടാകും.
ഡിസൈൻ ചെയ്യുവാൻ ഒരു ആർക്കിടെക്ടിനേയോ ഡിസൈനറെയോ സമീപിക്കുക. ഒരു വീടിൻ്റെ ഡിസൈൻ മുഴുവനായി ചെയ്തുതരികയും അതിൻ്റെ നിർമാണത്തിന് വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവരെ വേണം സമീപിക്കുവാൻ. യോഗ്യതയും അനുഭവപരിചയവും ഇല്ലാത്തവരെക്കൊണ്ട് ഒരിക്കലും ഡിസൈൻ ചെയ്യിക്കരുത്. അതുപോലെ പ്രധാനമാണ് മേസ്തിരിമാരുടെ ഇഷ്ടത്തിന് വീട് നിർമിക്കുവാൻ അനുവദിക്കാതിരിക്കലും.
ഡിസൈൻ ഫൈനലാക്കും മുമ്പ്
വാസ്തു വിദഗ്ധൻ, എൻജിനിയർ, പ്രൊജക്ട് മാനേജ്മെൻ്റ് ടീം / കരാറുകാരൻ തുടങ്ങിയവരുമായുള്ള അന്തിമവട്ട ചർച്ചകൾ നടത്തണം. ബിൽഡിങ് പെർമിറ്റ് എടുത്ത ശേഷം മാത്രം നിർമാണത്തിന് തുടക്കം കുറിയ്ക്കുക.
നിർമാണ വസ്തുക്കളുടെ കാര്യത്തിൽ മുൻകൂട്ടി തീരുമാനം എടുത്തിരിക്കണം. ഗുണനിലവാരവും വിലയിൽ ഉള്ള വ്യത്യാസങ്ങളും ശ്രദ്ധിച്ചുവേണം ഉത്പന്നങ്ങൾ വാങ്ങാൻ. വിദഗ്ധനായ ഒരാളുടെ സൂപ്പർവൈസിങ്ങിൽ നിർമാണം ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക. കൺസൾട്ടേഷൻ ഫീസ് നൽകുന്നത് ലാഭിക്കാൻ ശ്രമിക്കുന്നത് പലവിധ നഷ്ടങ്ങൾക്കും അപാകതകൾക്കും വഴി വെച്ചേക്കാം.
വീടുകൾ നിർമിക്കുന്നത് മാത്രമല്ല അത് പരിപാലിക്കുന്നതും ഉപയോഗിക്കുന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടേ, നമുക്കാവശ്യമുള്ള രീതിയിൽ നമുക്ക് താങ്ങാനാകുന്ന സാമ്പത്തിക ബാധ്യതയിൽ നിന്നുകൊണ്ട് വിവേകത്തോടെ മാത്രം വീട് ഒരുക്കുക.
സതീഷ് കരീപ്പാടത്ത്
The പാർപ്പിടം
എൻജിനിയറിങ് കൺസൾട്ടൻ്റ്സ്
തൃശ്ശൂർ.
Mob:7592977525
Content Highlights: How to construct a new home wisely writes Satheesh Kareepadath
Published: 12 Aug 2024, 06:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented