മുംബൈയിലെ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ അപാര്‍ട്‌മെന്റിലാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ താമസിക്കുന്നത്‌. ഫറയുടെ വീട്ടില്‍ എത്തുന്ന താരസുഹൃത്തുക്കളുടെ സംസാരവിഷയത്തില്‍ വീടും കടന്നുവരാറുണ്ട്‌. അടുത്തിടെ തന്റെ വീട് സന്ദര്‍ശിക്കാനെത്തിയ രാഖി സാവന്തിന്റെ വീഡിയോ ഫറ പങ്കുവെച്ചിരുന്നു. അപാര്‍ട്‌മെന്റിന്റെ സൗകര്യങ്ങളുടെ കൂടെ അതിന്റെ മൂല്യത്തെക്കുറിച്ചും ഫറ വീഡിയോയില്‍ പറയുന്നുണ്ട്.

To advertise here,

ഫറയുടെ അപാര്‍ട്‌മെന്റിലേക്ക് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ രാഖി സെക്യൂരിറ്റിയോട് വീടിന്റെ വിലയെക്കുറിച്ച് തമാശയായി ചോദിക്കുന്നുണ്ട്. രാഖിയുടെ ചോദ്യത്തിന് മറുപടിയായി അയാള്‍ പതിനഞ്ച് കോടി രൂപയാകും എന്ന് പറയുന്നു.

ഫറയുടെ അപാര്‍ട്‌മെന്റില്‍ എത്തിയ രാഖി എന്റെ വീട് നിന്നേക്കാള്‍ വലുതാണ്. അതിന് അന്‍പത് കോടി രൂപയാണ് എന്ന് പറഞ്ഞ് തമാശയാക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മാര്‍ക്കറ്റില്‍ തന്റെ വില കുറയ്ക്കരുത്, ഇവിടെയുള്ള സെക്യൂരിറ്റിയുടെ വീടിന് പതിനഞ്ച് കോടി രൂപയുണ്ട് എന്ന് ഫറ തന്റെ സ്ഥിരം തമാശ ശൈലിയില്‍ രാഖിയോട് പറയുന്നു. അപാര്‍ട്‌മെന്റിന് എത്ര വിലയുണ്ട് എന്ന രാഖിയുടെ ചോദ്യത്തിന് ഫറ മറുപടി പറയുന്നില്ലെങ്കിലും തനിക്ക് ഒരു നീന്തല്‍ക്കുളവും രണ്ട് നിലകളും കൂടി സ്വന്തമായുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്.

ഫറയുടെ ഉത്തരം കേട്ട രാഖി ഇതാണ് തനിക്ക് ബോളിവുഡില്‍ നിന്നും പണം ലഭിക്കാത്തത്, എല്ലാം ഫറയ്ക്കാണ് ലഭിക്കുന്നതെന്നാണ് പറയുന്നതെന്നും പറയുന്നു. എന്നാല്‍ താന്‍ എല്ലാവര്‍ക്കും സൗജന്യമായിട്ടാണ് ജോലി ചെയ്യുന്നതെന്ന് ഫറ വീഡിയോയില്‍ പറയുന്നു. അപാര്‍ട്‌മെന്റില്‍ കുറച്ച് സമയം ചെലവഴിച്ച് ഭക്ഷണവും കഴിച്ചതിന് ശേഷമാണ് രാഖി തിരിച്ചുപോയത്. പോകുന്നതിന് മുമ്പായി അടുത്ത സിനിമയില്‍ ഒരു അവസരം നല്‍കണം എന്നും രാഖി ഫറയോട് പറയുന്നുണ്ട്.