ഗായകന്‍ വിജയ് മാധവിനും നടി ദേവിക നമ്പ്യാര്‍ക്കും അടുത്തിടെയാണ് രണ്ടാമത് കുഞ്ഞ് പിറന്നത്. മകളുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. കുഞ്ഞിന് 'ഓം പരമാത്മാ' എന്നാണ് പേരിട്ടത്. എന്നാല്‍ വ്യത്യസ്തമായ പേരിനോട് ആളുകള്‍ പ്രതികരിച്ചത് വളരെ മോശമായ രീതിയിലായിരുന്നു. പേരിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പേരിനെച്ചൊല്ലി റിയാക്ഷന്‍ വീഡിയോകളും റോസ്റ്റും ട്രോള്‍ വീഡിയോകളുമൊക്കെ ഇറങ്ങിയിരുന്നു.വിജയിയ്ക്ക് നേരെയാണ് കൂടുതലും വിമര്‍ശനങ്ങള്‍ ഉണ്ടായത്. ഈ കമന്റുകളോടുള്ള പ്രതികരണവുമായിട്ടാണ് ദമ്പതിമാർ തങ്ങളുടെ പുതിയ വീഡിയോ പങ്കുവെച്ചത്.

To advertise here,

താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മകള്‍ക്ക് പേരിട്ടതെന്ന് വിജയ് വ്യക്തമാക്കി. പേരിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞാണ് അതിന്റെ നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതി ഇങ്ങനെയൊരു പേരിട്ടത്. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല. ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറയുന്നു.

തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള പേരാണ് മകള്‍ക്കിട്ടത്. ആ പേരിന്റെ കരുത്ത് പലര്‍ക്കും അറിയില്ല. ആ പേരിനെ കളിയാക്കുന്നത് തന്നെ അപകടകരമാണ്. കുഞ്ഞിനെക്കുറിച്ച് മറ്റാരേക്കാളും കരുതലും ചിന്തയുമുള്ളയാളാണ് താന്‍. കുഞ്ഞ് ഭാവിയില്‍ കളിയാക്കപ്പെടുമെന്ന് കരുതുന്നില്ല. ഭാര്യയേയും കുഞ്ഞിനേയും കുറിച്ച് മോശം കമന്റുകളിടുന്നവര്‍ പരമാവധി അത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.

വിജയിയുടെ അന്ധവിശ്വാസമാണ് മകള്‍ക്ക് ഇങ്ങനൊരു പേരിടാന്‍ കാരണമെന്ന് വിമര്‍ശനത്തോട് ദേവിക വീഡിയോയില്‍ പ്രതികരിച്ചു. 'അന്ധവിശ്വാസം തലക്ക് പിടിച്ച ആളാണ് വിജയ് എന്നൊക്കെ പറയുന്നത് കേള്‍ക്കാം. നമുക്കൊക്കെ ഉണ്ടാകുന്ന ഒരു കാര്യമാണ് ഇന്റ്യൂഷന്‍. അത് ഉള്‍വിളിയാണ്. അങ്ങനെ അന്ധവിശ്വാസം ഉള്ള ആളല്ല മൂപ്പര്‍. ഈ വിവാഹം ജാതകവശാല്‍ ചേരില്ലെന്ന് പറഞ്ഞിട്ടും ഈ വിവാഹം നടന്നതാണ്. ഈ വിവാഹം നടന്നാല്‍ മൂപ്പര് തട്ടി പോകും എന്നുപോലും പറഞ്ഞവരുണ്ട്. എന്നിട്ടും നമ്മള്‍ സന്തോഷത്തോടെ ജീവിക്കുന്നു. നാളെ എന്തും ആയിക്കോട്ടെ ഞങ്ങള്‍ ഇന്ന് ഹാപ്പിയാണ് എന്നും ദേവിക പറഞ്ഞു.ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് മോശം പറയുമ്പോള്‍ തനിക്ക് അത് സഹിക്കാനാകില്ലെന്ന് പറഞ്ഞു വീഡിയോയില്‍ ദേവിക പൊട്ടിക്കരയുകയും ചെയ്തു.

'നിങ്ങള്‍ കാണുന്ന പോലെ ഞാന്‍ അത്ര പൊട്ടിയായ ആളൊന്നും അല്ല. ഇന്‍ഡിപെന്‍ഡന്റ് ആയ ആള് തന്നെയാണ്. കേപ്പബിലിറ്റി എന്നെക്കാള്‍ ഇദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ് തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുന്നതും. അദ്ദേഹം എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന അഭിപ്രായങ്ങള്‍ പറയുന്ന ഒരു ഭര്‍ത്താവാണ്. ഞങ്ങള്‍ ഞങ്ങളുടെ സന്തോഷത്തില്‍ വിശ്വസിക്കുന്ന ആളുകളാണ്. ഈ നിമിഷത്തില്‍ സന്തോഷത്തോടെ ജീവിക്കുന്ന ആളുകളാണ് ഞങ്ങള്‍. വലിയ വീടോ കാറോ ഒന്നും ഞങ്ങള്‍ക്ക് സ്വപ്നങ്ങള്‍ ഇല്ല. വളരെ ഈസിയായിട്ടാണ് വിജയിയെ ഡിവോഴ്‌സ് ചെയ്യാന്‍ ആളുകള്‍ പറയുന്നത്. ഞാന്‍ എങ്ങോട്ടാണ് എന്നിട്ട് ഓടിപോകേണ്ടത്. ഞാന്‍ താഴ്ന്നല്ല നില്‍ക്കുന്നതെന്ന് എനിക്ക് അറിയാം. എനിക്ക് കിട്ടിയ ഏറ്റവും നല്ല പാര്‍ട്ണര്‍ വിജയിയാണ്. ഞങ്ങള്‍ വളരെ സാധാരണമായി ജീവിക്കുന്ന കുടുംബമാണ്. പിന്നെ ഞങ്ങളുടെ വീഡിയോയ്ക്ക് പുരുഷന്മാരെക്കാള്‍ ഏറ്റവും കൂടുതല്‍ വൃത്തികെട്ട കമന്റുകള്‍ ഇട്ടത് സ്ത്രീകളായിരുന്നു.

ദേവികയെ വിജയ് അടിമയെപ്പോലെയാണ് കരുതുന്നതെന്നും സൈക്കോയാണെന്നുമെല്ലാം കമന്റുകള്‍ വന്നിരുന്നു.തന്റെ ഭര്‍ത്താവിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി പറയുകയായിരുന്നു ദേവിക നമ്പ്യാര്‍. വിജയ് ഒരു സൈക്കോയായിരുന്നുവെങ്കില്‍ തങ്ങളുടെ ദാമ്പത്യം മൂന്നാം വര്‍ഷത്തില്‍ എത്തുകയില്ലായിരുന്നുവെന്നും ദേവിക പറഞ്ഞു.

കമന്റുകളില്‍ ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ ഈശ്വരവിശ്വാസിയാണ്. ആ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണ് തന്റെ ജീവിതരീതി. ചില സമയത്ത് 72 മണിക്കൂര്‍ വരെ ഒറ്റയടിയ്ക്ക് ഉപവാസം അനുഷ്ഠിക്കാറുണ്ട്. ആരും അത് വിശ്വസിക്കില്ല. ഉപവാസത്തില്‍ താന്‍ തളരാറില്ലെന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് അത് നേടിയെടുത്തതെന്നും വിജയ് പറയുന്നുണ്ട്.