
കാൻസറിനോട് പോരാടി ജീവിതം തിരിച്ചു പിടിച്ച ബോളിവുഡ് താരമാണ് സൊനാലി ബിന്ദ്രെ. ശേഷം വീണ്ടും സ്ക്രീനിനു മുന്നിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് താരം പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഡാൻസ് ഇന്ത്യാ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ഒരിക്കൽക്കൂടി ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് സൊനാലി. കാൻസറിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും വീണ്ടും ഇൻഡസ്ട്രിയിലേക്ക് തിരികെ വരാൻ തീരുമാനിച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് സൊനാലി.
ജീവിതത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞതിൽ താനേറെ സന്തുഷ്ടയാണെന്ന് സൊനാലി പറയുന്നു. മകന്റെ വളർച്ച കാണാനും മാതാപിതാക്കൾക്കൊപ്പം നിൽക്കാനുമൊക്കെ കഴിയുന്നതിൽ ഏറെ കടപ്പെട്ടിരിക്കുന്നു. അതുമാത്രമല്ല വെറുതെ തിരിച്ചു വരിക എന്നതിലപ്പുറം ഷൂട്ടിങ് സെറ്റിലെത്തി 12 മുതൽ 18 മണിക്കൂറോളം ഇരിക്കാനുള്ള ആരോഗ്യത്തോടെ തിരികെയെത്തുക എന്നതിലെ കടപ്പാടിനെക്കുറിച്ചും സൊനാലി പറയുന്നു. വീണ്ടും ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യമെന്നും സൊനാലി പറയുന്നു.
തിരികെയുള്ള വരവിന് ഭർത്താവ് നൽകിയ പിന്തുണ ചില്ലറയല്ലെന്നും സൊനാലി. നേരത്തേ മുതൽ ഭർത്താവ് തന്നോട് ഇൻഡസ്ട്രിയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. നിനക്ക് കുഴപ്പമൊന്നുമില്ല, തിരികെ പോവൂ എന്നാണ് പറഞ്ഞിരുന്നത്. നീ എന്തായാലും ജോലിയിലേക്ക് തിരികെ പോകണം. ഈ കാലത്ത് ജോലി ചെയ്യുന്നത് നീ ഏറെ ആസ്വദിക്കുമെന്നും ഭർത്താവ് പറയുമായിരുന്നു- സൊനാലി പറയുന്നു.
കഴിഞ്ഞ നാലുവർഷങ്ങൾ എത്രത്തോളം കഠിനമായിരുന്നു എന്നതിനെക്കുറിച്ചും സൊനാലി പറയുന്നുണ്ട്. ആദ്യത്തെ രണ്ടു വർഷങ്ങൾ പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു, ബാക്കിയുള്ള രണ്ടുവർഷം എല്ലാവരേയുംപോലെ കോവിഡ് കാലത്താൽ ബുദ്ധിമുട്ടുകയും ചെയ്തു. ജീവിതത്തിലേക്കും ഇൻഡസ്ട്രിയിലേക്കുമൊക്കെയുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് സൊനാലി ഇപ്പോൾ.
2019 ജൂലൈയിലാണ് തനിക്ക് ക്യാൻസറാണെന്ന വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടർന്ന് ചികിത്സയ്ക്കായി സൊനാലി ന്യൂയോർക്കിലേക്ക് പോയി. അവിടെ വച്ച് തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയുടെ പുരോഗതികളെക്കുറിച്ചും താരം നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് കാൻസറിനെ തോൽപ്പിച്ച് താരം ജീവിതത്തിലേക്ക് മടങ്ങിയത്. മുടി പൂർണമായും കൊഴിഞ്ഞുപോയ ചിത്രം പോസ്റ്റ് ചെയ്ത് സൊനാലി കാൻസർ അനുഭവങ്ങൾ പങ്കുവച്ചതും വാർത്തയായിരുന്നു.
നമ്മുടെ കാര്യത്തിൽ നമ്മൾ തന്നെ നല്ല ശ്രദ്ധ നൽകിയാൽ മാത്രമേ ആ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ സാധിക്കൂ എന്നാണ് സൊനാലി കാൻസർ കാല അനുഭവത്തെക്കുറിച്ച് മുമ്പ് പറഞ്ഞത്. ഉറക്കം എപ്പോഴും തന്നെ അതിനായി സഹായിക്കാറുണ്ട്., കീമോ കഴിഞ്ഞ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത്.., മകനോടൊത്തു സമയം ചെലവഴിക്കുന്നത്. .ഇതൊക്കെ തന്നെ കഠിന സമയങ്ങളിൽ നിന്നും പുറത്തു കടക്കാൻ സഹായിച്ചു. ചികിത്സ പൂർത്തിയാക്കി സുഖമായി വീട്ടിലേക്കു മടങ്ങണം എന്നണ് ആശിക്കുന്നതെന്നും ഇതെന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം മാത്രമാണെന്നും പറഞ്ഞ് സൊനാലി അന്ന് കുറിപ്പ് പങ്കുവെച്ചത്.
Content Highlights: sonali bendre fight with cancer, sonali bendre returns to work, cancer survivor
Published: 12 Mar 2022, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented