
വര്‍ഷം 2006. കോതമംഗലം ഗവണ്‍മെന്റ് എല്‍.പി.ജി. സ്‌കൂളിലെ വിശാലമായ ക്ലാസ്മുറി. പലതരം വിനോദ പരിപാടികളില്‍ ഒറ്റയ്ക്കും കൂട്ടം കൂടിയും ഏര്‍പ്പെട്ടിരിക്കുന്ന മൂന്നാം ക്ലാസ്സ് സംഘം.
ഒരു സ്‌കെയില്‍, ഒരു മായ്ക്കാറബ്ബര്‍, ഒരു പെന്‍സില്‍, ഒരു പേന, കൂടിപ്പോയാല്‍ രണ്ട് പേന എന്നതാണ് അന്നത്തെ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബോക്‌സിന്റെ ശരാശരി നിലവാരം. അതിനപ്പുറത്തേക്ക് മിഠായിക്കടലാസുകള്‍, മഞ്ചാടിക്കുരു, അപ്പൂപ്പന്‍താടി, പുളിങ്കുരു, വിവിധയിനം ഒട്ടിപ്പോ സ്റ്റിക്കറുകള്‍ തുടങ്ങിയ മിസലേനിയസ് കളക്ഷനുകള്‍ ബോക്‌സിന്റെ ഉടമയുടെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ച് കാണപ്പെട്ടു.
എന്റെ കണ്ണില്‍ ശരാശരിക്കും മിസലേനിയസിനുമപ്പുറം കൂട്ടുകാരി താരാശ്രീയുടെ ബോക്‌സില്‍ മറ്റ് പലതുമുണ്ടായിരുന്നു. വളപ്പൊട്ടുകള്‍, മാലയുടെ മുത്തുകള്‍, മുടിയില്‍ നിന്നും അഴിഞ്ഞുവീണ സ്‌കൂള്‍ റിബ്ബണിന്റെ കഷണങ്ങള്‍ എന്നുവേണ്ട, ഗ്രൗണ്ടിലെ കല്ലും മണ്ണും വരെ.
അവളുടെ ബോക്‌സില്‍ ഒരു കണ്‍നോട്ടമെത്തിക്കുക എന്നുള്ളത് എന്റെ പതിവ് വിനോദമായിരുന്നു. ഒരിക്കല്‍ മുത്തുകള്‍ക്കും മിഠായിക്കടലാസിനും ഇടയില്‍ അവിചാരിതമായി ഒരു രണ്ടു രൂപാത്തുട്ട് എന്റെ കണ്ണില്‍പ്പെട്ടു. പലവക ബുക്കില്‍ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന താരാശ്രീയുടെ കണ്ണ് വെട്ടിച്ച് ആ രണ്ട് രൂപാ അടിച്ചുമാറ്റി താഴത്തെ കടയില്‍പ്പോയി കട്ടമുട്ടായി വാങ്ങിത്തിന്ന എന്നെ വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ മറന്നിട്ടില്ല.
ഓരോ പ്രായത്തിലും സൗഹൃദത്തിന് നാം കല്‍പിക്കുന്ന മാനങ്ങള്‍ വളരെ വ്യത്യസ്തമാണ്. റിലേറ്റബിള്‍ ആയിരിക്കുക, സങ്കടങ്ങളും സന്തോഷങ്ങളും പറയാനുള്ള ഇടമാവുക, അതിരുകളില്ലാതെ സംസാരിക്കാനാവുക എന്നതൊക്കെയാണ് വലുപ്പത്തിലെ സൗഹൃദങ്ങളെ നിര്‍വചിക്കുന്നത്. എന്നാല്‍, കള്ളനും പോലീസും കളിക്കുന്ന പ്രായത്തില്‍ മാത്രം കൂട്ടുകൂടി നടന്നവരെ പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്. രണ്ടുരൂപാ കട്ടെടുക്കുന്നതിലെ ഔചിത്യത്തെപ്പറ്റി ഓര്‍ക്കേണ്ടാത്ത സൗഹൃദമായിരുന്നു എനിയ്ക്ക് താരാശ്രീയുമായി ഉണ്ടായിരുന്നത്.
അല്ലാതെ മിഠായിക്കൊതി മൂത്ത് മോഷണം ഒരു തെറ്റാണെന്ന് സൗകര്യപൂര്‍വ്വം മറന്നതല്ല. 18 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഒരു ഫ്രണ്ട്ഷിപ്പ് ഡേ വേണ്ടിവന്നു എനിക്കാ കുറ്റസമ്മതം നടത്താന്‍.
Content Highlights: friendship day- remembering school day friendship
Published: 04 Aug 2024, 02:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented