നിറത്തിന്റെ പേരിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ച് നിരവധി തവണ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് താരം നീന ​ഗുപ്തയുടെ മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ മസാബ ​ഗുപ്ത. സ്കൂൾ കാലത്ത് അതിന്റെ ഏറ്റവും കഠിനമുഖം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മസാബ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ആ കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മസാബ. സ്കൂൾ ദിനങ്ങളിൽ നേരിട്ട അവഹേളനം മൂലം തനിക്ക് മറ്റാരെങ്കിലും ആയാൽ മതി എന്നു വരെ തോന്നിയിരുന്നുവെന്ന് മസാബ പറയുന്നു. 

To advertise here,

താനെങ്ങനെയായിരുന്നോ അതിൽ നിന്ന് മാറ്റം വരണമെന്ന് ആ​ഗ്രഹിച്ചിരുന്നു. മറ്റാരെങ്കിലും ആയാൽ‌ മതിയെന്ന് തോന്നിയിരുന്നു. താനെങ്ങനെയായിരുന്നോ അതിനെ സ്വീകരിക്കാൻ പ്രാപ്തമായിരുന്നില്ല. എന്തുകൊണ്ടാണ് മുടി ഇങ്ങനെ, ചുണ്ടുകൾ ഇങ്ങനെ, ശരീരം ഇങ്ങനെ എന്നെല്ലാം തോന്നി. ഇതിന് പരിഹാരമായി അമ്മയുടെ ഫൗണ്ടേഷൻ ആണ് കണ്ടെത്തിയതെന്നും മസാബ.

അമ്മയുടെ മേക്അപ് കിറ്റിൽ നിന്ന് ഫൗണ്ടേഷനെടുത്ത് നിറം വെപ്പിക്കാൻ നോക്കും. ബാത്റൂമിൽ നിൽക്കുമ്പോൾ നിറം തിരിച്ചറിയാതിരിക്കാൻ ലൈറ്റ് ഇടാറില്ലായിരുന്നു. അങ്ങനെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുദിവസം അമ്മയുടെ ഫൗണ്ടേഷനെടുത്ത് ബാത്റൂമിൽ കയറി. ഇരുണ്ട ബാത്റൂമിൽ നിന്ന് മുഖത്ത് തനിക്ക് കാണുന്ന പാടുകൾക്ക് മുകളിൽ ഫൗണ്ടേഷനിടും. സ്കൂളിൽ അങ്ങനെ പോയ ദിവസം എല്ലാവർക്കും അത് മനസ്സിലായി. വെള്ള കുത്തുകൾ പോലെയായിരുന്നു ഞാൻ മുഖത്ത് ഫൗണ്ടേഷൻ ഇട്ടിരുന്നത്- മസാബ പറയുന്നു. 

നീന ​ഗുപ്തയ്ക്ക് മുൻകാമുകനും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരവുമായ വിവിയൻ റിച്ചാർഡ്സിൽ ഉണ്ടായ മകളാണ് മസാബ. എന്തിനെക്കുറിച്ചു സംസാരിക്കുമ്പോഴും തന്റെ ഇരുണ്ട നിറത്തെക്കുറിച്ച് പറയുന്ന ഒരു സുഹൃത്തുണ്ടായിരുന്നുവെന്ന് മസാബ നേരത്തേ പറഞ്ഞിരുന്നു. എന്ത് വസ്ത്രം ധരിക്കണമെന്നോ ഏതു വിഷയം പഠിക്കണമെന്നോ ഏതു കായികവിനോദത്തിൽ പങ്കെടുക്കണമെന്നോ ഒക്കെ ചോദിച്ചാൽ നിറത്തെക്കുറിച്ച് തുടങ്ങിയാവും സുഹൃത്തിന്റെ മറുപടി എന്നാണ് മസാബ അന്നു പറഞ്ഞത്.

താൻ പകുതി കരീബിയനും പകുതി ഇന്ത്യനുമാണെന്ന് കുട്ടിക്കാലത്തേ മനസ്സിലാക്കിയിരുന്നു. തന്നെപ്പോലെ താൻ മാത്രമേ ഉള്ളുവെന്നാണ് കരുതിയിരുന്നത്. പിന്നീട് യാത്രകൾ ചെയ്തു തുടങ്ങിയതോടെ അന്റി​ഗ്വായിലും മറ്റും പോയപ്പോഴാണ് തന്നെപ്പോലുള്ള ധാരാളം പേരെ കണ്ടത്. ഒരിക്കലും കണ്ടെത്താൻ കഴിയാതിരുന്ന കണ്ണാടിയിൽ നോക്കുന്നതു പോലെയായിരുന്നു അത് - മസാബ അന്ന് കുറിച്ചു.