കോഴിക്കോട്: 2016-ലെ ഒരു ദിവസം. പുതിയ ബിസിനസിലെ പ്രോഡക്ടുകള്‍ പരിചയപ്പെടുത്താന്‍ ഇരിങ്ങല്‍ സര്‍ഗാലയയിലെ ഉന്നതസ്ഥാനംവഹിക്കുന്ന ഒരാളുടെ മുന്നിലിരിക്കുകയാണ് ജൂണി റോയ്. ബിസിനസ് തുടങ്ങിയിട്ടേയുള്ളൂ. പ്രോഡക്ടിനെക്കുറിച്ച് വായിച്ചുപഠിച്ചതെല്ലാം പറഞ്ഞു. എല്ലാം കേട്ടശേഷം അദ്ദേഹം ചോദിച്ചു- 'നിങ്ങളുടെ പ്ലേറ്റിലും ഗ്ലാസിലും പ്ലാസ്റ്റിക് തീരേ ഇല്ലെന്നാണോ പറയുന്നത്'. ഇല്ല -ജൂണി പറഞ്ഞു. എന്നാല്‍ ഒരു തീപ്പെട്ടി കൊണ്ടുവാ, മേശപ്പുറത്തുവെച്ച ഗ്ലാസ് എടുത്തുനോക്കി അദ്ദേഹം അടുത്തുനിന്ന ആളോടുപറഞ്ഞു. അതോടെ ജൂണിയൊന്നുഞെട്ടി.
കത്തിച്ചാല്‍ എന്താവും സംഭവിക്കുക, അറിയില്ല. അദ്ദേഹം ഗ്ലാസിന് തീകൊടുത്ത് മണംപിടിക്കാന്‍തുടങ്ങി. നില്‍ക്കണോ, പോവണോ എന്ന മട്ടിലായി ജൂണി. കത്തിത്തീര്‍ന്നതും അദ്ദേഹം പറഞ്ഞു. ശരിയാണ് പ്ലാസ്റ്റിക്കില്ല. അപ്പോഴാണ് ശ്വാസം നേരെവീണത്.
അദ്ദേഹം ഒരു കെമിക്കല്‍ എന്‍ജിനിയറായിരുന്നെന്ന് ആരോ പറഞ്ഞു. പക്ഷേ, പിന്നീട് പലതവണ സര്‍ഗാലയ ആ പ്രോഡക്ട് വാങ്ങി.
മണ്ണില്‍ ലയിക്കുന്ന, കരിമ്പിന്‍ചണ്ടിയില്‍നിന്നുണ്ടാക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളുമായിരുന്നു അന്ന് ജൂണിയെ മുള്‍മുനയില്‍നിര്‍ത്തിയ ആ പ്രോഡക്ട്. ഒന്‍പതുവര്‍ഷത്തിനിപ്പുറം അതേ ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ തുടക്കമിട്ട പ്ലാസ്റ്റിക് ഫ്രീ സ്റ്റോര്‍- 'ഉര്‍വി എക്കോവിയേഴ്‌സ്' മുന്നേറിയ വിജയയാത്ര പറയുന്നു ജൂണി റോയ്. കേരളത്തില്‍ ആദ്യമായി ഈ ബിസിനസ് തുടങ്ങിയതും ജൂണിതന്നെ.
തുടക്കം സ്റ്റീല്‍ കണ്‍സ്ട്രക്ഷനില്‍
കോഴിക്കോട് ഐഎച്ച്ആര്‍ഡിയില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് പഠിക്കുമ്പോഴായിരുന്നു വിവാഹം. 2002-ല്‍ സുഹൃത്തുമൊന്നിച്ച് സ്റ്റീല്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങി. നല്ലരീതിയില്‍ പോവുമ്പോഴാണ് മകളുടെ പഠനവുമായി ബന്ധപ്പെട്ട് അതില്‍നിന്ന് ഒഴിയേണ്ടിവന്നത്. എന്നാല്‍, മകള്‍ മെഡിക്കല്‍പഠനത്തിന് പോയതോടെ ബോറടിയായി. ഒറ്റയ്‌ക്കെന്തെങ്കിലും ബിസിനസ് തുടങ്ങിയാലോ എന്ന ചിന്തവന്നു.
സാരിയില്‍ കറിയായാലോ...
ആ കാലത്ത് കല്യാണത്തിനും റിസപ്ഷനും മറ്റും പോകുമ്പോള്‍ ഭക്ഷണത്തിനുപയോഗിക്കുന്ന പ്ലേറ്റ് ബലമില്ലാതെ ഉലഞ്ഞുകളിക്കുന്നത് ബുദ്ധിമുട്ടായിത്തോന്നിയിരുന്നു. വസ്ത്രത്തിലേക്ക് ഭക്ഷണം വീഴുമോ എന്നായിരുന്നു അന്നത്തെ ആശങ്ക. ബിസിനസിനായുള്ള നീണ്ട അന്വേഷണത്തിനിടയില്‍ കരിമ്പിന്‍ചണ്ടിയില്‍നിന്നുണ്ടാക്കുന്ന പ്ലേറ്റുകളെയും ഗ്ലാസുകളെയുംകുറിച്ച് അറിഞ്ഞപ്പോള്‍ ഇക്കാര്യമാണ് ആദ്യം മനസ്സില്‍ വന്നത്.
പ്ലാസറ്റിക് ആവരണമുള്ള പേപ്പര്‍ ഉത്പന്നങ്ങളില്‍നിന്ന് വ്യത്യസ്തമായി പൂര്‍ണമായും പ്രകൃതിദത്തമാണെന്നതാണ് പുതിയപ്ലേറ്റുകളുടെ പ്രത്യേകതയെന്ന് മനസ്സിലായതോടെ അതുതന്നെ പുതിയബിസിനസെന്ന് ഉറപ്പിച്ചു. ഡല്‍ഹിയില്‍ ഇവ നിര്‍മിക്കുന്നിടത്തുനിന്ന് വരുത്തിയായിരുന്നു വില്‍പ്പന.
അലക്കുകല്ലും പിടിയുള്ള ചട്ടിയും
ഷോപ്പില്‍ പ്രകൃതിയോടിണങ്ങിനില്‍ക്കുന്നതും ആളുകള്‍ക്ക് ഉപയോഗപ്പെടുന്നതുമായ എന്തെങ്കിലും ഉത്പന്നങ്ങള്‍കൂടി വേണമെന്നായി പിന്നെ ചിന്ത. മണ്‍ചട്ടികള്‍ക്കും മറ്റും സ്റ്റീലിന്റെ പിടിവെച്ച് വില്‍പ്പനതുടങ്ങി. കുളിമുറികളില്‍ വെക്കാവുന്ന അലക്കുകല്ലും സ്വയം ഡിസൈന്‍ചെയ്‌തെടുത്തു.
മല്ലിന്റെ തുണിവാങ്ങി വെട്ടി തുന്നല്‍പ്പണികള്‍ ചെയ്ത്, നവജാതശിശുക്കളെ പൊതിയാനുള്ള തുണികളും അവര്‍ക്കുള്ള നാപ്പികളും കൈ-കാല്‍ ഉറകളും ഉള്‍പ്പെടെ ഒരു സെറ്റാക്കി അതിന്റെ വില്‍പ്പനയുമുണ്ടായിരുന്നു. പിന്നെ മെനുസ്ട്രല്‍ കപ്പുകളും കൊണ്ടുവന്നു. ഇപ്പോള്‍ സാധാരണമാണെങ്കിലും, അന്ന് കൈപിടിപ്പിച്ച ചട്ടികളും അകത്തുവെക്കാവുന്ന അലക്കുകല്ലുകളുമെല്ലാം കേരളത്തില്‍ ആദ്യമായിരുന്നു.
ഹെര്‍ബല്‍ ക്ലോത്തിങ്
നവജാതശിശുക്കള്‍ക്ക് ഏറ്റവും യോജിച്ച തുണിയന്വേഷിച്ച് കോയമ്പത്തൂരില്‍ പോയപ്പോഴാണ് ഹെര്‍ബല്‍ വസ്ത്രങ്ങളെക്കുറിച്ചറിഞ്ഞത്. സാധാരണ എല്ലാവസ്ത്രങ്ങളിലും കെമിക്കല്‍ ഡൈകളാണ് ഉപയോഗിക്കുന്നത്. ഇലകളുടെയും പൂക്കളുടെയും പഴങ്ങളുടെയും മറ്റും പ്രകൃതിദത്തമായ നിറങ്ങള്‍മാത്രമാണ് ഹെര്‍ബല്‍ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്നതെന്നതാണ് പ്രത്യേകത.
ഹെര്‍ബല്‍ വസ്ത്രബ്രാന്‍ഡായ 'കസായ' പുറത്തിറക്കിക്കഴിഞ്ഞു. നവജാതശിശുക്കള്‍ക്കായി ബേബി സെറ്റ്, ബെഡ് ഷീറ്റുകള്‍, തലയിണക്കവറുകള്‍, അടിവസ്ത്രങ്ങള്‍, സോക്‌സുകള്‍ എന്നിവയെല്ലാം ഇതുവഴി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.
ഡോ. നിര്‍മല്‍ചന്ദ്രന്റെയും ജയശ്രീയുടെയും മകളാണ് ജൂണി. എരഞ്ഞിപ്പാലം ഒതയമംഗലം റോഡ് 'നമ്മ'യിലാണ് താമസം. റിട്ട. ഡിവൈഎസ്പി റോയ് റോജസാണ് ഭര്‍ത്താവ്. ജനറല്‍ മെഡിസിനില്‍ എംഡി ചെയ്യുന്ന ഡോ. റിവിക, സിഎ വിദ്യാര്‍ഥിനിയായ റിതിക എന്നിവര്‍ മക്കളാണ്.
Content Highlights: Kerala`s plastic-free store, offers eco-friendly plates, glasses, etc.
Published: 31 Aug 2025, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented