കാലാന്തരത്തില്‍ തലയില്‍ നിന്ന് ചുവരിലേക്ക് 'ജാപ്പി'യുടെ സ്ഥാനം മാറി

തല മറയ്ക്കാൻ മാത്രമുള്ളതല്ല അസംകാർക്ക് ഈ തൊപ്പി. തങ്ങളുടെ പൈതൃകത്തെ തലയിലേറ്റാൻ കൂടിയുള്ളതാണ്. വെള്ളയും ചുവപ്പും നിറമുള്ള 'ഗമുചാ ' എന്ന ഷാളും മൃദംഗത്തോട് സാമ്യമുള്ള 'ബിഹു ഡോൽ' എന്ന വാദ്യവും പോലെ 'ജാപ്പി'യും തലമുറകളിലൂടെ പകർന്നു കിട്ടിയ സംസ്‌കാരത്തിന്റെ മുദ്രകളിലൊന്നായി അസം ജനത കൊണ്ടാടുന്നു.
അസമിലെ കർഷക ജനതയാണ് 'ജാപ്പി'യുടെ സൃഷ്ടാക്കൾ. മഴയും വെയിലും ജോലിക്ക് തടസ്സമാവരുതെന്ന ആവശ്യമാണ് സൃഷ്ടിക്ക് പ്രേരണയായത്. കഷ്ടിച്ച് തലമറയ്ക്കുന്ന തൊപ്പി കൊണ്ട് ഉദ്ദിഷ്ട കാര്യം നടപ്പില്ലെന്ന് കണ്ടറിഞ്ഞാണ് ചുറ്റളവ് കൂടിയ തൊപ്പി തന്നെ അവർ നിർമ്മിച്ചത്. മുള, ചൂരൽ, പനയോല എന്നിവയാണ് 'ജാപ്പി' ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. തലയിൽ ഉറപ്പിക്കുന്ന ഭാഗത്തിന് മുകളിൽ കോണാകൃതിയും ബാക്കി ഭാഗം വൃത്താകൃതിയുമാണ്.
കർഷകരെപ്പോലെ തന്നെ കാലിമേയ്ക്കുന്നവർക്കും 'ജാപ്പി' വലിയൊരാശ്വാസമായിരുന്നു. അടിസ്ഥാന വർഗത്തിൽ നിന്നാണ് തുടങ്ങിയതെങ്കിലും 'ജാപ്പി' ക്രമേണ ആഢ്യഗൃഹങ്ങളിലും, എന്തിന് രാജകൊട്ടാരങ്ങളിൽ വരെയും ഇടം പിടിച്ചു. സ്ഥാനം ഉയർന്നതോടെ 'ജാപ്പി'ക്ക് വേഷപ്പകർച്ചകളും സംഭവിച്ചു. പട്ടുതുണികളും മറ്റ് ബഹുവർണ അലുക്കുകളും കൊണ്ട് മോടിപിടിപ്പിച്ച 'ജാപ്പി'കളാണ് ഇന്ന് ഏറെയും പ്രചാരത്തിലുള്ളത്.
കാലാന്തരത്തിൽ തലയിൽ നിന്ന് ചുവരിലേക്ക് 'ജാപ്പി'യുടെ സ്ഥാനം മാറിയിട്ടുണ്ട്. അസമിലെ വീടുകളിലെയും കടകളിലെയും സ്ഥാപനങ്ങളിലെയുമെല്ലാം ചുവരുകളിൽ പല വലിപ്പത്തിലും വർണത്തിലും ഉള്ള 'ജാപ്പി'കൾ കാണാം. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വസ്തുക്കൾ കൂടാതെ കടലാസും ഇപ്പോൾ നിർമ്മാണത്തിനുപയോഗിക്കുന്നു. 'ജാപ്പി' നിർമ്മാണം ഇന്ന് അസമിൽ സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്ന ഒരു കുടിൽ വ്യവസായമായി മാറിയിട്ടുണ്ട്. നൽബാരി ജില്ലയാണ് പ്രധാന നിർമ്മാണകേന്ദ്രം.
കർഷകരും മറ്റും ഉപയോഗിച്ചിരുന്ന പരമ്പരാഗത 'ജാപ്പി'ക്ക് 'ഉക്കാ ജാപ്പി', 'ഹാലുവാ ജാപ്പി', 'ഗോരൊഖീയ ജാപ്പി' എന്നൊക്കെയാണ് പേരുകൾ. ഇതിന് ഇപ്പോൾ ആവശ്യക്കാർ കുറവാണ്. 'ഫുലാം ജാപ്പി', 'സോറുദയ ജാപ്പി' എന്നീ പേരുകളിൽ അറിയപ്പെടുന്ന വർണാഭമായ തൊപ്പികളാണ് വൻ തോതിൽ വിറ്റുപോകുന്നത്. അഹൊം രാജവംശത്തിന്റെ കാലത്ത് ഇത്തരത്തിലുള്ള 'ജാപ്പി'കളുടെ വലിപ്പമുള്ള വിഭാഗമായ 'ബൊർ ജാപ്പി'കൾ വിശേഷാവസരങ്ങളിൽ ഉപയാേഗിച്ചിരുന്നു. രാജാക്കന്മാരും മറ്റ് വരേണ്യവിഭാഗത്തിൽപ്പെട്ടവരും തങ്ങളുടെ പദവിക്കനുസരിച്ച് സ്വർണമോ വെള്ളിയോ കൊണ്ട് 'ബൊർ ജാപ്പി'കൾ അലങ്കരിച്ചിരുന്നു.
'ഫുലാം ജാപ്പി'കൾ അസമിന്റെ പ്രധാന നൃത്തരൂപമായ 'ബിഹു' നൃത്തത്തിൽ പ്രധാനഘടകമാണ്. പുറത്തു നിന്നുള്ള അതിഥികൾക്ക് നൽകാനുള്ള തങ്ങളുടെ സമ്മാനമായും അസംകാർ ഈ തൊപ്പികൾ ഉപയോഗിക്കുന്നു. കരകൗശലക്കടകളിലും തുണിക്കടകളിലുമെല്ലാം ലഭ്യമാണ്. വലിപ്പവ്യത്യാസമനുസരിച്ച് 150 രൂപ മുതൽ മുകളിലേക്കാണ് വില.
Content Highlights: The 'Jaapi' is more than just a hat for the people of Assam; it is a profound symbol of their cultural heritage, much like the 'Gamocha' or the 'Bihu Dhol'. Originally created by farmers and cattle herders to protect themselves from rain and sun, this bamboo and palm leaf headgear has evolved from a functional tool into a decorative masterpiece and a prestigious gift. Today, it is a thriving cottage industry centered in the Nalbari district, played a vital role in Bihu dance, and serves as an iconic souvenir of Assamese identity.
Published: 12 Feb 2026, 01:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented