രുപാട് പേരുടെ ജീവിതത്തിലും പ്രണയസിനിമകളിലും നമ്മള്‍ കണ്ട കാഴ്ച്ചയാണ് ലൗ അറ്റ് ഫസ്റ്റ് സൈറ്റ്. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്തോ ഒരു ഇഷ്ടം തോന്നിയെന്നും അവൾ/അവൻ ആയിരിക്കും തന്റെ ജീവിതപങ്കാളി എന്ന തോന്നലുണ്ടായെന്നും പ്രണയകഥ പറയുമ്പോള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കാറുള്ള വാക്കുകളാണ്. എന്നാല്‍ ഇതില്‍നിന്ന്  വ്യത്യസ്തമാണ് സൗഹൃദത്തില്‍നിന്ന് പ്രണയമായി വളരുന്ന ബന്ധങ്ങള്‍. രണ്ടു പേരുടേയും കുറവുകളും കുറ്റങ്ങളും നല്ലതും ചീത്തയുമെല്ലാം നന്നായി മനസിലാക്കിയ ശേഷമായിരിക്കും ഇത്തരം ബന്ധങ്ങള്‍ വിവാഹത്തിലെത്തുക. സൗഹൃദത്തില്‍നിന്നാണ് മനോഹരമായ ബന്ധങ്ങളുടെ തുടക്കം എന്ന് പലരും പറഞ്ഞിട്ടുമുണ്ട്. ഈ വാക്കുകള്‍ ജീവിതത്തില്‍ അതുപോലെ പകര്‍ത്തിയ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ.

To advertise here,

റിതിക സജ്‌ദേഹ് എന്ന പെണ്‍കുട്ടിയുമായി ഏഴു വര്‍ഷം നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് രോഹിത് കുടുംബജീവിതത്തിലേക്ക് കടന്നത്. ജീവിതത്തിലും കരിയറിലും പരസ്പരം പിന്തുണ നല്‍കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ ശേഷം നടന്ന വിവാഹം. ഇരുപതാം വയസ്സില്‍ ആദ്യമായി റിതികയെ കണ്ടുമുട്ടിയ രോഹിതിന് അന്ന് പ്രണയമൊന്നും തോന്നിയിരുന്നില്ല. സംസാരിച്ചു തുടങ്ങിയ ശേഷം ഇരുവരുടേയും സൗഹൃദം വളരുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഈ ബന്ധത്തിന് ഇടയില്‍ ഒരു പാലം പോലെ യുവരാജ് സിങ്ങ് ഇരുവര്‍ക്കുമൊപ്പം നിന്നു. 

ഗോഡൗണ്‍ സൂക്ഷിപ്പുകാരന്റെ മകന്‍

നാഗ്പുരിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഗോഡൗണ്‍ സൂക്ഷിപ്പുകാരനായിരുന്ന ഗുരുനാഥ് ശര്‍മയുടെ മകനില്‍നിന്ന് കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനിലേക്കുള്ള രോഹിതിന്റെ ജീവിതം ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന തരത്തിലുള്ളതാണ്. അതിലെ ഏറ്റവും മനോഹരമായ ഭാഗമായിരിക്കും റിതികയുമായുള്ള പ്രണയകാലം. 

ആഡംബര ഹോട്ടലുകളിലെ കണ്ണാടിക്കൂടില്‍നിന്ന് നോക്കിയാലുള്ള നഗരക്കാഴ്ച്ചകളും ലഹരി ഒഴുകുന്ന പാര്‍ട്ടികളിലെ നൃത്തച്ചുവടകളുമൊന്നും ഒരൊറ്റ മുറി വീട്ടില്‍ നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് കിടന്നുറങ്ങിയ ഭൂതകാലമുള്ള രോഹിതിനെ ഒരിക്കലും മോഹിപ്പിച്ചിരുന്നില്ല. എല്ലാത്തിനും തന്റേതായ അതിര്‍വരമ്പ് രോഹിത് സ്വയം വരച്ചിട്ടിരുന്നു. കുട്ടിക്കാലത്ത് മകനെ പോറ്റാന്‍ പണമില്ലാത്തതിനാല്‍ അവനെ അമ്മവീട്ടില്‍ മുത്തച്ഛനും മുത്തശ്ശിക്കും അടുത്തേക്ക് പറഞ്ഞയക്കുകയാണ് അച്ഛനും അമ്മയും ചെയ്തത്.

placeholder
.
മാതാപിതാക്കള്‍ക്കൊപ്പം രോഹിത് ശര്‍മ | Photo: instagram/ rohit sharma

അവിടെ അമ്മാവന്‍മാരുടെ തണലിലായിരുന്നു സ്‌ക്കൂള്‍ കാലം. ഓരോ ആഴ്ച്ചയുടേയും അവസാനം അവന്‍ അച്ഛനേയും അമ്മയേയും കാണാന്‍ വീട്ടിലേക്ക് ഓടിയെത്തും. എന്നാല്‍, മാതാപിതാക്കള്‍ അടുത്തില്ലാത്തത് കുഞ്ഞ് രോഹിതിന്റെ മനസിനെ കുറച്ചൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. ആ ദുഃഖത്തില്‍നിന്ന് പുറത്തുകടക്കാൻ അവന്‍ കണ്ടെത്തിയ വഴിയായിരുന്നു ക്രിക്കറ്റ്. ഒപ്പം ക്രിക്കറ്റ് ജീവനായി കണ്ടിരുന്ന അമ്മാവന്‍മാരുടെ പിന്തുണ കൂടിയായതോടെ കുഞ്ഞുരോഹിത് വീട്ടിലേക്കുള്ള റോഡുകളെല്ലാം ഗ്രൗണ്ടുകളാക്കി മാറ്റി. സ്‌കൂളിലേക്ക് പോകുന്ന വഴിയും വരുന്ന വഴിയുമെല്ലാം അവന്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരുന്നു. 

അവന്റെ ആവേശത്തിന് അമ്മാവന്‍മാരും കൂടെ നിന്നു. അവരെല്ലാവരും ചേര്‍ന്ന് പണം കണ്ടെത്തി രോഹിതിനെ ഒരു ക്രിക്കറ്റ് ക്യാമ്പില്‍ ചേര്‍ത്തു. 1999-ലായിരുന്നു സംഭവം. ദിനേശ് ലാഡ് എന്ന അധ്യാപകന് കീഴില്‍ ഓഫ് സ്പിന്നര്‍ ആയിട്ടായിരുന്നു രോഹിതിന്റെ തുടക്കം. എന്നാല്‍, വിരലിന് പരിക്കേറ്റതും ദിനേശിന്റെ തിരിച്ചറിവും രോഹിതിനെ ഒരു ബാറ്റ്‌സ്മാനിലേക്ക് വഴിതിരിച്ചുവിട്ടു. ക്രിക്കറ്റിന് പേരുകേട്ട സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് പഠനം മാറണമെന്ന് രോഹിതിനോട് ദിനേശ് പറഞ്ഞു. അതിനുള്ള പണം തന്റെ വീട്ടില്‍ ഇല്ലെന്ന മറുപടിയാണ് അധ്യാപകന് രോഹിത് നല്‍കിയത്.

ഇതോടെ അവന് സ്‌കോളര്‍ഷിപ്പ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായി ദിനേശ്. ഒടുവില്‍ അത് കിട്ടുകയും വിവേകാനന്ദ സ്‌കൂളില്‍ രോഹിത് പ്രവേശനം നേടുകയും ചെയ്തു. ഹാരിസ് ഷീല്‍ഡ്, ഗില്‍സ് ഷീല്‍ഡ് ടൂര്‍ണമെന്റുകളില്‍ ഓപ്പണിങ് ബാറ്ററായി ക്രീസിലിറങ്ങി സെഞ്ചുറി നേടിയ രോഹിതിന്റെ ക്രിക്കറ്റ് താരത്തിലേക്കുള്ള വളര്‍ച്ച അവിടെ തുടങ്ങുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറി കൂടി നേടിയതോടെ രോഹിതിനെ തേടി ഇന്ത്യന്‍ ജഴ്‌സി വീട്ടിലെത്തി. 2007-ല്‍ അയര്‍ലന്‍ഡിനെതിരായ ഏകദിനത്തിലൂടെ അരങ്ങേറ്റം.

placeholder
.
വിവാഹദിനത്തില്‍ രോഹിതും റിതികയും | Photo: instagram/ ritika sajdeh

യുവരാജിന്റെ സഹോദരി 

ഇന്ത്യന്‍ കുപ്പായത്തില്‍ വരവറിയച്ചതോടെ രോഹിതിനെ തേടി ആഗോള ബ്രാന്‍ഡുകളുടെ പരസ്യക്കരാറുകളെത്തി. മോഡലായി അഭിനയിച്ചാല്‍ കോടികളായിരുന്നു പ്രതിഫലമായി വാഗ്ദാനം. അവരെ എങ്ങനെ മാനേജ് ചെയ്യണമെന്നോ പരസ്യത്തില്‍ എങ്ങനെ അഭിനയിക്കണമെന്നോ രോഹിതിന് ധാരണയുണ്ടായിരുന്നില്ല. ക്രിക്കറ്റിലൂടെ തനിക്ക് ലഭിച്ച പ്രശസ്തിയില്‍ അമ്പരന്ന് നില്‍ക്കുകയായിരുന്നു അന്ന് ആ ഇരുപത് വയസ്സുകാരന്‍.

ഇതിനിടയില്‍ റീബോക്കിന്റെ ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ രോഹിത് ഷൂട്ടിങ് സ്ഥലത്തെത്തി. സീനിയര്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും യുവരാജ് സിങ്ങുമായിരുന്നു ആ പരസ്യത്തിലെ മറ്റു മോഡലുകള്‍. സ്‌പോര്‍ട്‌സ് ഇവന്റ് മാനേജറായിരുന്ന റിതിക അന്ന് അവിടെ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച. ബന്ധുവായ ബണ്ടി സച്‌ദേവയുടെ സ്‌പോര്‍ട്‌സ് ആന്റ് എന്റര്‍ടെയ്‌മെന്റ് കമ്പനിയിലായിരുന്നു റിതികയുടെ ജോലി. ഡിഗ്രികഴിഞ്ഞ് നേരെ ജോലിയില്‍ പ്രവേശിച്ച പത്തൊമ്പതുകാരി.

അന്ന് റിതികയോട് രോഹിത് എന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ് യുവി ഇടപെട്ടു. 'അവള്‍ എന്റെ സഹോദരിയാണ്. അവളോട് സംസാരിക്കരുത്‌' എന്നായിരുന്നു യുവിയുടെ നിര്‍ദേശം. ഇതോടെ ജൂനിയറായ രോഹിത് അതനുസരിച്ചു. റിതികയോട് അകലം പാലിച്ചു. ഇതിനിടയില്‍ രോഹിതിന്റെ ഷോട്ട് എത്തിയപ്പോള്‍ സംവിധായകന്‍ വിളിച്ചു. 

placeholder
.
യുവരാജിനൊപ്പം രോഹിതും റിതികയും | Photo: instagram/ rohit sharma

രോഹിത് ഡയലോഗുകള്‍ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. വിചാരിച്ചതിലും നന്നായി ഷൂട്ടിങ് കഴിഞ്ഞു. അപ്പോഴാണ് സംവിധായകന്‍ ഒരുകാര്യം പറയുന്നത്. രോഹിതിന്റെ മൈക്ക് ഓണ്‍ ആയിരുന്നില്ലെന്നും ഒരിക്കല്‍ കൂടി ഷൂട്ട് ചെയ്യേണ്ടി വരുമെന്നും. ഇതുകേട്ട് രോഹിതിന്റെ എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടു. രോഹിതിന്റെ മുഖം കണ്ടതോടെ കാര്യം മനസിലാക്കിയ റിതിക അടുത്തുവന്ന് എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ചു. അത് രോഹിതിന് വലിയൊരാശ്വാസമായിരുന്നു. 

ആത്മവിശ്വാസത്തോടെ എങ്ങനെ ഡയലോഗ് പറയണമെന്നും ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ നില്‍ക്കണമെന്നും റിതിക പഠിപ്പിച്ചുകൊടുത്തു. ആദ്യത്തേക്കാള്‍ നന്നായി ആ ഷോട്ടുകള്‍ എടുക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.

സോഫിയ ഹയാത്തിന്റെ എന്‍ട്രി

ഇന്ത്യന്‍ ടീമിനൊപ്പമുള്ള വളര്‍ച്ചയില്‍ രോഹിതിന്റെ പരസ്യ കരിയറിലും വ്യക്തിത്വത്തിലും ഒരുപാട് സഹായങ്ങള്‍ ചെയ്തത് റിതികയായിരുന്നു. പലപ്പോഴും ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങളില്‍ അലസത കാണിച്ചിരുന്ന രോഹിത്തിനെ കൃത്യനിഷ്ഠയുള്ള വ്യക്തിയാക്കി മാറ്റുന്നതില്‍ റിതികയുടെ പങ്ക് വലുതായിരുന്നു. പ്രൊമോഷണല്‍ പരിപാടികളില്‍ കൃത്യസമയത്ത് പങ്കെടുക്കാനും പരസ്യങ്ങളില്‍ ആത്മവിശ്വാസത്തോടെ അഭിനയിക്കാനും റിതിക  പഠിപ്പിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള മെസ്സേജുകളുടേയും ഫോണ്‍വിളികളുടേയും എണ്ണം കൂടി. സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങളും കുടുംബത്തിലെ സന്തോഷങ്ങളുമെല്ലാം ഇരുവരും പരസ്പരം പങ്കുവെച്ചു. 

placeholder
.
സോഫിയ ഹയാത്തിനൊപ്പം രോഹിത്‌ | Photo: twitter

ഇതിനിടയിലാണ് രോഹിതും മോഡലും ടെലിവിഷന്‍ താരവുമായ സോഫിയ ഹയാത്തുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും 2012-ല്‍ വിദേശത്ത് നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് പരിചയപ്പെട്ടതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന്റെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തിലേക്കായിരുന്നു ആ ബന്ധത്തിന്റെ യാത്ര. 2012 ഒക്ടോബറില്‍ സോഫിയ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ട്വീറ്റ് പുകയുന്ന തീയിലേക്ക് മണ്ണെണ്ണ ഒഴിക്കുന്ന തരത്തിലുള്ളതായിരുന്നു. താന്‍ രോഹിത്തുമായി ഡേറ്റിങ്ങില്‍ ആയിരുന്നുവെന്നും ഇനി എല്ലാവരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സോഫിയ ട്വിറ്ററില്‍ കുറിച്ചു. ഇനി രോഹിത്തുമായി ഡേറ്റിങ് നടത്തില്ലെന്നും ജെന്റില്‍മാന്‍ ആയ ഒരാളേയാണ് ഇനി താന്‍ തിരഞ്ഞെടുക്കുകയെന്നും സോഫിയ പറഞ്ഞു. വിരാട് കോലിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദമാണ് രോഹിത് താനുമായുള്ള ബന്ധത്തില്‍നിന്ന് പിന്തിരിയാന്‍ കാരണമെന്നും സോഫിയ വെളിപ്പെടുത്തി. ഇതോടെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ പ്രണയബന്ധം ചര്‍ച്ചാവിഷമായി.

മനസ്സമാധാനം നഷ്ടപ്പെട്ട, തലവേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഇതിലൂടെ രോഹിത്തിന് ലഭിച്ചത്. പല രാത്രികളിലും സമാധാനത്തോടെ ഉറങ്ങാന്‍ പോലുമായില്ല. ഇക്കാര്യങ്ങളെല്ലാം റിതികയുമായി രോഹിത് പങ്കുവെച്ചു. റിതികയുടെ വാക്കുകള്‍ ഇന്ത്യന്‍ താരത്തിന് ആശ്വാസമേകി. എത്രത്തോളം വിശ്വസ്തയായ, ആത്മബന്ധമുള്ള കൂട്ടുകാരിയാണ് റിതികയെന്ന് അന്നാണ് രോഹിത് തിരിച്ചറിഞ്ഞത്. പതുക്കെ രോഹിത്തിന് റിതികയോട് പ്രണയം തോന്നി. സ്വകാര്യ ജീവിതത്തിലേയും കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ റിതിക തന്നെ മതിയെന്ന് രോഹിത്തിന്റെ മനസ് പറഞ്ഞു. 

ക്രിക്കറ്റ് പഠിച്ച സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പ്രൊപ്പോസല്‍

റിതികയെ രോഹിത് ജീവിതത്തിലേക്ക് ക്ഷണിച്ചതും വൈകാരികമായിട്ടായിരുന്നു. പതിനൊന്നാം വയസ്സില്‍ ക്രിക്കറ്റ് കരിയറിന് തുടക്കമിട്ട മുംബൈയിലെ ബോളിവാലി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍വെച്ച് റിതികയെ രോഹിത് പ്രൊപ്പോസ് ചെയ്തു.

2015-ന്റെ തുടക്കത്തിലായിരുന്നു ഈ പ്രൊപ്പോസല്‍. തന്റെ നൊസ്റ്റാള്‍ജിയ മുഴുവനായുള്ള ബോളിവാലി കാണിച്ചുതരാമെന്ന് പറഞ്ഞാണ് റിതികയെ രോഹിത് കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോള്‍ മുട്ടുകുത്തി നിന്ന് രോഹിത് റിതികയ്ക്കു നേരെ മോതിരം നീട്ടി. തന്റെ ഭാര്യയാകാമോ എന്ന് ചോദിച്ചു. ജീവിതത്തില്‍ എപ്പോഴെങ്കിലും ആ ചോദ്യം വരുമെന്ന് റിതിക പ്രതീക്ഷിച്ചിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ അവര്‍ യെസ് പറഞ്ഞ് മോതിരവിരല്‍ രോഹിത്തിന് നേരെ നീട്ടി. മനോഹരമായ ഒരു ബന്ധം ഔദ്യോഗികമാകുന്നതിന്റെ തുടക്കം അവിടെയായിരുന്നു. ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയവും ഇരുകുടുംബങ്ങളും ചേര്‍ന്ന് നടത്തി. അന്ന് രോഹിത് റിതികയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് കുറിച്ചത് ഇങ്ങനെയാണ്. 'അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ആത്മമിത്രങ്ങളിലേക്ക്. ഇതിലും മികച്ചതില്ല'. 

placeholder
.
പ്രൊപ്പോസലിന് ശേഷം റിതിക രോഹിത്തിനൊപ്പം | Photo: instagram/ rohit sharma

അതേവര്‍ഷം ഡിസംബര്‍ 13-ന് മുംബൈയിലെ താജ് ലാന്‍ഡ്‌സ് ഹോട്ടലില്‍ ഇരുവരുടേയും വിവാഹം നടന്നു. ബോളിവുഡിലേയും ക്രിക്കറ്റിലേയും പ്രശസ്തര്‍ പങ്കെടുത്ത താരനിബിഡമായ വിവാഹമായിരുന്നു അത്. ഐവറി നിറത്തിലുള്ള ഷെര്‍വാണിയും ചുവപ്പ് നിറത്തിലുള്ള പഗ്ഡിയുമായിരുന്നു രോഹിത്തിന്റെ വിവാഹവേഷം. നീല ലെഹങ്കയിലും വയലറ്റ് ചോളിയിലും റിതികയും അതിസുന്ദരിയായിരുന്നു. 

വര്‍ളിയിലെ 30 കോടിയുടെ വീട്

വിവാഹത്തിന് ശേഷം വര്‍ളിയിലെ അഹൂജ ടവറിലെ അപാര്‍ട്ട്‌മെന്റിലാണ് രോഹിത് റിതികയ്‌ക്കൊപ്പം ജീവിതം തുടങ്ങിയത്. 6000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഈ അപാര്‍ട്‌മെന്റിന്റെ വില 30 കോടിയാണ്. 29-ാം നിലയിലുള്ള അപാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ അറബിക്കടലിന്റെ മനോഹരമായ കാഴ്ച്ച കാണാം. 

 രോഹിത്തിന്റെ പേരിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയും കാറുകളുമെല്ലാം നോക്കി നടത്തുന്നത് റിതികയാണ്. ഇപ്പോള്‍ അവര്‍ രോഹിത്തിന്റെ മാത്രം മാനേജറാണ്. ഏകദേശം 170 കോടി രൂപയാണ് രോഹിത്തിന്റെ ആസ്തി. രോഹിത് ക്രിക്കറ്റിന്റെ തിരക്കുകകളില്‍ ആയതിനാല്‍ ഇതിന്റെ എല്ലാ കണക്കുകളും കാര്യങ്ങളും നോക്കുന്നത് റിതികയാണ്. 

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം, 2018-ല്‍, ഇരുവരുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തി. ഡിസംബര്‍ 30-ന് ജനിച്ച മകളുടെ പേര് സമൈറ എന്നാണ്. സാം എന്ന് വിളിപ്പേരുള്ള മകളുടെ ആദ്യ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് രോഹിത് കുറിച്ചത് ഇങ്ങനെയാണ്. 'ഹലോ വേള്‍ഡ്, നമുക്കെല്ലാം ചേര്‍ന്ന് 2019 മനോഹരമാക്കാം.' 

placeholder
.
രോഹിത് മകള്‍ സമൈറയ്‌ക്കൊപ്പം | Photo: instagram/ ritika sajdeh

മകളുടെ ജനനസമയത്ത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു രോഹിത്. അതിനിടയില്‍ ഇന്ത്യയിലെത്തിയാണ് റിതികയെ കണ്ടത്. പ്രസവസമയത്ത് ഭാര്യയുടെ അടുത്തില്ലാത്തതിലെ സങ്കടം രോഹിത് പിന്നീട് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രോഹിത്തിന്റെ കരിയറിനെ കുറിച്ച് നന്നായി അറിയുന്നതിനാല്‍ റിതികയ്ക്ക് അതൊരു പ്രശ്‌നമേ അല്ലായിരുന്നു. 

ക്രീസിലുള്ള രോഹിത്തിനേക്കാള്‍ ടെന്‍ഷന്‍ റിതികയ്ക്ക്

പ്രണയകാലം മുതല്‍ രോഹിത്തിന്റെ മത്സരങ്ങള്‍ കാണാന്‍ റിതികയും സ്റ്റേഡിയത്തില്‍ എത്താറുണ്ട്. എന്നാല്‍ ക്രീസിലുള്ള രോഹിതിനേക്കാള്‍ ടെന്‍ഷന്‍ വി.ഐ.പി. ഗാലറിയിലിരിക്കുന്ന റിതികയുടെ മുഖത്താകും. രോഹിത് ക്രീസ് വിടുന്നതുവരെ റിതിക തന്റെ രണ്ട് കൈയിലേയും വിരലുകള്‍ കോര്‍ത്തു പിടിച്ചുണ്ടാകും. നാഗ്പുരില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ രോഹിത് സെഞ്ചുറി അടിച്ചപ്പോള്‍ റിതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അഭിനന്ദന കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. 'ലവ് യു രോഹിത്, എനിക്ക് പുതിയ വിരലുകള്‍ അയക്കൂ' എന്നായിരുന്നു അവര്‍ കുറിച്ചത്. ഒരുപാട് ഓവറുകള്‍ രോഹിത് ക്രീസില്‍ നിന്നതിനാല്‍ റിതികയുടെ വിരലുകള്‍ മരവിച്ചുപോയിരുന്നു. 

2014-ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ രോഹിത് 173 പന്തില്‍ 264 റണ്‍സ് നേടിയപ്പോള്‍ റിതിക ഗാലറിയില്‍ ഇല്ലാതിരുന്നത് വലിയ ആശ്വാസമായിരുന്നെന്ന് തമാശരൂപത്തില്‍ ഒരു അഭിമുഖത്തില്‍ രോഹിത് പറഞ്ഞിട്ടുണ്ട്. അന്ന് ഉണ്ടായിരുന്നെങ്കില്‍ അവളുടെ വിരലുകള്‍ കെട്ടുപിണഞ്ഞ അവസ്ഥയിലായിരിക്കും പിന്നീട് ഉണ്ടാകുക എന്നതായിരുന്നു ഇതിന് രോഹിത് പറഞ്ഞ കാരണം. 

placeholder
.
കൈവിരലുകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്ന റിതിക/ രോഹിതിന്റെ സെഞ്ചുറിയില്‍ കരയുന്ന റിതിക | Photo: twitter

2017-ല്‍ മൊഹാലി സ്റ്റേഡിയത്തില്‍ ഏകദിന കരിയറില്‍ മൂന്നാമത്തെ ഇരട്ട സെഞ്ചുറി രോഹിത് കണ്ടെത്തിയപ്പോള്‍ അതിന് സാക്ഷിയായി റിതിക ഗാലറിയിലുണ്ടായിരുന്നു. റിതികയ്ക്ക് നേരെ ക്യാമറ തിരിച്ചപ്പോള്‍ കണ്ടത് അവര്‍ കണ്ണീരൊപ്പുന്നതായിരുന്നു. അന്ന് അവര്‍ കരഞ്ഞതിന് പിന്നിലുള്ള കാരണം രോഹിത് പിന്നീട് വെളിപ്പെടുത്തിയിരുന്നു. 'അത് സ്‌പെഷ്യല്‍ ഇന്നിങ്‌സായിരുന്നു. എന്റെ ഭാര്യയ്ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച വിവാഹ വാര്‍ഷിക സമ്മാനം. അന്ന് അവള്‍ കണ്ണീരണിഞ്ഞു. 196 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ റണ്‍ ഔട്ട് ആകാതിരിക്കാന്‍ ഞാന്‍ ക്രീസിലേക്ക് ഡൈവ്‌ ചെയ്തിരുന്നു. എന്റെ കൈയ്ക്ക് എന്തോ പരിക്ക് പറ്റിയിട്ടുണ്ട്‌ എന്ന് അവള്‍ ഭയപ്പെട്ടിരുന്നു. ഞാന്‍ ഇരട്ട സെഞ്ചുറി നേടിയിട്ടും അവള്‍ കരഞ്ഞതിന്റെ കാരണം അതായിരുന്നു.'  രോഹിത്തിനോടുള്ള റിതികയുടെ സ്‌നേഹത്തിന്റെ ആഴം ഈ വാക്കുകളില്‍ തന്നെ വ്യക്തമാണ്.