ല്‍ഷിമേഴ്‌സ് ബാധിച്ച് പ്രിയപ്പെട്ടവരെയെല്ലാം മറന്നു തുടങ്ങുന്നവര്‍.. ഒടുവില്‍ സ്വയം തന്നെ നഷ്ടമായി ആര്‍ക്കും വേണ്ടാതാകുന്നവര്‍... ഭാരമാകുന്നവര്‍... ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറവിരോഗം ബാധിച്ച തന്റെ ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അവരുടെ അവസാന കാലം മനോഹരമാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലാണ് ഓംകാര്‍ തന്റെ അനുഭവം പങ്കു വച്ചിരിക്കുന്നത്.

To advertise here,

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

ചുനി പതിയെ കൂടുതല്‍ മറവിയിലേയ്ക്ക് വീഴുകയായിരുന്നു. എങ്ങനെ ഭക്ഷണമുണ്ടാക്കണമെന്നു വരെ അവള്‍ മറന്നു. എന്റെ സഹോദരന്റെ ഭാര്യയുടെ മരണത്തോടെ ചുനിയുടെ സ്ഥിതി വഷളായി. ആ ഞെട്ടല്‍ അവളുടെ ആരോഗ്യത്തെ കൂടുതല്‍ മോശമാക്കിയിരുന്നു. 

ഈ സമയത്ത് ഞങ്ങളുടെ കൊച്ചുമകന്‍ വിവാഹിതനായി. അവന്റെ ഭാര്യയോട് നീ ആരാണ് എന്ന് ചുനി ചോദിച്ചു തുടങ്ങി. 

എനിക്ക് പ്രായം 84 ആയിരുന്നു, അവള്‍ക്ക് 80 ഉം. ആ സമയത്താണ് അവള്‍ക്ക് അല്‍ഷിമേഴ്‌സ് ആണെന്ന് ഞങ്ങള്‍ അറിയുന്നത്. എന്റെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു അത്. 

പക്ഷേ പ്രതീക്ഷ കൈവിടാന്‍ ഞാനൊരുക്കമായിരുന്നില്ല. എനിക്ക് പോരാടണമായിരുന്നു, അതിന് അവളെ എനിക്കൊപ്പം നിര്‍ത്തണമായിരുന്നു. 

ഞാന്‍ ഞങ്ങളുടെ പഴയകാലത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവളോട് ചോദിച്ചു കൊണ്ടിരുന്നു. ഓര്‍മ നിലനിര്‍ത്താനുള്ള  ചെറിയ പസിലുകള്‍ നല്‍കി. അവളും അതില്‍ കഠിനാധ്വാനം ചെയ്തു, ഉത്തരങ്ങള്‍ കണ്ടുപിടിച്ചു. അഞ്ച് വര്‍ഷം രോഗം വലിയ തകരാറുകളൊന്നും വരുത്തിയില്ല. അതൊരു സന്തോഷവാര്‍ത്തയായിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പലപ്പോഴും അവള്‍ക്ക് ഓര്‍മയുണ്ടായി. ഒരു ദിവസം ഞാന്‍ വീട്ടില്‍ ബിയര്‍ തിരഞ്ഞ് നടക്കുന്നത് അവള്‍ കണ്ടു കൈയോടെ പിടിച്ചു. കൊച്ചുമകന് വേണ്ടിയാണെന്ന് ഞാന്‍ കള്ളം തട്ടിവിട്ടു. 'നിങ്ങളെത്ര കുടിക്കുമെന്ന് എനിക്കറിയില്ലേ... ഇന്നലെ നിങ്ങള്‍ ഒരു ബോട്ടിലാണ് കുടിച്ചത്.' ചുനി കൃത്യമായി പറഞ്ഞു. 

കുട്ടികള്‍ വരുമ്പോള്‍ കൊണ്ടുവരുന്ന മധുരപലഹാരങ്ങള്‍ അവള്‍കാണാതെ ഞാന്‍ ഒളിപ്പിച്ചു വക്കും. പക്ഷേ കൃത്യമായി ഓര്‍ത്തിരുന്ന് അവളുടെ വീതം അവള്‍ വാങ്ങും. എപ്പോള്‍ മിഠായി കൊണ്ടുവന്നാലും അത് വീതിക്കുന്നതിനെ ചൊല്ലി ഞങ്ങള്‍ കുഞ്ഞു വഴക്കുകള്‍ ഉണ്ടാക്കും. 

സിനിമകളായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം. സിനിമ കാണുമ്പോള്‍ ചില സീനുകള്‍ ഞാനവള്‍ക്ക് പറഞ്ഞു കൊടുക്കും. ചിലപ്പോള്‍ ഞാന്‍ ചിരിക്കുന്നത് കണ്ടാവും അവള്‍ ചിരിക്കുക. സീന്‍ മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും അവളുടെ ചിരി കാണുന്നത് പോലും എന്റെ ചെറിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു. 

ഇനിയുള്ള ജീവിതത്തിലെ എല്ലാ നിമിഷവും അവള്‍ക്കൊപ്പം ചെലവഴിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാനായിരുന്നു രാവിലത്തെയും ഉച്ചനേരത്തെയും രാത്രിയിലെയും ഭക്ഷണമുണ്ടാക്കിയിരുന്നത്. ഞാന്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും അവള്‍ക്ക് ഇഷ്ടമായിരുന്നു. ചുനി ഉച്ചക്ക് ഉറങ്ങുമ്പോള്‍ ഞാന്‍ വീട് ക്ലീന്‍ ചെയ്യും. ഭക്ഷണം കഴിക്കുമ്പോഴെല്ലാം ഞങ്ങള്‍ പല സിനിമകള്‍ കാണും. പിന്നെ അതൊരു ശീലമായി. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ നടക്കാനിറങ്ങും, കൈകള്‍ കോര്‍ത്തു പിടിച്ച്... അപ്പോള്‍ ചുനി പഴയ ഫലിതങ്ങള്‍ ഓര്‍ത്ത് പറയും. 

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ചുനി ബാത്ത്‌റൂമില്‍ ഒന്ന് തെന്നി വീണു. രാത്രിയില്‍ ബാത്ത്‌റൂമിലേക്ക് പോയതാണ്. ശബ്ദം കേട്ട് ഞാന്‍ ഓടിച്ചെന്നപ്പോള്‍ തലയില്‍ നിന്ന് ചോരയൊലിപ്പിച്ച് അവള്‍ തറയില്‍ വീണുകിടക്കുന്നു. വലിയ മുറിവായിരുന്നു തലയിലേത്. മക്കള്‍ വേഗമെത്തി അവളെ ആശുപത്രിയിലെത്തിച്ചു. ഇന്റേണല്‍ ബ്ലീഡിങ് ഇല്ലാത്തതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. ആ സംഭവത്തിന് ശേഷം അവളെ ഞാന്‍ ഒരിടത്തും ഒറ്റയ്ക്ക് വിടാതെയായി. 

ഒരു അപരിചിതനായി എത്തി ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പിന്നീട് അവളുമായി പ്രണയത്തിലായി, വീണ്ടും ഞാന്‍ അവള്‍ക്ക് ഒരു അപരിചിതനായി മാറുമോ എന്നാണ് എന്റെ ഏറ്റവും വലിയ ഭയം. എന്തായാലും ഒരു ദിവസം ഞാന്‍ ആരാണെന്ന്  അവള്‍ മറന്നു പോകുമെന്ന് എനിക്കറിയാം. എങ്കിലും അവള്‍ക്കരികില്‍ ഞാനുണ്ട്, ഞങ്ങളാരായിരുന്നു എന്ന് എപ്പോഴും അവളെ ഓര്‍മപ്പെടുത്താന്‍, ചുനിയും ഓംകാറും ജീവിതകാലമത്രയും സന്തോഷത്തോടെയാണ് ജീവിച്ചതെന്ന് ഓര്‍മിപ്പിക്കാന്‍...

Content highlights: Humans of Bombay facebook post, an elderly man share his life experience about his wife with dementia