വിവാഹ ബന്ധത്തില്‍ നിന്ന് തിരിച്ചു നടക്കുക എന്നത് ഏതൊരു വ്യക്തിയേയും സംബന്ധിച്ച് വേദനയേറിയ കാര്യമാണ്. അതിനൊപ്പം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും സാമ്പത്തിക പ്രയാസങ്ങളും കൂടിയുണ്ടെങ്കില്‍ അത് നമുക്ക് ഒരിക്കലും താങ്ങാന്‍ കഴിയുന്നതാകില്ല. മനസ്സാന്നിധ്യം കൈവിടാതെ തനിച്ച് പൊരുതേണ്ട അവസ്ഥയാകും മുന്നിലുണ്ടാകുക. ഈ ഘട്ടത്തില്‍ ആരെങ്കിലും ഒരു തണലായി കൂടെയുണ്ടെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചുപോകും.

To advertise here,

അത്തരത്തില്‍ വിവാഹമോചിതരായ, കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന സ്ത്രീകള്‍ക്കായി അമേരിക്കയില്‍ വീടുകളുണ്ട്. ഇത്തരം സിംഗിള്‍ മദേഴ്‌സ് ഒരുമിച്ച് കഴിയുന്ന വീടുകളെ 'മമ്മ്യൂണ്‍സ്' (mommunes) എന്നാണ് വിശേഷിപ്പിക്കുന്നത്. ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍വില്ലയ്ക്ക് അടുത്ത് ഇത്തരത്തില്‍ ഒരു വീടുണ്ട്. വിവാഹമോചിതരായ രണ്ട് സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ അവിടെ കഴിയുന്നു. 

ഈ രണ്ട് സ്ത്രീകളില്‍ ഒരാളായ ക്രിസ്റ്റിയന്‍ ബാറ്റികീഫറാണ് ഈ കൂട്ടായ്മയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ക്രിസ്റ്റ്യന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ജോലി കൂടി നഷ്ടപ്പെട്ടതോടെ മകളെ എങ്ങനെ നോക്കും എന്നറിയാതെ ക്രിസ്റ്റിയന്‍ മാനസിക സമ്മര്‍ദത്തിലായി. തുടര്‍ന്ന് സുഹൃത്തിനെ ബന്ധപ്പെടുകയും അവര്‍ താമസിക്കുന്ന നാല് ബെഡ്‌റൂം ഫ്‌ളാറ്റിലേക്ക് താമസം മാറുകയും ചെയ്തു. പിന്നീട് ക്രിസ്റ്റ്യന്റെ അടുത്ത കൂട്ടുകാരി ടെസ്സ ഗ്ലൈഡറും ആ വീട്ടിലെത്തി. അവരും രണ്ട് കുഞ്ഞുങ്ങളോടൊപ്പം ക്രിസ്റ്റ്യന്റെ അതേ അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്. 

ഇരുവരുടേയും കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണ് കളിച്ചുവളരുന്നത്. മൂന്നു പേരുടേയും സംരക്ഷണം രണ്ടു പേര്‍ക്കുമാണ്. വാടകയും ഇവര്‍ പങ്കുവെയ്ക്കുന്നു. അടുത്ത വര്‍ഷമാകുമ്പോഴേക്കും സ്വന്തമായി വീട് പണിയണം എന്നതാണ് ഇവരുടെ സ്വപ്‌നം. തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ ഈ വിശേഷങ്ങളെല്ലാം ക്രിസ്റ്റിയന്‍ പങ്കുവെയ്ക്കാറുണ്ട്.

ഇത്തരത്തില്‍ 'സൈറന്‍ ഹൗസ്' എന്ന പേരില്‍ ഒരു വീട് കൂടി അമേരിക്കയിലുണ്ട്. വിവാഹമോചിതരായ നാല് സ്ത്രീകളാണ് കുഞ്ഞുങ്ങള്‍ക്കൊപ്പം ഇവിടെ കഴിയുന്നത്. ഗ്രീക്ക് പുരാണത്തില്‍ പറയുന്ന പാതിസ്ത്രീയുടെ ശരീരവും പാതി പക്ഷിയുമായ സൈറന്റെ പേര് തന്നെ ഇവര്‍ ഒരുമിച്ച് വീടിന് തിരഞ്ഞെടുക്കുകയായിരുന്നു.

ഹോളി ഹാര്‍പ്പര്‍, ഹെറിന്‍ ഹോപ്പര്‍ എന്ന രണ്ട് സുഹൃത്തുക്കളുടെ തലയിലുദിച്ച  ആശയമാണിത്. 2002-ലാണ് ഹോളിയും ഹെറിനും വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ഒമ്പതു വയസ്സുകാരി മകളുമായി തനിച്ച് താമസിക്കുന്ന ഹോളിയും 13,9 വയസ്സ് വീതം പ്രായമുള്ള രണ്ട് മക്കളുമായി ജീവിക്കുന്ന ഹെറിനും പരസ്പരം സംസാരിക്കുന്നത് പതിവായിരുന്നു. ഒറ്റപ്പെട്ടുപോയതിന്റെ സങ്കടം പങ്കുവെയ്ക്കുന്നതിനിടെയാണ് രണ്ടു പേര്‍ക്കും ഒരുമിച്ച് വീടെടുത്ത് താമസിക്കാം എന്ന് വെറുതെ പറഞ്ഞത്. അത് പിന്നീട് ഗൗരവമുള്ള കാര്യമായി മാറി. വീട്ടുചെലവ് പങ്കിടാം എന്നതായിരുന്നു ഇതിലേക്ക് നയിച്ച പ്രധാന കാരണം. ഒടുവില്‍ ടക്കോമ പാര്‍ക്കില്‍ നാല് യൂണിറ്റുള്ള ഒരു വീട് ഇരുവരും കണ്ടെത്തി. 

placeholder
.
സൈറന്‍ ഹൗസിലെ അംഗങ്ങള്‍ | Photo: instagram/ holy harper

മിച്ചമുള്ള രണ്ട് യൂണിറ്റിലേക്ക് സമാനമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന രണ്ട് വാടക്കാരേയും കണ്ടെത്തി. അങ്ങനെ രണ്ട് മക്കള്‍ക്കൊപ്പം ലിയാന്‍ഡ്രയും മക്കളില്ലാതെ തനിച്ച് കഴിയുന്ന ജെന്‍ ജേക്കബ്‌സും ഇവര്‍ക്കൊപ്പം ചേര്‍ന്നു. 

അഞ്ച് മക്കളെ ഇവര്‍ നാല് പേരും ചേര്‍ന്നാണ് വളര്‍ത്തുന്നത്. എന്തുകാര്യവും ഇവര്‍ പരസ്പരം പങ്കുവെയ്ക്കും. കുട്ടികള്‍ സഹോദരങ്ങളെപ്പോലെയാണ് വളരുന്നതെന്നും ഓരോ യൂണിറ്റിലും പ്രത്യേകം അടുക്കള ഉണ്ടെങ്കിലും എപ്പോഴും ഒരുമിച്ച് സമയം ചിലവഴിച്ചാക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഇവര്‍ പറയുന്നു. തൊഴില്‍ മേഖലയിലും അവര്‍ പരസ്പരം താങ്ങും തണലുമാകുന്നു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കണമെന്നും ഇവര്‍ പറയുന്നു.