അകലങ്ങളേയും അടുപ്പമാക്കുന്നതാണ് സൗഹൃദം. രാജ്യത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാത്ത അനശ്വര സൗഹൃദങ്ങള്‍ക്ക് നമ്മുടെ മുന്നിലും മാതൃകകളുണ്ട്. ലോകം ഒരു ചെറിയ സ്‌ക്രീനിലേക്കൊതുങ്ങിയ ഇന്ന് സൗഹൃദത്തിന് പരിമിതിയില്ല താനും. ഡിജിറ്റല്‍ യുഗത്തിനും മുമ്പ് കത്തുകളിലൂടെ സൗഹൃദം പങ്കുവെച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.  

To advertise here,

പ്രിയപ്പെട്ടവരുടെ വിശേഷങ്ങളറിയാന്‍ ദിവസങ്ങളും മാസങ്ങളും കാത്തിരുന്ന കാലം. ഡി.എമ്മിന്റെയും സ്‌നാപ്പുകളുടെയും വര്‍ത്തമാനകാല സൗഹൃദങ്ങള്‍ക്ക് പരിചിതമാവില്ല കടുംചുവപ്പ് പെട്ടി തുറന്ന് പോസ്റ്റുമാന്റെ സൈക്കിളേറി വന്ന പ്രണയ-സൗഹൃദ സന്ദേശങ്ങള്‍. എന്നാല്‍ ബ്ലൂടിക്കുകള്‍ക്കപ്പുറത്ത് ഇന്നും സ്‌നേഹത്തിന്റെ കൈപ്പടയിലെഴുതിയ കത്തുകള്‍ക്ക് കാത്തിരിക്കുന്ന ഒരു കൂട്ടരുണ്ട്. പെന്‍ പാലുകള്‍ 

അപരിചിതരായ വ്യക്തികളുമായി കത്തിലൂടെ സൗഹൃദം പങ്കുവെയ്ക്കുന്നതാണ് പെന്‍പാലിങ്ങ്. പേരുപോലെ തന്നെ പേനയിലൂടെ ലഭിക്കുന്ന സുഹൃത്തുക്കൾ. ഇവരില്‍ പലരും നേരിട്ട് കണ്ടിട്ടുണ്ടാവണമെന്നുപോലുമില്ല.  വിദേശരാജ്യങ്ങളിലുള്ളവരുമായി ബന്ധപ്പെടാനാണ് പെന്‍ പാലിങ്ങ് കൂടുതലായും ഉപയോഗിക്കുന്നത്. വിദേശഭാഷകള്‍ സായത്തമാക്കാനും മറ്റു രാജ്യങ്ങളിലെ ജീവിതരീതിയെ കുറിച്ചും മറ്റുമറിയാനും പെന്‍പാലിങ്ങ് സഹായിക്കുന്നു. ഒരു കാലത്ത് വ്യാപകമായിരുന്ന പെന്‍പാലിങ്ങ് സാമൂഹിക മാധ്യമങ്ങളുടെ വരവോടെ കുറഞ്ഞിരുന്നു. എന്നാല്‍ അതേ സാമൂഹികമാധ്യമങ്ങളെ സാധ്യതയാക്കി കൂടുതല്‍ പെന്‍ പാല്‍ സൗഹൃദങ്ങള്‍ ഇന്ന് വളര്‍ന്നുവരുന്നു. 

ഇൻസ്റ്റഗ്രാമുകളിലൂടെയും മറ്റും പരിചയപ്പെടുന്ന ആളുകൾ മേൽവിലാസം കൈമാറി പെൻപാലിങ്ങ് സൗഹൃദത്തിലേക്ക് കടക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ വിവിധ പെൻപാലിങ്ങ് ഗ്രൂപ്പുകളുമുണ്ട്. കൂടാതെ പത്രമാധ്യമങ്ങൾ, ക്ലബുകൾ, വിവിധ സംഘടനകൾ വഴിയും പെൻപാലിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മകൾ പെൻപാലുകളെ നേരിട്ട് കാണാനും അവസരമുണ്ടാക്കാറുണ്ട്. 

കേരളത്തിലും പെൻപാൽ സൗഹൃദങ്ങളെ ചേർത്തുപിടിക്കുന്ന ഒരുപാടു പേരുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തൂലികാ സുഹൃത്തുക്കളെ നേടി ശ്രദ്ധേയയായ വ്യക്തിയാണ് മലപ്പുറം അരീക്കോട് സ്വദേശിനി റെസ്ബിൻ അബ്ബാസ്.