
'എന്റെ ഈ നേട്ടത്തില്‍ എന്നേക്കാള്‍ സന്തോഷിക്കുക ദിനേശ് കാര്‍ത്തിക്കായിരിക്കും. അമ്മയായ ശേഷമുള്ള എന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരം. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം സ്‌ക്വാഷിലേക്ക് തിരിച്ചെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അതെല്ലാം മറികടക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നതും ഫിറ്റ്നസ് വീണ്ടെടുത്തതുമെല്ലാം കാര്‍ത്തിക് നല്‍കിയ പിന്തുണയിലാണ്. ഞാന്‍ ഇനി അടുത്ത 20 വര്‍ഷം സ്‌ക്വാഷ് കളിച്ചാലും കാര്‍ത്തിക് എല്ലാ പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് എനിക്കുറപ്പാണ്.'- ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം ദീപിക പള്ളിക്കലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ജീവിതത്തില്‍ താങ്ങും തണലുമായി നില്‍ക്കുന്നതുപോലെ കരിയറിലും ദിനേശ് കാര്‍ത്തിക് എന്ന ഭര്‍ത്താവ് തന്നെ എത്രത്തോളം ചേര്‍ത്തിപിടിച്ചിരിക്കുന്നു എന്നത് ദീപികയുടെ വാക്കുകളില്‍ വ്യക്തമാണ്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2015 ഓഗസ്റ്റ് 18-നായിരുന്നു ഇന്ത്യന്‍ കായികരംഗത്തെ 'ഡി കപ്പ്ളാ'യ ദിനേശ് കാര്‍ത്തിക്കിന്റേയും ദീപിക പള്ളിക്കലിന്റേയും വിവാഹം. പ്രൊഫഷണല്‍ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും പ്രതിസന്ധികളിലൂടെ സഞ്ചരിച്ച് സന്തോഷം, സമാധാനം എന്നീ വാക്കുകളുടെ ഉറവിടം കണ്ടെത്തിയവര്‍. കുട്ടിക്കാലം മുതല്‍ കഠിനാധ്വാനം ചെയ്താണ് ഇരുവരും ഇന്ത്യന്‍ ജഴ്സിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 2010-ല്‍ ഒരു മാരത്തണ്‍ മത്സരത്തിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. എന്നാല്‍ അതൊരിക്കലും 'ആദ്യ കാഴ്ച്ചയിലെ പ്രണയം' ആയിരുന്നില്ല. പരസ്പരം മനസിലാക്കി അടുത്ത സുഹൃത്തക്കളായതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ആദ്യ വിവാഹത്തിലെ തിരിച്ചടി
തമിഴ്നാട്ടിലെ ചെന്നൈയില്‍ ജനിച്ച കാര്‍ത്തിക് കുട്ടിക്കാലം ചെലഴിച്ചത് കുവൈത്തിലാണ്. പിന്നീട് ചെന്നൈയിലെത്തി പഠനം തുടര്‍ന്ന കാര്‍ത്തിക്കിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചത് അച്ഛനായിരുന്നു. ഒരു ക്രിക്കറ്റ് താരമാകണമെന്ന തന്റെ ആഗ്രഹം പാതിവഴിയില്‍ കൊഴിഞ്ഞുപോയതുപോലെ കാര്‍ത്തിക്കിന്റെ ജീവിതവും ഒന്നുമല്ലാതായിപ്പോകരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്കാലം മുതല്‍ ദിനേശ് കഠിനമായ പരിശീലനത്തിലൂടെയാണ് കടന്നുപോയത്.

തമിഴ്നാടിന്റെ രഞ്ജി ടീമില്‍ ഇടം കണ്ടെത്തിയ കാര്‍ത്തിക് ഒരു വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ എന്ന നിലയില്‍ വേഗത്തില്‍ വളര്‍ന്നു. തമിഴ്നാടിനായി രഞ്ജി ട്രോഫിയില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഇന്ത്യയുടെ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമില്‍ ഇടം നേടിക്കൊടുത്തു. പിന്നാലെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനുമായി. വൈകാതെ 2004 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരേ കാര്‍ത്തിക് ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറി.
2007-ല്‍ തന്റെ ഇരുപത്തിരണ്ടാം വയസില്‍ താരം വിവാഹിതനായി. ബാല്യകാല സുഹൃത്ത് നികിത വഞ്ജാരയായിരുന്നു വധു. ഇരുകുടുംബങ്ങളും പരസ്പരം സംസാരിച്ച് ഇരുവരുടേയും വിവാഹം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ വിവാഹബന്ധത്തിന് അഞ്ച് വര്‍ഷത്തെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളു. കാര്‍ത്തിക്കിന്റെ അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന മുരളി വിജയുമായുള്ള നികിതയുടെ പ്രണയം കാര്‍ത്തിക്കിനെ പിടിച്ചുലച്ചു. ഇനി ബന്ധം മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് മനസിലാക്കിയ കാര്‍ത്തിക് 2012-ല്‍ നികിതയുമായി വേര്‍പിരിഞ്ഞു. അതേവര്‍ഷം നികതയും മുരളിയും വിവാഹിതരായി.
ഔട്ട് ഓഫ് ഫോം
നികിതയുമായുള്ള വേര്‍പിരിയല്‍ കാര്‍ത്തിക്കിന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. മാനസികാരോഗ്യത്തേയും അത് ബാധിച്ചു. ഒന്നിലും ശ്രദ്ധിക്കാന്‍ കാര്‍ത്തിക്കിന് കഴിഞ്ഞില്ല. കരിയറിലും അത് കരിനിഴല്‍ വീഴ്ത്തി. ഒരു വര്‍ഷത്തോളം ഏകദിന ടീമില്‍ നിന്ന് പോലും തഴയപ്പെട്ടു. ഇതിനിടയിലാണ് കാര്‍ത്തിക് ദീപികയെ വീണ്ടും കണ്ടുമുട്ടുന്നത്.
ഒരു ജിമ്മിലായിരുന്നു കൂടിക്കാഴ്ച്ച. ഇരുവരുടേയും ഫിറ്റ്നസ് കോച്ച് ബസു ശങ്കര്‍ എന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന് കീഴില്‍ ഒരേ ജിമ്മില്‍ ഇരുവരും ഫിറ്റ്നസ് ക്ലാസിനെത്തും. അന്ന് പക്ഷേ ദീപിക, കാര്‍ത്തിക്കിനോട് ഒരു 'ഹായ്-ബൈ' പോലും പറയാറില്ലായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രശസ്തിയും പണവും മറ്റ് കായിക ഇനങ്ങളെ ചിത്രത്തിലേ ഇല്ലാതാക്കുന്നുവെന്നും ക്രിക്കറ്റ് താരങ്ങള്‍ ജാഡയുള്ളവരാണെന്നുമായിരുന്നു ദീപികയുടെ തെറ്റിദ്ധാരണ. അതിനാല്‍ കാര്‍ത്തിക്കില്‍ നിന്ന് പരമാവധി അകലം സൂക്ഷിച്ചു.

എന്നാല്‍ കാര്‍ത്തിക്ക് ദീപികയോട് സംസാരിക്കാന്‍ താത്പര്യം കാണിച്ചു. പതുക്കെ കാര്‍ത്തിക്കുമായി അടുത്ത ദീപിക തന്റെ ധാരണകളെല്ലാം തെറ്റാണെന്ന് മനസിലാക്കി. അങ്ങനെ കാര്‍ത്തിക്കുമായി സൗഹൃദത്തിലായി. ഇതിനിടയില്‍ കാര്‍ത്തിക്കിന് ദീപികയോട് പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ച് ദീപികയ്ക്ക് അങ്ങനെയൊരു ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്റെ പ്രണയം തുറന്നുപറയാന്‍ കാര്‍ത്തിക് ധൈര്യപ്പെട്ടതുമില്ല.
ദീപികയെ കാണാന്‍ ഇംഗ്ലണ്ടിലേക്ക്
2013-ലെ ഒരു ഫെബ്രുവരി മാസം ദീപിക തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. കാര്‍ത്തികായിരിക്കും തന്റെ ജീവിതപങ്കാളിയെന്ന് ദീപികയുറപ്പിച്ച ദിവസം അന്നായിരുന്നു. ഇംഗ്ലണ്ടിലെ ലീഡ്സില്‍ സ്‌ക്വാഷ് പരിശീലനത്തിന് പോയതായിരുന്നു ദീപിക. അവിടെ ദീപികയെ കാണാന്‍ ഒരു അപ്രതീക്ഷിത അതിഥിയെത്തി. മറ്റാരുമല്ല, ദിനേശ് കാര്‍ത്തിക്.
ആ സംഭവം ദീപിക വിവരിക്കുന്നത് ഇങ്ങനെയാണ്. 'ഞാന്‍ ലീഡ്സില്‍ ഒരാഴ്ച്ചത്തെ പരിശീലനത്തിന് പോയതായിരുന്നു. അവിടെ എന്നെത്തേടി കാര്‍ത്തിക് എത്തി. ഇന്ത്യയില്‍ നിന്ന് വിമാനം കയറി ഇംഗ്ലണ്ടിലെത്തിയത് എന്നെക്കാണാന്‍ വേണ്ടി മാത്രമായിരുന്നു. അതും ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയില്‍. ആ നിമിഷം എനിക്ക് കാര്‍ത്തിക്കിനോട് പ്രണയം തോന്നി. അതുപോലൊരു സര്‍പ്രൈസ് ഒരുക്കാന്‍ എല്ലാവര്‍ക്കും കഴിയില്ലെന്ന് ഞാന്‍ മനസിലാക്കി. ഉള്ളില്‍ ഒരുപാട് സ്നേഹമുള്ളതിനാലാണ് അത്രയും ദൂരം പിന്നിട്ട് കാര്‍ത്തിക് എത്തിയത്.'
ഇതിന് പിന്നാലെ ഐപിഎല്ലില്‍ കാര്‍ത്തിക്കിന്റെ മത്സരങ്ങള്‍ കാണാന്‍ ദീപിക സ്റ്റേഡിയത്തിലെത്തി തുടങ്ങി. കാര്‍ത്തിക് ബാറ്റ് ചെയ്യുമ്പോള്‍ ദീപികയുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ഇരുവരും തമ്മില്‍ പ്രണയത്തിലാണന്നെ തരത്തില്‍ വാര്‍ത്തകളും വന്നുതുടങ്ങി. ഏകദിന ടീമില്‍ തിരിച്ചെത്തിയ കാര്‍ത്തിക് 2013-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ കൂടെ ദീപികയുമുണ്ടായിരുന്നു. അന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയത് ആഘോഷിക്കാന്‍ ദീപികയും ടീമിനൊപ്പമുണ്ടായിരുന്നു.

പ്രൊപ്പോസല്‍, പിന്നാലെ വിവാഹം
ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ജൂണില്‍ ദീപികയെ കാര്‍ത്തിക് പ്രൊപ്പോസ് ചെയ്തു. ദീപിക സമ്മതം മൂളി. 'എല്ലാ കാര്യങ്ങളും വളരെ വേഗത്തിലാണ് നടന്നത്. അത് ഞങ്ങളുടെ നല്ലതിന് വേണ്ടിയായിരുന്നു. എല്ലാ ചടങ്ങുകളും വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഞങ്ങള്‍ രണ്ടു പേര്‍ക്കും കരിയറിലെ കമ്മിറ്റ്‌മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുള്ളു. അതുകൊണ്ടുതന്നെ വിവാഹനിശ്ചയവും വളരെ പെട്ടെന്ന് നടത്താന്‍ തീരുമാനിച്ചു.' ദീപിക പറയുന്നു.
2013 നവംബര്‍ 15-നായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹനിശ്ചയം നടന്നു.
ചുവപ്പ് നിറത്തിലുള്ള സാരിയായിരുന്നു ഒരു ചടങ്ങില്‍ ദീപികയുടെ വേഷം. മറ്റൊന്നില്‍ റിതുകുമാര്‍ ഡിസൈന്‍ ചെയ്ത ക്രീം നിറത്തിലുള്ള സാരിയും അണിഞ്ഞു. നീല നെഹ്‌റു ജാക്കറ്റും ക്രീം കുര്‍ത്തയും വെള്ള പൈജാമയുമായിരുന്നു ഇരു ചടങ്ങുകളിലേയും കാര്‍ത്തിക്കിന്റെ ഔട്ട്ഫിറ്റ്.
രണ്ട് വിവാഹച്ചടങ്ങുകള്‍
2014-ല്‍ വിവാഹിതരാകാനായിരുന്നു ഇരുവരുടേയും പ്ലാന്‍. എന്നാല്‍ ദീപികയ്ക്ക് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിക്കാനുള്ളതിനാല്‍ വിവാഹം 2015-ലേക്ക് മാറ്റി. വ്യക്തിഗത ജീവിതത്തിനൊപ്പംതന്നെ കരിയറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നവരാണ് തങ്ങളെന്നും അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ദീപിക പറയുന്നു.

2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജോഷ്‌ന ചിന്നപ്പ്‌യ്‌ക്കൊപ്പമുള്ള ദീപികയുടെ സ്വര്‍ണനേട്ടം കാണാന്‍ ഗ്ലാസ്‌ഗോയില്‍ കാര്‍ത്തിക് എത്തിയിരുന്നു. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മുഖാമുഖം വരുന്ന രീതിയില്‍ ഡ്രോ നടത്തിയ നടപടിക്കെതിരേ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറുമെന്ന് ദീപിക പ്രഖ്യാപിച്ചപ്പോള്‍ അതിന് പിന്തുണയുമായി കാര്‍ത്തിക് ഒപ്പംനിന്നു. എന്നാല്‍ ദീപിക പിന്നീട് തീരുമാനം മാറ്റി. താന്‍ പങ്കെടുത്തില്ലെങ്കില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതകള്‍ കുറയുമെന്നും രാജ്യത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും പിന്നീട് ദീപിക വ്യക്തമാക്കിയിരുന്നു. അന്ന് വ്യക്തിഗത വിഭാഗത്തില്‍ വെങ്കലവും ടീം ഇനത്തില്‍ വെള്ളിയും ദീപിക നേടി. ഇതിന് പിന്നാലെ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും താരം പിന്മാറി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വേതനം നല്‍കാത്തതിലുള്ള പ്രതിഷേധമായിട്ടായിരുന്നു ആ പിന്മാറ്റം. അന്ന് ദീപികയെ പലരും വിമര്‍ശിച്ചപ്പോഴും കാര്‍ത്തിക് കൂടെത്തന്നെയുണ്ടായിരുന്നു.
2015 ഓഗസ്റ്റ് 18-ന് ചെന്നൈയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. യുഎസ്എയില്‍ നിന്ന് കൊണ്ടുവന്ന, സ്വരോസ്‌കി ക്രിസ്റലുകളുള്ള, വെള്ള ഗൗണായിരുന്നു ദീപികയുടെ ഔട്ട്ഫിറ്റ്. കറുപ്പ് സ്യൂട്ടായിരുന്നു കാര്‍ത്തിക്കിന്റെ വേഷം. ഇതിന് മുമ്പ് അടുത്ത സുഹൃത്തുക്കള്‍ക്കായി ദീപിക ബാച്ചിലര്‍ പാര്‍ട്ടി നടത്തി. ദീപികയുടെ പ്രിയപ്പെട്ട പിങ്ക് നിറമായിരുന്നു ഈ പാര്‍ട്ടിയുടെ തീം. ക്രിസ്ത്യന്‍ വിവാഹത്തിന് പിന്നാലെ ഇരുവരും ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി. മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു അന്ന് ദീപികയുടെ വേഷം.
നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ്
വിവാഹജീവിതം തുടങ്ങി മൂന്നു വര്‍ഷത്തിന് ശേഷം അമ്മയാകാനുള്ള തയ്യാറെടുപ്പുകള്‍ ദീപിക ആരംഭിച്ചിരുന്നു. അതിനായി തന്റെ പ്രിയപ്പെട്ട സ്‌ക്വാഷില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വരുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എല്ലാം ദീപികയുടെ സ്വതന്ത്ര്യവും തിരഞ്ഞെടുപ്പുമാണെന്ന നിലപാടാണ് കാര്‍ത്തിക് സ്വീകരിച്ചത്. താന്‍ കാരണം ഒരിക്കലും ദീപിക സ്‌ക്വാഷ് കരിയര്‍ നഷ്ടപ്പെടുത്തരുതെന്ന് കാര്‍ത്തിക്കിന് നിര്‍ബന്ധമുണ്ടായിരുന്നു.

2018 മുതല്‍ 2022 വരെ നീളുന്ന നാല് വര്‍ഷം ദീപിക കുടുംബജീവിതത്തിനായി മാറ്റിവെച്ചു. 2021 ഒക്ടോബറില്‍ ദീപികയ്ക്കും കാര്‍ത്തിക്കിനും ഇരട്ട ആണ്‍കുട്ടികള്‍ ജനിച്ചു. കബീര്‍, സിയാന്‍ എന്നിങ്ങനെയാണ് അവര്‍ക്ക് പേര് നല്‍കിയത്. ജീവിതത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു ആ ഇടവേളയെന്ന് ദീപിക പിന്നീട് വ്യക്തമാക്കിയിരുന്നു.
കുഞ്ഞുങ്ങള്‍ ജനിച്ച് നാല് മാസത്തിനുള്ളില്‍ ദീപിക വീണ്ടും പരിശീലനത്തിനിറങ്ങി. 2022 ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസും 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസും മുന്നില്‍ക്കണ്ടായിരുന്നു പരിശീലനം. നാല് വര്‍ഷത്തിനിടയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുക്കുക എന്നത് വെല്ലുവിളിയായിരുന്നു. പലപ്പോഴും പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ ക്ഷമയോടെ മുന്നോട്ടുപോകാനുള്ള ഊര്‍ജം ദീപികയ്ക്ക് നല്‍കിയത് കാര്‍ത്തിക്കായിരുന്നു. അതൊന്നും വെറുതെയായില്ല. ബെര്‍മിങ്ഹാമില്‍ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ദീപിക ഹാങ്ചൗ ഇരട്ടസ്വര്‍ണവും കഴുത്തിലണിഞ്ഞു.
Content Highlights: dinesh karthik and dipika pallikal love story
Published: 17 Dec 2023, 11:35 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented