മാതൃത്വം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ള താരമാണ് ബോളിവുഡ് നടി ദിയ മിർസ. കഴിഞ്ഞ മേയിലാണ് ദിയ മകൻ അയാന് ജന്മം നൽകിയത്. തുടർന്നങ്ങോട്ട് മകനെക്കുറിച്ചുള്ള വിശേഷങ്ങൾ പതിവായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുമുണ്ട് ദിയ. ഇപ്പോഴിതാ വീണ്ടും ​ഗർഭകാലത്തെ ഫോട്ടോ പങ്കുവെച്ച് മനോഹരമായൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിയ. 

To advertise here,

പ്രകൃതി തനിക്ക് സമ്മാനിച്ച ഏറ്റവും നല്ല സമ്മാനമാണ് മാതൃത്വം എന്ന് ദിയ കുറിക്കുന്നു. ഗർഭിണിയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞതു മുതൽ ഇങ്ങോട്ടുള്ള ഓരോ ചെറിയ നിമിഷം പോലും താൻ ആസ്വദിക്കുകയായിരുന്നു എന്നു പറയുകയാണ് ദിയ. 

എന്നാൽ ​ഗർഭകാലത്തുണ്ടായ സങ്കീർണതകളെക്കുറിച്ചും ദിയ പങ്കുവെക്കുന്നുണ്ട്. പൂർണവളർച്ചയെത്തും മുമ്പുള്ള പ്രസവവും അതിനെത്തുടർന്നുള്ള സങ്കീർണതകളും തനിക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പറയുകയാണ് ദിയ. വെല്ലുവിളികളെ അതിജീവിച്ചതിനെക്കുറിച്ചും തന്നെ അമ്മയാക്കിയതിനും ശക്തമായി പിടിച്ചുനിന്നതിനും സ്നേഹത്തിന്റെ ശക്തി പഠിപ്പിച്ചതിനുമൊക്കെ മകന് നന്ദി പറയുന്നുമുണ്ട് ദിയ. 

നാലുമാസം ​ഗർഭിണിയായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ചാണ് ദിയയുടെ കുറിപ്പ്.

അഞ്ചാം മാസത്തിൽ തനിക്ക് അപ്പെൻ‍ഡിസൈറ്റിസ് സർജറിയിലൂടെ കടന്നുപോവേണ്ടി വന്നതിനെക്കുറിച്ച് ദിയ നേരത്തെ പങ്കുവെച്ചിരുന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ മൂലം തുടർച്ചയായി ആശുപത്രിയിൽ വന്നും പോയും ഇരിക്കുകയായിരുന്നു. ആറുമാസം ആയപ്പോഴേക്കും രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവിതം രക്ഷിച്ചതിൽ ​ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നുവെന്നും ദിയ അന്ന് പറഞ്ഞിരുന്നു. 

മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാൻ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെക്കുറിച്ചുമൊക്കെ മറ്റൊരു കുറിപ്പും ദിയയുടെ പങ്കുവെച്ചിരുന്നു.

2021ന് നന്ദി, എന്നെ ഒരു അമ്മയാക്കിയതിന്. അവിശ്വസനീയമായ ആഹ്ലാദങ്ങളാൽ നിറഞ്ഞ വർഷമായിരുന്നു കഴിഞ്ഞതെന്ന് ദിയ കുറിച്ചു. ഒപ്പം മരണത്തിനടുത്തെത്തി തിരികെ വന്ന അനുഭവമുണ്ടായെന്നും പൂർണവളർച്ചയെത്തും മുമ്പുള്ള കുഞ്ഞിന്റെ ജനനത്തെക്കുറിച്ചും ഉൾപ്പെടെയുള്ള പരീക്ഷണകാലത്തെക്കുറിച്ചും ദിയ കുറിച്ചു. 

നിരവധി കാര്യങ്ങൾ പഠിച്ചു. കഠിനമായ സമയങ്ങൾ ദീർഘകാലം ഉണ്ടാകില്ലെന്ന പാഠമാണ് ഏറ്റവും വലുത്. കൃതജ്ഞതയുളളവരാവുക. ഓരോ ദിനവും ആസ്വദിക്കുക- ദിയ കുറിച്ചു. 

അവ്യാൻ പിറന്ന് നാലുമാസമായതോടെ ഷൂട്ടിങ് തിരക്കുകളിലേക്കും മറ്റും താൻ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു. നാലുമണിക്കൂർ പോലും അവ്യാനിൽ നിന്ന് മാറിനിൽ‌ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും കാരണം അമ്മയ്ക്ക് അവ്യാനു വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു. 

Content Highlights: dia mirza on motherhood, pregnancy journey