
ഒരു നടന് വേണ്ട ആകാരവടിവോ ശബ്ദഗാംഭീര്യമോ ഒന്നുമില്ലാത്ത സാധാരണ വ്യക്തിയാണ് മാമുക്കോയ. എന്നിട്ടും തന്റേതായ ശൈലിയില്‍ അഭിനയിച്ച് കാണികളെ ചിരിപ്പിക്കാന്‍ മാമുക്കോയക്ക് കഴിഞ്ഞു. ജീവിതത്തില്‍ അടിമുടി ഗൗരവക്കാരാനാണ് അദ്ദേഹം. വീട്ടിലും മക്കളുടെ മുന്നിലുമെല്ലാം ചിരിക്കൊപ്പം ഗൗരവവും കലരും.
നാടകത്തിലായിരുന്നു തുടക്കം. എന്നാല്‍ ജീവിക്കാനുള്ള പണം കണ്ടെത്താന്‍ കല്ലായിയിലെ തടിമില്ലുകളില്‍ തടിയുടെ അളവെടുപ്പുകാരനായും പണിയെടുത്തു. ഇതിനിടയിലാണ് വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. മാമുക്കോയയുടെ വീടിന് അടുത്തുതന്നെയായിരുന്നു ഭാര്യ സുഹ്‌റാബീവിയുടേയും വീട്. സുഹ്‌റാബീവിയെ പെണ്ണുകാണാന്‍ പോയപ്പോള്‍ ഒരൊറ്റ കാര്യമേ മാമുക്കോയ പറഞ്ഞുള്ളു. 'ന്റെ ഭാര്യയായി വരാന്‍ അവള്‍ക്ക് പറ്റുമോ എന്നറിഞ്ഞാല്‍ മതി, സ്ത്രീധനം വേണ്ട, സ്വര്‍ണം ഉണ്ടെങ്കില്‍ കൊടുത്തോ''- ഇത് സുഹ്‌റാബീവിയുടെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നു.
കല്ല്യാണ സമയത്ത് ക്ഷണക്കത്ത് അടിക്കാനോ ചെരുപ്പ് പോലും വാങ്ങാനോ മാമുക്കോയയുടെ കൈയില്‍ കാശില്ലായിരുന്നു. നാടകരംഗത്തെ സുഹൃത്ത് വാസുപ്രദീപ് ആണ് കത്ത് അടിക്കാന്‍ സഹായം ചെയ്തത്. വാസുപ്രദീപിന്റെ കൈയക്ഷരം നല്ലതായിരുന്നു. അങ്ങനെ കല്ല്യാണക്കത്ത് എഴുതാന്‍ അദ്ദേഹത്തെ മാമുക്കോയ ഏല്‍പ്പിച്ചു. 'ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട്- ഇതായിരുന്നു ആ കത്തിലെ വരികള്‍.
ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് ആദ്യം മാമുക്കോയ പോയത്. 'ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം' എന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ സ്വന്തം മകന്റെ കല്ല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി കൊടുത്തു. ഗാനമേള വരെ സംഘടിപ്പിച്ചു. അങ്ങനെ 26-ാം വയസ്സില്‍ 15-കാരി സുഹ്‌റാബീവിയെ മാമുക്കോയ വിവാഹം ചെയ്തു.
അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് വാങ്ങാനുമൊക്കെയായി പൈസയ്ക്ക് ഭാര്യവീട്ടുകാരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. അതായിരുന്നു നാട്ടുനടപ്പ്. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ വാങ്ങിക്കുന്നതിനേക്കാളും നല്ലത് കെട്ടാതിരിക്കുന്നതാണ് എന്നതായിരുന്നു മാമുക്കോയയുടെ നിലപാട്. അത് പിന്നീട് അഭിമുഖങ്ങളില്‍ മാമുക്കോയ പറഞ്ഞിട്ടുണ്ട്.

മാമുക്കോയയുടെ നിഷ്‌കളങ്കമായ ചിരിയായിരുന്നു അന്ന് സുഹ്‌റാബീവിയെ ആകര്‍ഷിച്ചത്. ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചപ്പോള്‍ ആ ചിരി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. തുച്ഛമായ വരുമാനമുള്ള നാടകക്കാരനോടൊപ്പമുള്ള ജീവിതം കഷ്ടപ്പാട് മാത്രം നിറഞ്ഞതായിരുന്നു. എന്നാല്‍ സുഹ്‌റാബീവി ഒരു പരിഭവവും പറഞ്ഞില്ല. ഇരുവരും എല്ലാ സങ്കടങ്ങളും പങ്കിട്ടു. വീട് മേയാന്‍ വരെ പണമില്ലാത്ത അവസ്ഥ വന്നു. പിന്നീട് ആ വീടും വിറ്റ് കടം വീട്ടി. പക്ഷേ സുഹ്‌റാബീവി കൂടെത്തന്നെ നിന്നു. ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷ മാമുക്കോയക്ക് പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാലം വന്നെത്തുകയും ചെയ്തു.
വീട്ടില്‍ മാമുക്കോയയെ ഒരു താരത്തെ പോലെ ഒരിക്കലും സുഹ്‌റാബി കണ്ടിട്ടില്ല. അഭിനയിച്ച സിനിമ കണ്ടിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം മാത്രം പറയും. അടുത്തില്ലെങ്കില്‍ ഫോണിലൂടെ വിളിച്ച് അറിയിക്കും. 'തുടക്കം നന്നായിരുന്നു. അവസാന ഭാഗം അത്ര ഏറ്റില്ല കേട്ടോ'' എന്നാണ് പലപ്പോഴും പറയുക. ആരാധികമാരുടെ കത്തുകളും ഒരുപാട് വന്നിട്ടുണ്ട് മാമുക്കോയക്ക്. പുസ്തകത്തില്‍ വെയ്ക്കാന്‍ കളര്‍ ഫോട്ടോ അയച്ചു തരുമോ എന്ന് ചോദിച്ചാകും മിക്ക കത്തുകളും. ഇതെല്ലാം വായിച്ച് മാമുക്കോയ സുഹ്‌റാബിക്ക് കൊടുക്കും.
മാമുക്കോയ്ക്കും സു്ഹ്‌റാബിക്കും നാല് മക്കളാണുള്ളത്. നിസാര്‍, റഷീദ് എന്നീ ആണ്‍കുട്ടികളുംേ ഷാഹിദ, നാദിയ എന്നു പേരുള്ള പെണ്‍കുട്ടികളും. മക്കളെയെല്ലാം അവരുടെ ഇഷ്ടത്തിനാണ് വളര്‍ത്തിയതെന്നും അവരുടെ സ്വാതതന്ത്യമൊന്നും നിഷേധിച്ചിട്ടില്ലെന്നും മാമുക്കോയ മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ലോകം കണ്ട് വളരണം. 'ലോകത്ത് നിന്ന് അകറ്റി വീട്ടില്‍ത്തന്നെ അടക്കിനിര്‍ത്തുന്നത് മണ്ടത്തരമാണ്' എന്നതായിരുന്നു മാമുക്കോയയുടെ നിലപാട്.
Content Highlights: actor mamukkoyas marriage and family life
Published: 26 Apr 2023, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented