സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന നെറ്റ്ഫ്‌ളിക്‌സ്‌ പരമ്പര ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി റീലുകളും ഫോട്ടോഷൂട്ടുകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ ആറു പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്ററിലെ ചിത്രം പുനരാവിഷ്‌കരിച്ചുള്ള ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

To advertise here,

മലപ്പുറം നിലമ്പൂരില്‍ നിന്നുള്ള യുവതികളാണ് ഈ ഫോട്ടോഷൂട്ടിന് പിന്നില്‍. ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത മോഡലുകള്‍ക്കൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും സ്ത്രീകളാണെന്നതാണ് ഇതിന്റെ പ്രത്യേകത. നിലമ്പൂര്‍ സ്വദേശികളായ നുസ്മിയ പര്‍വിന്‍, റാസ്ബിന്‍, ഹൃദ്യ, ദേവിക, സായ് ഗായത്രി, ശബ്‌ന ജാസ്മിന്‍ എന്നിവരാണ് മോഡലുകളായത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ നുസ്മിയ പര്‍വിന്‍ തന്നെയാണ് മേക്കപ്പും ചെയ്തത്. ഫാത്തിമത്തുല്‍ ഫൗസിയയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ക്രീമില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ വരുന്ന അനാര്‍ക്കലി, ലെഹങ്ക പോലുള്ള ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്. ഇതിനൊപ്പം ട്രഡീഷണല്‍ ആഭരണങ്ങളും അണിഞ്ഞു. 

നിരവധി പേരാണ് ഈ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള രാജകുമാരിമാര്‍, എല്ലാവരുടേയും ആറ്റിറ്റിയൂഡ് മനോഹരമായിട്ടുണ്ട് എന്നിങ്ങനെയാണ് കമന്റുകള്‍.