സെൽഫികളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലുമാണ് ഇപ്പോൾ ആഘോഷം. വീട്ടിലിരുന്ന് വ്യത്യസ്തമായ വേഷത്തിൽ, മേക്കോവറിൽ ഒരുങ്ങി എത്രയെത്ര ഫോട്ടോകളും സെൽഫി വീഡിയോകളുമാണ് എല്ലാവരും പോസ്റ്റു ചെയ്യുന്നത്... സിംപിളായിട്ടാണെങ്കിലും വിശേഷദിവസങ്ങളിൽ ഒരുങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ്. വീട്ടിലിരിക്കുമ്പോൾ നോ മേക്കപ്പാണ് ട്രെൻഡ്. എന്നാൽ കണ്ണുകളോ ചുണ്ടുകളോ മാത്രം ഹൈലൈറ്റ് ചെയ്യുന്നവിധത്തിലുള്ള എൻഹാൻസ് മേക്കപ്പും ചിലർക്ക് ഇഷ്ടമാണ്. പ്രത്യേകിച്ചും സെൽഫി വീഡിയോകളിലും ക്യാമറയ്ക്കു മുന്നിലും തിളങ്ങാൻ ചിലർ ഇത് പരീക്ഷിക്കാറുണ്ട്. ഹെവി മേക്കപ്പ് ആവാതെ ചർമത്തിന്റെ സ്വാഭാവികതയും തിളക്കത്തെയും നിലനിർത്തിക്കൊണ്ടുതന്നെ ഒരുങ്ങാം.

To advertise here,

മേക്കപ്പ് പല സന്ദർഭത്തിലും പല തരത്തിലാണ്. പ്രായം, ചർമത്തിന്റെ സ്വഭാവം, പങ്കെടുക്കുന്ന ചടങ്ങിന്റെ രീതി... ഇങ്ങനെ പലതും നോക്കേണ്ടതുണ്ട്. എല്ലാ മേക്കപ്പ് വസ്തുക്കളും ഉപയോഗിക്കണമെന്നില്ല. നല്ലൊരു ചർമമാണെങ്കിൽ ക്ലെൻസർ കൊണ്ട് മുഖം വൃത്തിയാക്കിയാൽ മാത്രം മതി. എന്നാൽ മേക്കപ്പിന്റെ ചില പൊടിക്കൈകൾ അറിഞ്ഞിരുന്നാൽ വെറും അഞ്ചോ പത്തോ മിനുട്ട് കൊണ്ട് ഒരുങ്ങാനാവും.

1. ഫെയ്സ് വാഷ് കൊണ്ടു മുഖം കഴുകി വെള്ളം തുടച്ചെടുക്കണം.

  • വരണ്ട ചർമമുള്ളവർ ക്ളെൻസിങ് മിൽക്ക് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
  • ഓയ്ലി സ്കിൻ ആണെങ്കിൽ ആസ്ട്രിജന്റ് ഉപയോഗിക്കാം. ഇവർക്ക് ജെല്ലും പതയുള്ള തരത്തിലുള്ള ക്ലെൻസറും നല്ലതാണ്.

2. ചർമത്തിനനുയോജ്യമായ മോയിസ്ചറൈസർ പുരട്ടുക.

  • സൺ സ്ക്രീൻ അടങ്ങിയ മോയിസ്ചറൈസറാണ് നല്ലത്. സൺ പ്രൊട്ടക്ഷൻ 30 ഉള്ള, മികച്ച കമ്പനിയുടെ മോയിസ്ചറൈസർ തിരഞ്ഞെടുക്കുക. മേക്കപ്പ് തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പേ തന്നെ മോയിസ്ചറൈസർ പുരട്ടാം.

3. ഫൗണ്ടേഷന് മുമ്പ് പ്രൈമറിടാം. സിലിക്കൺ ബേസ്ഡ് പ്രൈമറിടുമ്പോൾ ചർമം കൂടുതൽ മൃദുലമാവും. ശേഷം ഫൗണ്ടേഷൻ ഇടാം.

  • വരണ്ട ചർമക്കാരും തിളക്കം കൂടുതൽ വേണമെന്നുള്ളവരും കോംപാക്ടോ ടാൽക്കം പൗഡറോ ഇടുന്നതിനുമുമ്പ് ലൈറ്റ് റിഫ്ളക്ടിങ് ലിക്വിഡ് ഫൗണ്ടേഷൻ പുരട്ടുന്നത് നന്ന്. ഇതാവുമ്പോൾ മുഖത്ത് അധികം മേക്കപ്പുള്ളതായി തോന്നില്ല. മാറ്റ് ഫിനിഷ് അല്ലെങ്കിൽ മിനറൽ പൗഡർ ഫൗണ്ടേഷൻ കിട്ടും. പൗഡർ പോലുള്ളവ. ഇവ പുരട്ടിയാൽ മുഖ്ത്ത് പാച്ചസ് വരില്ല.
  • മാറ്റ് ഫിനിഷ് ഫൗണ്ടേഷൻ എണ്ണമയമുള്ള ചർമക്കാർക്ക് നല്ലതാണ്.
  • സെൻസിറ്റീവ് ചർമമുള്ളവർ മേക്കപ്പിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്. ഹൈപോ അലർജനിക്പ്രൊഡക്ട് ഇവർക്ക് ഉപയോഗിക്കാം. രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത ആയുർവേദിക് പ്രൊഡക്ടുകളും നന്ന്.
  • കോമ്പിനേഷൻചർമമുള്ളവർക്ക് ലിക്വിഡ് ഫൗണ്ടേഷനാവും ചേരുക. കാഷ്വൽ മേക്കപ്പിന് ത്രീ ഇൻ വൺ ഫൗണ്ടേഷൻ വാങ്ങാം. ഇത് ഏതു ചർമക്കാർക്കും ഉപയോഗിക്കാം. കഴിവതും ഫൗണ്ടേഷൻ കൈകൊണ്ട് പുരട്ടാൻ ശ്രദ്ധിക്കണം.
  • ഇരട്ടത്താടിയുള്ളവർ ഡാർക്ക് ഷെയ്‌ഡ് ഫൗണ്ടേഷൻ ഇടുമ്പോൾ ലൈൻ പോലെ എടുത്തു കാണിക്കരുത്. അത് പടർത്തി ഒരുപോലെയാക്കണം.

4. ഫൗണ്ടേഷനിട്ട ശേഷം കോംപാക്ട് ഇടുക. ശേഷം കളർ കറക്ടറോ കൺസീലറോ ഉപയോഗിക്കാം.

  • കണ്ണിനു താഴെ എടുത്തുകാട്ടും വിധം കറുപ്പുനിറമുണ്ടെങ്കിൽ മാത്രം കൺസീലർ ബ്രഷ് ചെയ്യുക. കൺസീലർ അധികമായാൽ മേക്കപ്പിന്റെ ലുക്ക് തന്നെ മാറും.

5. മുഖത്തിന് പ്രത്യേകം തിളക്കം കിട്ടാൻ ഹൈലൈറ്റർ ഉപയോഗിക്കാം. പൗഡർ, ക്രീം, ലിക്വിഡ്, ക്രയോൺസ് രൂപത്തിലെല്ലാം ഹൈലൈറ്റർ വാങ്ങാൻ കിട്ടും. മുഖത്ത് നാല് സ്ഥലങ്ങളിലാണ് ഹൈലൈറ്റർ ഉപയോഗിക്കേണ്ടത്. കവിളെല്ല്, മൂക്കിനോടു ചേർന്നുള്ള കൺകോണ്, പുരികം, പുരികത്തിനു തൊട്ടുതാഴെ.

  • ഹൈലൈറ്റർ കൊണ്ടു മേക്കപ്പിട്ടാൽ ഫ്രഷ് ആയി തോന്നും. ചിരിക്കുമ്പോൾ ഉയർന്നു വരുന്ന കവിൾ ഭാഗത്താണ് ബ്ലഷ് പുരട്ടേണ്ടത്. റോസ് അല്ലെങ്കിൽ കോറൽ നിറത്തിലുള്ള ബ്ലഷ് ഭംഗിയാണ്. അതും ലൈറ്റായിട്ട് മതി.

6. പുരികത്തിനു കട്ടിയില്ലാത്തവർ ഐബ്രോ പെൻസിലുപയോഗിച്ച് ചെറുതായി പുരികം വരച്ചുകൊടുക്കുക. ഇനി ഐ മേക്കപ്പ് തുടങ്ങാം. കണ്ണിന്റെ മുകളിൽ ഐ ലൈനറും താഴെ കാജലും കൊണ്ട് വരയ്ക്കുക. ജെൽ, സ്റ്റിക്ക്, പെൻസിൽ കാജലുകൾ ലഭ്യമാണ്. ജെൽ കാജൽ പടരുകയില്ല. ശേഷം കൺപീലികളിൽ മസ്ക്കാരയിടാം.

  • ബ്ലാക്ക് ഐലൈനർ കണ്ണുകളെ എടുത്തുകാണിക്കും. പാർട്ടികൾക്ക് പോകുമ്പോൾ കളർ ഐലൈനറുകളും പരീക്ഷിക്കാം. ഐലൈനർ എഴുതിയ ശേഷം ക്യുടിപ് പെൻസിൽ കൊണ്ട് സ്മഡ്ജ് ചെയ്യുക.
  • ചെറിയ കണ്ണാണെങ്കിൽ അധികം വീതിയില്ലാതെ ചെറിയ ടെയ്ൽ ഇട്ടു വേണം ഐ ലൈനർ കൊണ്ട് വരയ്ക്കാൻ.
  • വലിയ കണ്ണാണെങ്കിൽ കുറച്ച് വീതി കൂട്ടി ഐ ലൈനർ കൊണ്ട് വരയ്ക്കാം.
  • കുഴിഞ്ഞ കണ്ണാണെങ്കിൽ കണ്ണിന്റെ താഴെ കൺമഷി, ജെൽ, മസ്കാര ഇവ ഇടരുത്. കണ്ണിന്റെ കുഴിവ് എടുത്തു കാട്ടും.
  • ഏതു നിറമുള്ള വസ്ത്രത്തിനും യോജിക്കുന്നത് ബ്രോൺസ് കളർ ഐഷാഡോ. ഇത് കണ്ണിന്റെ കോർണറിലും പുരട്ടുക.
  • വലിയ ഉണ്ടക്കണ്ണുള്ളവർ ഐ ലാഷിനോട് ചേർന്ന് വാലിട്ട് കണ്ണെഴുതാൻ നോക്കണം. കൃഷ്ണമണിയുടെ നിറം അനുസരിച്ച് ഐ ജെൽ തിരഞ്ഞെടുക്കുക.

7. കാഷ്വൽ മേക്കപ്പാവുമ്പോൾ ലിപ് ഗ്ലോസ് അല്ലെങ്കിൽ ലിപ് ബാം മതിയാവും. ആഘോഷങ്ങൾക്കാകുമ്പോൾ ലിപ് ലൈനർ കൊണ്ടു വരച്ച് ഉള്ളിൽ ലിപ്സ്റ്റിക് ഇടുക. ലിപ് ലൈനറിന്റെ കളറും ലിപ്സ്റ്റിക്കിന്റെ കളറും ഒന്നുതന്നെ ആയിരിക്കണം. ഇതിനു മുകളിൽ ലിപ് ഗ്ലോസ് ഇടുക.

  • ന്യൂഡ് ലിപ്സ്റ്റിക് ഇഷ്ടമുള്ളവർക്ക് അതുമാത്രം ഇട്ടാൽ മതി. ചിലർക്ക് ചുണ്ടുകൾ എടുത്ത് കാണിക്കാൻ ഇഷ്ടമായിരിക്കും. ഹെവി ലിപ്സ്റ്റിക് ഉപയോഗിക്കുന്നെങ്കിൽ ഐമേക്കപ്പിൽ ഐലൈനർ മാത്രം ഉപയോഗിച്ചാൽ മതി. അധിക മേക്കപ്പ് തോന്നുകയുമില്ല, ചുണ്ടുകൾ എടുത്ത് കാണിക്കുകയും ചെയ്യും. ലിപ്സ്റ്റിക്ക് ഇടുന്നതിനു മുമ്പ് മുഖത്തിടുന്ന ഫൗണ്ടേഷൻ ഒരൽപം എടുത്ത് ചുണ്ടിൽ പുരട്ടിയിട്ട് ലിപ്സ്റ്റിക് ഇടുന്നത് നന്നായിരിക്കും. കഴിവതും ചർമത്തിന്റെ സ്വാഭാവിക നിറത്തോടു ചേർന്നു നിൽക്കുന്ന തരത്തിൽ മാത്രം മേക്കപ്പ് ഇടുക. എങ്കിലേ നാച്വറലായി തോന്നൂ.

8. മുഖത്തിനിണങ്ങുന്ന തരത്തിലും ഇഷ്ടമുള്ളതുമായ ഹെയർസ്റ്റൈൽ പരീക്ഷിക്കാം. ലൂസ് ഹെയറും ഫ്രഞ്ച് ബ്രെയ്‌ഡും ബൺ സ്റ്റൈലുമാണ് ആഘോഷങ്ങളിൽ ട്രെൻഡ്. മുല്ലപ്പൂ ചൂടുമ്പോൾ അവ ചുറ്റിയെടുത്ത് കറുത്ത ചരട് കെട്ടി ബൺ ഹെയർസ്റ്റൈലിന് ചുറ്റും കെട്ടിവെക്കണം. ഇത് പെട്ടെന്ന് അഴിഞ്ഞുപോവാതെ ഭംഗിയിൽ മുടിയോടു ചേർന്നിരിക്കും. ഫ്രഞ്ച് ബ്രെയ്‌ഡ് ഹെയർസ്റ്റൈലാണെങ്കിൽ മുല്ലപ്പൂ നീളത്തിലെടുത്ത് ആവശ്യത്തിനനുസരിച്ച് മടക്കി കറുത്ത ചരടുകൊണ്ട് മുടിയോട് ചേർത്ത് കെട്ടാം. പിൻ, സ്ലൈഡ് എന്നിവ ഒഴിവാക്കാം.

  • മുഖാകൃതിക്കനുസരിച്ചാവണം ഹെയർ സ്റ്റൈൽ. നീണ്ട മുഖമുള്ളവർ നേരെ പുറകിലോട്ട് ചീകരുത്. ഇത് മുഖത്തിന് ഒന്നുകൂടി നീളം തോന്നിക്കും. ഇവർക്ക് സൈഡ് പാർട്ടിഷൻ ഇണങ്ങും.
  • വട്ടമുഖം ഉള്ളവർക്ക് ബാക്കിൽ ബമ്പ് ചെയ്യുന്നത് നന്നായിരിക്കും. ചതുര ഫേസ്, ഓവൽ ഫേസ് ഈ രണ്ടു തരം മുഖാകൃതി ഉള്ളവരും മുടി നേരെ വകഞ്ഞ് പാർട്ടിഷൻ എടുക്കുന്നത് നന്നായിരിക്കും. മുടി കേൾ ചെയ്തിടുന്നത് ഭംഗിയാണ്.
  • മുടിക്കെട്ട് ഏതു തരത്തിലായാലും സെറ്റ് ചെയ്തിട്ട് അതുപോലെയിരിക്കാൻ ഹെയർസ്പ്രേ ജെൽ ഉപയോഗിക്കുക.
  • സിറം ഉപയോഗിക്കുന്നത് മുടിക്ക് തിളക്കം കിട്ടാനാണ്. സിറം പുരട്ടുന്നത് മുടിയുടെ പുറമെ മാത്രമാവണം. ഒരിക്കലും സിറം തലയോട്ടിയിൽ പുരട്ടരുത്.
  • മുടി ചീകി വച്ച ശേഷം ഹെയർസ്പ്രേ മുടിക്കു മുകളിലായി സ്പ്രേ ചെയ്താൽ മുടി പറക്കില്ല. ഹെയർ സ്പ്രേ, സീറം തുടങ്ങിയവ ഉപയോഗിച്ചാൽ വൈകിട്ട് ഷാമ്പൂ ഇട്ട് മുടി നന്നായി കഴുകി കളയുകയും വേണം.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Easy Makeup tips for celebrations