ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കാമുകി ജോർജീന റോഡ്രിഗസും തമ്മിലുള്ള വിവാഹത്തിന്റെ ആദ്യ വീഡിയോ പുറത്തുവന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. വിവാഹത്തിനായി ഒരുങ്ങുന്ന ജോർജീനയുടെ ദൃശ്യങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. പരമ്പരാഗത വിവാഹ വസ്ത്രധാരണകൾ തിരുത്തിക്കുറിച്ചുകൊണ്ട് ഗുച്ചിയുടെ സ്‌കർട്ട് സ്യൂട്ടിലാണ് വധുവായി ജോർജീനയെത്തിയത്. വിവാഹം അതീവ ലളിതമായിരുന്നെങ്കിലും മിനിമലിസ്റ്റ് ലുക്കിലാണ് ജോർജീന എത്തിയതെങ്കിലും വിവാഹവസ്ത്രത്തിനൊപ്പം ജോർജീന ധരിച്ച ആഭരണങ്ങൾ അങ്ങനെയായിരുന്നില്ല. ആഡംബര ബ്രാൻഡായ ചോപാർഡിന്റെ ഏറ്റവും വിലയേറിയ 'ഗാർഡൻ ഓഫ് കലഹാരി' എന്നറിയപ്പെടുന്ന അമൂല്യ വജ്രശേഖരത്തിലെ ആഭരണങ്ങളാണ് അവർ വിവാഹത്തിനണിഞ്ഞത്. ലാളിത്യത്തിനൊപ്പം ആഡംബരം അഴകോടെ ചേർന്നുനിൽക്കുന്ന ക്ലാസിക് ലുക്കിലെത്തിയ ജോർജീന സോഷ്യൽ മീഡിയയുടെയും ഫാഷനിസ്റ്റകളുടെയും മനംകവർന്നു.

To advertise here,

ചോപാർഡ് സഹ-പ്രസിഡന്റും ആർട്ടിസ്റ്റിക് ഡയറക്ടറുമായ കരോലിൻ ഷുഫെൽ, 'ദി ക്വീൻ ഓഫ് കലഹാരി' എന്ന് വിശേഷിപ്പിച്ച 342 കാരറ്റ് ഭാരമുള്ള ഒറ്റ അപൂർവ്വ വജ്രക്കല്ലിൽനിന്ന് നിർമിച്ചതാണ് ജോർജീനയണിഞ്ഞ ആഭരണങ്ങൾ. ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലെ കലഹാരി മരുഭൂമിയിലുള്ള കരോവെ വജ്രഖനിയിൽനിന്ന് 2015-ലാണ് പ്രകൃതിദത്തമായ ഈ കൂറ്റൻ വജ്രം കണ്ടെത്തുന്നത്. നിറത്തിലും തെളിച്ചത്തിലും തികച്ചും അപൂർവ്വമായ 'D-Flawless' (പൂർണ്ണമായും കുറ്റമറ്റ) വിഭാഗത്തിൽപ്പെടുന്നതായിരുന്നു ഈ വജ്രക്കല്ല്. ഓരോ വജ്രവും കൃത്യമായ ആകൃതിയിലും വലിപ്പത്തിലും മുറിച്ചെടുക്കാൻ വിദഗ്ധരായ വജ്രപ്പണിക്കാർക്ക് ഒരു വർഷത്തോളം സമയമെടുക്കേണ്ടി വന്നു. ഇതിൽനിന്ന് 23 വജ്രങ്ങളാണ് മുറിച്ചെടുത്തത്. അതിൽ അഞ്ചെണ്ണത്തിന് 20 കാരറ്റിലധികം ഭാരമുണ്ടായിരുന്നു.

സൂര്യകാന്തിയായി മാറിയ 50 കാരറ്റ് വജ്രം

ആ അഞ്ച് വജ്രങ്ങളും ഹൃദയം, പിയർ തുടങ്ങി അഞ്ച് ആകൃതികളിലാണ് മുറിച്ചെടുത്തത്. അത് പിന്നീട് പൂക്കളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ട ആഭരണങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. അക്കൂട്ടത്തിൽ ഏറ്റവും വലിയ 50 കാരറ്റ് ഭാരമുള്ള തിളക്കമുള്ള വജ്രം ഒരു സൂര്യകാന്തി പൂവിന്റെ മോട്ടിഫിന് നടുവിലായി മനോഹരമായി ഉൾക്കൊള്ളിച്ചു. 26 കാരറ്റ് ഹൃദായാകൃതിയിലുള്ള കല്ല് ഒരു മനോഹരമായ പാൻസി പൂവാക്കി മാറ്റിയപ്പോൾ, 25 കാരറ്റ് പിയർ ആകൃതിയിലുള്ള വജ്രം ഒരു ബനാന ബ്ലോസമാക്കി മാറ്റി. 20 കാരറ്റ് കുഷൻ കട്ട് കല്ല് ഒരു പോപ്പി പൂവിന്റെ രൂപത്തോടൊപ്പം ജോടിയാക്കി, കൂടാതെ 21 കാരറ്റ് എമറാൾഡ് കട്ട് വജ്രം ഒരു ആമ്പലിനോടൊപ്പം വെച്ചു. ഒരു വജ്രത്തിൽനിന്ന് ഒരു നെക്ലേസിന് പകരം മനോഹരമായി അണിയാനാകുന്ന ഒന്നിലേറെ ആഭരണങ്ങളുടെ വലിയ ശേഖരമാണ് ദി ക്വീൻ ഓഫ് കലഹാരിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടത്.

മാത്രമല്ല, ഈ ആഭരണങ്ങൾ രൂപം മാറ്റാൻ കഴിയുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. അതായത് നെക്ക്ലെയ്സിലെ രണ്ട് പെൻഡന്റുകൾ (ഹൃദയാകൃതിയിലുള്ളതും പിയർ ആകൃതിയിലുള്ളതുമായ വജ്രങ്ങൾ അടങ്ങിയവ) അഴിച്ച് ആവശ്യാനുസരണം കമ്മലുകളിൽ ഘടിപ്പിക്കാനാകും. ആഭരണം എങ്ങനെ അണിയാൻ ആഗ്രഹിക്കുന്നു എന്നതിനനുസരിച്ച് വിവിധ കോമ്പിനേഷനുകൾ ഈ ആഭരണങ്ങളിൽനിന്ന് ഉണ്ടാക്കിയെടുക്കാം.

വിവാഹത്തിനണിഞ്ഞ ആഭരണങ്ങൾക്ക് പുറമേ ഫോട്ടോഷൂട്ടിനായി ഈ ശേഖരത്തിലെ മറ്റൊരു സെറ്റ് ആഭരണങ്ങൾ അണിഞ്ഞാണ് ജോർജീന പ്രത്യക്ഷപ്പെട്ടത്. നെക്ക്ലെയ്സിനും കമ്മലുകൾക്കും പുറമേ, ജ്വല്ലറി ശേഖരത്തിൽ രണ്ട് എമറാൾഡ് കട്ട് വജ്രങ്ങൾ പതിച്ച കഫ് ബ്രേസ്ലെറ്റും, 20 കാരറ്റ് കുഷൻ കട്ട് വജ്രം പതിച്ച രണ്ട് മോതിരങ്ങളും, ഒരു വാച്ചും ഉൾപ്പെടുന്നു.

നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിലും മെറ്റ് ഗാലയിലും പ്രശസ്ത ഹോളിവുഡ് താരങ്ങൾ ഈ കലഹാരി ഡയമണ്ട് കളക്ഷനിലെ ആഭരണങ്ങൾ അണിഞ്ഞ് റെഡ് കാർപെറ്റിൽ എത്തിയത് വാർത്തയായിട്ടുണ്ട്. ജോർജീന അണിഞ്ഞതോടെ 'ക്വീൻ ഓഫ് കലഹാരി' വജ്രങ്ങൾ ഫാഷൻ ലോകത്ത് വീണ്ടും ചർച്ചയായിരിക്കുകയാണ്.