രാമനാട്ടുകര: ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാവസ്തുക്കളില്‍ പോലും മായം കലര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ശുദ്ധമായ പൂജാ വസ്തുക്കള്‍ ലഭിക്കുന്നതിനു ഓരോ ഗ്രാമ പഞ്ചായത്തിലെയും ക്ഷേത്രങ്ങള്‍ തമ്മില്‍ ഏകോപിപ്പിച്ചു കൊണ്ട് പൂജാ വസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാതിപധി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. പാറമ്മല്‍ ശ്രീ ധര്‍മ്മാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അയ്യപ്പ സേവാസമിതി നടത്തുന്ന മണ്ഡലകാല അന്നദാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു സ്വാമി ചിദാനന്ദപുരി.

To advertise here,

അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിന്റെ വടക്കു വശത്ത് ട്രസ്റ്റിന്റെ സ്ഥലത്ത് പ്രത്യേകമായി തയ്യാറാക്കിയ പന്തലില്‍ ആണ് നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ അന്നദാനം നടത്തുക. ട്രസ്റ്റ് രൂപീകരിച്ച ശേഷം പന്ത്രണ്ടാമത്തെ വര്‍ഷം ആണ് അന്നദാനം സ്ഥിരമായി നടത്തുന്നത്. ചടങ്ങിന് എത്തിയ ചിദാനന്ദപുരി സ്വാമിയെ അഴിഞ്ഞിലം തളി മഹാ വിഷ്ണു ക്ഷേത്രം മേല്‍ശാന്തി ചെറുകുന്നത്ത് മന വേണു നമ്പൂതിരിയുടെ മുഖ്യ കര്‍മികത്വത്തില്‍ പൂര്‍ണ്ണകുംഭത്തോടെ മണ്ഡപത്തിലേക്ക് ആനയിച്ചു. ഗുരുസ്വാമി കെ. ഗോപാലകൃഷ്ണന്‍ നായര്‍, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. വാസുദേവന്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി വി. ശ്രീരാജ്, അന്നദാനം കമ്മിറ്റി ചെയര്‍മാന്‍ ടി. മണികണ്ഠന്‍, ജനറല്‍ കണ്‍വീനര്‍ എ. പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.