കടലുണ്ടി വാവുത്സവം തിങ്കളാഴ്ച

To advertise here,

കടലുണ്ടി : ജനസഹസ്രങ്ങളുടെ കൂപ്പുകൈകളെ സാക്ഷിയാക്കി, പാൽവർണ കുതിരപ്പുറത്തേറി കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ ജാതവൻ പുറപ്പാട് തുടങ്ങി. ശനിയാഴ്ച വൈകീട്ടാണ് മണ്ണൂരിലെ ജാതവൻകോട്ടയിൽ നടന്ന പൂജാദി കർമങ്ങൾക്കുശേഷം ചെണ്ട-വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോട്ടയെ മൂന്നുവട്ടം വലംവെച്ചശേഷം ജാതവൻ പുറപ്പാട് തുടങ്ങിയത്. കുന്നത്ത് കാരണവരുടെ അനുവാദത്തോടെ അമ്പാളികാരണവരുടെ അകമ്പടിയിലാണ് പുറപ്പാട്.

മാരാത്തയിൽ തറവാട്ടുകാരണവരുടെ സാന്നിധ്യത്തിൽ ഗുരുകാരണവൻമാരുടെ അനുഗ്രഹങ്ങൾ വാങ്ങി ആചാരാനുഷ്ഠാനത്തോടെ കുടൽപുരയ്ക്കൽ തറവാട്ടുകാരായ ചന്ദ്രഹാസന്റെ നേതൃത്വത്തിലാണ് ജാതവൻ പുറപ്പാട് തുടങ്ങിയത്‌. മണ്ണൂർ ശിവക്ഷേത്രനടയിൽനിന്ന് അനുഗ്രഹം വാങ്ങിയശേഷം ജാതവൻ പുറപ്പാടിലെ ആദ്യസന്ദർശനം എട്ടിയാട്ട് തറവാട്ടിലേക്കായിരുന്നു. ഇവിടെനിന്ന് വഴിപാട് സ്വീകരിച്ചശേഷം ഭക്തജനങ്ങളുടെ ആർപ്പുവിളിക്കിടെ കാരകളിപറമ്പിൽവെച്ച് ജാതവന്റെ ഇഷ്ടവിനോദമായ ചൂടിക്കയർ കൊണ്ടുനിർമിച്ച പന്തുകൊണ്ട് ഭക്തർക്കൊപ്പം കാരകളിയും കളിച്ചു. തുടർന്ന് ഭക്തരുടെ പുഷ്പവൃഷ്ടിയും ഏറ്റുവാങ്ങിയായിരുന്നു തുടർയാത്ര.

ഞായറാഴ്ചയും ഗ്രാമീണർക്ക് ക്ഷേമ-ഐശ്വര്യങ്ങൾ ചൊരിഞ്ഞ് ആചാരാനുഷ്ഠാനത്തോടെ ജാതവന്റെ യാത്ര തുടരും. തിങ്കളാഴ്ച കടലുണ്ടി വാക്കടവത്തുവെച്ച് മകൻ ജാതവൻ അമ്മ ദേവിയെ കണ്ടുമുട്ടും. തുടർന്ന് പന്ത്രണ്ടോടെ സർവാഭരണവിഭൂഷിതയായ അമ്മ പേടിയാട്ടുദേവിക്ക്‌ ഒപ്പം മകൻ ജാതവനും തിരിച്ചെഴുന്നള്ളും. ദേവി ആദ്യം എഴുന്നള്ളുന്നത് കുന്നത്ത് തറവാട്ടിലേക്കാണ്. വ്രതനിഷ്ഠരായ തറവാട്ടുകാർ ദേവിയെ എതിരേൽക്കും. തുടർന്ന് ദേവി മണിപീഠത്തിലിരുന്നു തന്റെ ഇഷ്ടവിനോദമായ പടകളിത്തല്ല് ആസ്വദിച്ചശേഷം കറുത്തങ്ങാട് തറവാട്ടിലേക്ക് യാത്ര തിരിക്കും. മണ്ണൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ നിവേദ്യസമർപ്പണത്തിനുശേഷം ദേവി സന്ധ്യയോടെ പേടിയാട്ടുകാവിലെത്തും . ഇവിടെ ദേവിക്ക്‌ പനയംമഠ തറവാട്ടുകാർ ഒരുക്കുന്ന നിവേദ്യത്തിനുശേഷമാണ് കുടികൂട്ടൽ ചടങ്ങ് നടക്കുക.

അതിനുശേഷം മകൻ ജാതവൻ മണ്ണൂരിലെ തന്റെ കോട്ടയിലേക്ക് തിരിച്ച് എഴുന്നള്ളുന്നതോടെ വാവുത്സവത്തിന് സമാപനമാവും.