മേൽപ്പാലത്തിന്റെയും തൂണിന്റെയും സംരക്ഷണഭിത്തിയുടെയും കോൺക്രീറ്റിങ് നടത്തി

To advertise here,

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ നിർമാണത്തിലിരിക്കുന്ന ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെയും തൂണിന്റെയും ദേശീയപാതയിൽനിന്ന് പാലം ആരംഭിക്കുന്നയിടത്തെ സംരക്ഷണഭിത്തിയുടെയും കോൺക്രീറ്റിങ് നടത്തി.

സംരക്ഷണഭിത്തി അടുത്തഘട്ടംകൂടി കോൺക്രീറ്റുചെയ്താൽ റോഡിനൊപ്പമെത്താനാകും. മണിമല റോഡിനും ചിറ്റാർപുഴയ്ക്കും സമീപത്തെ തൂണിന്റെ കോൺക്രീറ്റിങ് റോഡ് പൊക്കത്തിന് മുകളിലെത്തി. നിലവിൽ റോഡിൽ ഒരു വശത്തുകൂടിമാത്രമാണ് ഗതാഗതം നടത്തുന്നത്. കഴിഞ്ഞ മേയിലാണ് മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണം ആരംഭിച്ചത്.

തുടർന്ന് കുരിശുങ്കലിൽ റോഡ് അടച്ചിരുന്നു. പിന്നീട് പ്രദേശവാസികളുടെയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്ന് റോഡ് ഭാഗികമായി തുറന്നുനൽകുകയായിരുന്നു. ശനിയാഴ്ച റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. നിലവിൽ റോഡിന്റെ പാതിഭാഗം കുഴിച്ചിട്ടിരിക്കുകയാണ്. ഈ ഭാഗം ലെവൽചെയ്ത് റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന്‌ നിർമാണ കമ്പനി അധികൃതർ പറഞ്ഞു.

നിർമാണം വേഗത്തിൽ

കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെയും കാഞ്ഞിരപ്പള്ളി-കുളത്തൂർമൂഴി റോഡിന്റെ ആദ്യ റീച്ചായ കാഞ്ഞിരപ്പള്ളി-മണിമല റോഡിന്റെയും നിർമാണം വേഗത്തിലാണ് നടക്കുന്നത്. മണിമല റോഡ് മണ്ഡലകാലത്തിനുമുൻപ് നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ രണ്ട് പദ്ധതികളുടെയും നിർമാണം ഉടൻ പൂർത്തിയാക്കും.

-പ്രൊഫ. റോണി കെ. ബേബി എം.എൽ.എ.