കുമരകം : ബ്രിക്സ് രാജ്യങ്ങളിൽനിന്ന് സാമൂഹികമാധ്യമ പ്രവർത്തകർ കുമരകത്ത്. 19 രാജ്യങ്ങളിൽനിന്നായി 38 പേരാണ് സംഘത്തിൽ ഉള്ളത്. തിരുവനന്തപുരത്ത് നിന്നാണ് യാത്രതിരിച്ചത്. നെടുമുടിയിൽനിന്ന് ഹൗസ് ബോട്ടിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ എത്തി. തുളസിമാലയും ചന്ദനക്കുറിയും നൽകി ഹോട്ടൽ ജനറൽ മാനേജർ എസ്. ഗോപകുമാർ, എച്ച്.ആർ. അഡ്മിൻ മാനേജർ കെ. ജീനാ ജേക്കബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് ഇവർ എത്തിയത്. കുമരകത്തിന്റെ പതിവ് കരിമീനിന് പകരം കായലിൽനിന്നുള്ള കുമരകം കാളാഞ്ചിമത്സ്യത്തിന്റെ വിഭവമാണ് പ്രത്യേകമായി ഒരുക്കിയതെന്ന് എക്സിക്യുട്ടീവ് ഷെഫ് എം.പി. ആനന്ദ് പറഞ്ഞു.
കായലിന്റെ മനോഹാരിതയിൽ സാമൂഹികമാധ്യമ പ്രവർത്തകരും ഇൻഫ്ളുവൻസർ മാരുമടങ്ങുന്ന സംഘം തങ്ങളുടെ പേജുകളിൽ വീഡിയോകൾചെയ്തു. കേരളത്തിന്റെ തനത് സ്ത്രീവേഷമായ സാരി ഉടുക്കാൻ എത്തിയ ഇൻഫ്ളുവൻസർക്ക് സിന്ധു എം.നായർ സഹായിയായി. കളരിപ്പയറ്റും മോഹിനിയാട്ടവുംകണ്ട് കലാകാരന്മാർക്ക് ഒപ്പം ചിത്രങ്ങളും എടുത്തു. ചൊവ്വാഴ്ച രാവിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഭാഗമായി ഗ്രാമീണകാഴ്ചകൾ കാണാനും അതോടൊപ്പം ശിക്കാരബോട്ടുകളിൽ കനാൽയാത്രയും നടക്കും. ഉച്ചഭക്ഷണത്തിനുശേഷം കുമരകത്തുനിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സംഘം വാട്ടർ മെട്രോ, ഫോർട്ട് കൊച്ചിയും കണ്ട് ന്യൂഡൽഹിക്ക് മടങ്ങും.
Published: 15 Sept 2026, 01:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented