കാൽനടയാത്രപോലും ദുരിതം; വാഗമണ്ണിൽ ജനരോഷം

To advertise here,

വാഗമൺ : അഞ്ചുവർഷമായി തകർന്നുകിടക്കുന്ന കുവലയറ്റം- കോട്ടമല റോഡ് നാട്ടുകാരുടെ യാത്രാദുരിതം ഇരട്ടിയാക്കുന്നു. കാൽനടയാത്രപോലും ദുഷ്കരമായ പാതയിൽ വിദ്യാർഥികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഓരോ ദിവസവും ജീവൻ പണയംവച്ചാണ് യാത്ര ചെയ്യുന്നത്.

മഴ ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞതും അപകടഭീഷണി വർധിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർക്കെതിരേ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

ഏലപ്പാറ പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡിന്റെ ഒരുഭാഗം ആധുനിക നിലവാരത്തിൽ നവീകരിച്ചപ്പോഴും അതിർത്തിമുതലുള്ള ഒരു കിലോമീറ്ററോളം ഭാഗം അവഗണിക്കപ്പെട്ടതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ വാഹനയാത്ര മാത്രമല്ല, കാൽനടയാത്രയും വെല്ലുവിളിയായി.

മഴയിൽ കുഴികളിൽ വെള്ളം നിറയുന്നതോടെ ആഴമറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.

ഉപ്പുതറയിൽനിന്ന് വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലെത്താനുള്ള എളുപ്പവഴിയെന്ന നിലയിൽ ഏറെ പ്രാധാന്യമുള്ള പാതയാണിത്.

സ്കൂൾ ബസുകളും സ്വകാര്യബസും സർവീസ് നടത്തുന്ന റോഡിനെ വിദ്യാർഥികൾ, എം.എം.ജെ. തോട്ടത്തിലെ തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേരാണ് ആശ്രയിക്കുന്നത്. തോട്ടം നിലവിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും പ്രദേശവാസികളുടെ യാത്രയ്ക്ക് ഈ പാത തന്നെയാണ് പ്രധാന ആശ്രയം.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ ജനപ്രതിനിധികളെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ജനങ്ങളുടെ ദൈനംദിന യാത്രയും സുരക്ഷയും അപകടത്തിലായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

അടിയന്തരമായി റോഡ് നവീകരിച്ച് യാത്രായോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.