അഞ്ചാലുംമൂട്: അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രത്തിലെ ഉരുൾനേർച്ചാ ഉത്സവത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ, സമീപത്തെ റോഡിലെ ഓടനിർമാണം നിലച്ചതോടെ ഗതാഗതമടക്കം പ്രതിസന്ധിയിലായി.

To advertise here,

അഷ്ടമുടി ഗവ. എച്ച്.എസ്.എസിനു സമീപത്തുനിന്നുള്ള മഴവെള്ളം റോഡിലൂടെ ഒഴുകി ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് ക്ഷേത്രപരിസരത്തുകൂടി കായലിൽ പതിക്കുകയാണ് പതിവ്. എന്നാൽ വെള്ളമൊഴുകുന്ന ഭാഗം സിമന്റ് ഉപയോഗിച്ച് അടച്ചതിനാൽ വെള്ളമൊഴുക്ക് തടസ്സ​െപ്പട്ട് റോഡിൽ വെള്ളക്കെട്ടായി. ഇതോടെ ഒട്ടേറെ വാഹനയാത്രക്കാർക്ക് വീണു പരിക്കേറ്റു.

തുടർന്ന് ജില്ലാപഞ്ചായത്ത് അംഗം ബി. ജയന്തി പ്രശ്‌നത്തിൽ ഇടപെട്ടു. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിൽ ഓട നിർമിച്ച്, ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടി വെള്ളം കായലിലേക്ക് ഒഴുക്കിവിടാമെന്ന ഉറപ്പിൽമേൽ അടച്ച ഭാഗം തുറന്നു. പദ്ധതിയുടെ ഫണ്ട് അനുവദിച്ച് കരാർ നൽകി റോഡിൽ ഓടയും നിർമിച്ചു. എന്നാൽ നിർമാണം പുരോഗമിക്കവേ വീണ്ടും തടസ്സങ്ങളുണ്ടായി. ക്ഷേത്രത്തിന്റെ വടക്കേ അറ്റത്തുകൂടി നിർമാണം നടത്തണമെന്നായിരുന്നു ആവശ്യം. അടങ്കലും പ്ലാനും പുതുക്കി നിർമാണം ആരംഭിച്ചെങ്കിലും നിർമാണപ്രവർത്തനങ്ങൾ വീണ്ടും തടസ്സപ്പെട്ടു.

ഇവിടെ കൂട്ടിയിട്ടിരുന്ന മെറ്റൽക്കൂനകൾ റോഡിലേക്കു നിരന്ന് അപകടാവസ്ഥയിൽ കിടക്കുകയാണ്. കർക്കടകവാവുബലിതർപ്പണത്തിന്‌ എത്തിയ ഭക്തജനങ്ങൾ ഇക്കാരണത്താൽ പ്രയാസം നേരിട്ടിരുന്നു.

ക്ഷേത്രത്തിലെ ഉരുൾനേർച്ചാ ഉത്സവം 20-ന് ആരംഭിക്കും. ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ട് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണം നടത്താനെത്തുന്ന ഭക്തർ വലയും.