വൈവിധ്യങ്ങളാൽ നിറഞ്ഞ മഹാരാജ്യം. അതിനെ ഒരു നൂലിൽ കോർത്തതുപോലെ നിലനിർത്തുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. എല്ലാവിധ വേർതിരിവുകളെയും മറികടന്ന്, ഭാരതത്തിലെ ഓരോ പൗരനും നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുനൽകുന്നത് കരുത്തുറ്റ ആ ഗ്രന്ഥമാണ്.

To advertise here,

അതിനാലാണ് 'ഇന്ത്യയിലെ ജനങ്ങളായ നാം' എന്ന ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ജവാഹർലാൽ നെഹ്‌റു എഴുതിയ ആമുഖം ഭാരതത്തിന്റെ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രസംവിധാനത്തെക്കുറിച്ചുമുള്ള കൃത്യമായ സന്ദേശമാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ഓഗസ്റ്റ് 15 നാണല്ലോ. സ്വാതന്ത്ര്യം കിട്ടിയെങ്കിലും സ്വന്തമായ ഭരണഘടനയോടുകൂടിയ ഭരണമല്ല അന്നുണ്ടായിരുന്നത്. എന്നാൽ, സ്വാതന്ത്ര്യലബ്ധിക്ക് മുൻപുതന്നെ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഇന്ത്യൻ ഭരണഘടനാ അസംബ്ലി
ബ്രിട്ടീഷ് സർക്കാരിന്റെ കാബിനറ്റ് മിഷൻ പ്ലാനിന്റെ ഭാഗമായിട്ടാണ് 1946-ൽ ഭരണഘടന തയ്യാറാക്കാനായി ഭരണഘടനാ അസംബ്ലി (Constituent Assembly) രൂപവത്കരിച്ചത്. തിരഞ്ഞെടുപ്പിലൂടെയാണ് അസംബ്ലിയിലെ അംഗങ്ങളെ കണ്ടെത്തിയത്. 1946 ഡിസംബർ ഒൻപതിനായിരുന്നു ഈ അസംബ്ലിയുടെ ആദ്യത്തെ യോഗം. 1946 ഡിസംബർ 11-ന് ഡോ.രാജേന്ദ്രപ്രസാദ് അസംബ്ലിയുടെ സ്ഥിരം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

തുടക്കത്തിൽ 389 പേരാണ് അംഗങ്ങളായുണ്ടായിരുന്നത്. വിഭജനത്തിനുശേഷം അംഗസംഖ്യ 299 ആയി കുറഞ്ഞു. ഡോ.ബി.ആർ. അംബേദ്കറായിരുന്നു ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാൻ. രണ്ടുവർഷവും പതിനൊന്നുമാസവും പതിനേഴുദിവസവും എടുത്താണ് ഭരണഘടനയുടെ കരട് എഴുതി തയ്യാറാക്കിയത്.

1948 നവംബർ നാലിന് അസംബ്ലിയിൽ അവതരിപ്പിച്ചു. പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചിരുന്നു. തുടർന്ന് 1948 നവംബർ 15 മുതൽ കരട് ഭരണഘടനയിൽ 114 ദിവസം വിശദമായ ചർച്ച നടത്തി. അങ്ങനെ ദീർഘമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന അസംബ്ലി അംഗീകരിച്ചു. 395 അനുച്ഛേദവും 22 ഭാഗവും എട്ട് ഷെഡ്യൂളും ഉള്ള ഭരണഘടനയാണ് അംഗീകരിക്കപ്പെട്ടത്. ഭാരതത്തിലെ പരമോന്നതനിയമമാണിത്. അംഗങ്ങളായ 284 പേരാണ് അതിൽ ഒപ്പിട്ടത്.

ഭരണഘടനയുടെ ശില്പി
നമ്മുടെ ഭരണഘടന തയ്യാറാക്കുന്നതിന് വലിയൊരു സംഘമുണ്ടായിരുന്നു. എങ്കിലും ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായി അറിയപ്പെടുന്നത് ഡോ.ബി.ആർ.അംബേദ്കറാണ്.

കാബിനറ്റ് മിഷന്റെ ശുപാർശ പ്രകാരം പ്രവിശ്യാ നിയമസഭകൾ വഴി 292 പേരും ഇന്ത്യൻ നാട്ടുരാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 93 പേരും ചീഫ് കമ്മിഷണർമാരുടെ പ്രവിശ്യകളെ പ്രതിനിധാനം ചെയ്ത് നാലുപേരുമാണ് അംഗങ്ങളായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ.അംബേദ്കർ ആദ്യം ബോംബെയിൽനിന്ന് ഭരണഘടനാ അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം ബംഗാളിൽനിന്ന് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജ്യവിഭജനത്തെത്തുടർന്ന് സീറ്റ് നഷ്ടമായി. എങ്കിലും, പിന്നീട് അദ്ദേഹത്തെ ബോംബെയിൽനിന്ന് നാമനിർദേശം ചെയ്യുകയായിരുന്നു.

റിപ്പബ്ലിക്
1949 നവംബർ 26-നാണ് നമ്മുടെ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചത്. തുടർന്ന് 1950 ജനുവരി 26-ന് രാജ്യത്ത് ഭരണഘടന നിലവിൽവന്നു. ജനുവരി 26 സ്വാതന്ത്ര്യസമരത്തിൽ പ്രാധാന്യമുള്ള ദിനമാണ്. പൂർണസ്വരാജ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1930 ജനുവരി 26-നാണ്.

നിലവിൽ ഉപയോഗത്തിലുള്ള, ലോകത്തിലെ പഴയ ലിഖിത ദേശീയ ഭരണഘടന അമേരിക്കയുടെതാണ്. എന്നാൽ, ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത് നമ്മുടെ ഭരണഘടനയാണ്. നീളമേറിയ ഈ ഭരണഘടന കൈകൊണ്ടെഴുതപ്പെട്ടതാണ്. പ്രേം ബിഹാരി നാരായൺ റൈസാദയാണ് ഇതിന്റെ കാലിഗ്രഫി നിർവഹിച്ചത്. ശാന്തിനികേതനിലെ പ്രശസ്തകലാകാരനായ നന്ദലാൽ ബോസ് താളുകൾ മനോഹരമായി ചിത്രീകരിച്ചു. നിലവിൽ ഭരണഘടനയുടെ ഒറിജിനൽ പകർപ്പുകൾ ഇന്ത്യൻ പാർലമെന്റ് ലൈബ്രറിയിൽ ഹീലിയം നിറച്ച പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലയാളിസാന്നിധ്യം
ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായ 299 പേരിൽ 15 പേർ വനിതകളായിരുന്നു. അവരിൽ ആനി മസ്‌ക്രീൻ, അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ എന്നീ മൂന്ന് മലയാളികളുണ്ടായിരുന്നു. പി.ടി. ചാക്കോ, ജോൺ മത്തായി, പട്ടംതാണുപിള്ള, ആർ. ശങ്കർ, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരടക്കം മലയാളികളായ 17 പേർ അസംബ്ലിയിൽ അംഗങ്ങളായിരുന്നു. ഭരണഘടനാ നിർമാണസഭയിൽ അംഗങ്ങളായിരുന്നെങ്കിലും ഭരണഘടനയിൽ ഒപ്പിടുന്നതിനുമുൻപ് മലയാളികളായ നാലുപേർ രാജിവെച്ചു. ലോകത്തിലെ വിവിധ ഭരണഘടനകളിൽനിന്നും ചിന്തകളിൽനിന്നും ആശയം കടമെടുത്തുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത്.