വിഷുക്കണി ഒരുക്കുമ്പോൾ വേണ്ട പ്രധാനപ്പെട്ട ഒന്നാണല്ലോ കണിക്കൊന്ന. മേടമാസത്തിൽ വിരിയുന്ന കണിക്കൊന്നയ്ക്ക് സ്വർണനിറം കിട്ടിയത് എങ്ങനെയാണെന്നോ? സൂര്യൻ മീനരാശിയിൽനിന്ന് മേടരാശിയിലേക്ക് കടക്കുന്ന ദിവസമാണ് നാം വിഷുവായി കൊണ്ടാടുന്നത്.
ഇങ്ങനെ രാശി മാറുന്ന സൂര്യന്റെ ആദ്യത്തെ രശ്മികൾ വീഴുന്നിടം സ്വർണമായിത്തീരുമെന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം. അങ്ങനെയാണത്രേ, മേടത്തിൽ വിരിയുന്ന കൊന്നയ്ക്ക് സ്വർണനിറം ലഭിച്ചത്. വിഷുക്കണിയിൽ കൊന്നപ്പൂവിനൊപ്പം സ്വർണം വയ്ക്കുന്നതും, മേടസൂര്യനും സ്വർണവും തമ്മിലുള്ള ഈ ബന്ധംകൊണ്ടുതന്നെ.
വിഷുക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഉടൽ മറന്ന് പൂത്തുനിൽക്കുന്ന കൊന്നമരങ്ങൾ കണ്ണിന് കുളിർമയുള്ള കാഴ്ചയാണ്. ഒരു ഇലപോലുമില്ലാതെ കൊന്നമരം ഇങ്ങനെ പൂത്തുലഞ്ഞ് നിൽക്കുന്നതിനുപിന്നിൽ ഒരു സൂത്രമുണ്ട്. ഇലകളിലെ സുഷിരങ്ങളിലൂടെയുള്ള ജലനഷ്ടം പരമാവധി കുറയ്ക്കാനാണിത്. കുലകുലയായി താഴേക്ക് തൂങ്ങിക്കിടക്കുന്ന കൊന്നപ്പൂക്കൾക്ക്, കണിക്കൊന്ന, കർണികാരം, അരഗ്വധം, ആരേവതം, കൃതമാലം, ചതുരംഗുലം, രാജവൃക്ഷം, വ്യാധിഘാതം, ശമ്യാകം, സുവർണകം, ഓഫീർപൊന്ന് എന്നീ പേരുകളുണ്ട്.
അരഗ്വധവും ഗിരിമാലയും!
രോഗങ്ങളെ നശിപ്പിക്കുന്ന എന്ന അർഥത്തിൽ അരഗ്വധമെന്നും കാണാൻ അഴകുള്ളതിനാൽ രാജവൃക്ഷയെന്നും മഞ്ഞനിറമുള്ളതിനാൽ സുവർണകമെന്നും കണിക്കൊന്നയ്ക്ക് പേര് വന്നു.
ഹിന്ദിയിൽ അമൽതാസെന്നും ബംഗാളിയിൽ സോൻഡലെന്നും മറാത്തിയിൽ ഗിരിമാലയെന്നും കണിക്കൊന്ന അറിയപ്പെടുന്നു. Indian Laburnam, Golden Shower എന്നും ഇംഗ്ളീഷിൽ പേരുകളുണ്ട്. Cassia fistula എന്നതാണ് ശാസ്ത്രനാമം. കരടികളുടെ ഇഷ്ടഭക്ഷണമാണ് കൊന്നയുടെ കായ.
കേരളത്തിന്റെ സംസ്ഥാനപുഷ്പവും തായ്‌ലൻഡിന്റെ ദേശീയപുഷ്പവുമാണ് കൊന്ന.
ചക്കയ്ക്കുപ്പുണ്ടോ…
വിഷുപ്പക്ഷിയെന്ന് കേൾക്കാത്തവരുണ്ടാകില്ല. മഞ്ഞക്കിളിയോ മഞ്ഞക്കറുപ്പനോ ആണ് വിഷുപ്പക്ഷി എന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാൽ, ഒരിനം കുയിലാണ് വിഷുപ്പക്ഷി. ഇംഗ്ലീഷിൽ ഇന്ത്യൻ കുക്കൂ (Indian Cuckoo) എന്നാണ് വിഷുപ്പക്ഷിയെ വിളിക്കുന്നത്. ഈ പക്ഷി മനോഹരമായി വിഷുക്കാലത്ത് പാടുന്നത് കേൾക്കാം. അതുകൊണ്ടാണ് ഇതിനെ വിഷുപ്പക്ഷിയെന്ന് വിളിക്കുന്നത്. ഇണയെ ആകർഷിക്കാൻവേണ്ടിയാണ് ഈ പാട്ട്. മാർച്ച് മുതൽ മേയ് വരെയാണ് ഇതിന്റെ പ്രജനനകാലം.
''ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്; അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു...'' തുടങ്ങിയ വരികൾ വിഷുപ്പക്ഷിയുടെ പാട്ടിനോട് ചേർത്ത് പറയാറുണ്ട്. ഈ പക്ഷിക്ക് ചക്കയ്ക്കുപ്പുണ്ടോ കിളി, കതിരുകാണാക്കിളി, ഉത്തരായണക്കിളി എന്നിങ്ങനെയും പേരുകളുണ്ട്. ഇതൊരു ദേശാടനപ്പക്ഷിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ചാലിടീൽ
വിഷുസദ്യയ്ക്കുമുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷുദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്തിടുന്നതാണ് ചാലിടീൽ. ആദ്യം കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊന്നപ്പൂങ്കുലകൾകൊണ്ട് അലങ്കരിച്ച് കൃഷിസ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങളെല്ലാം പുതിയവയായിരിക്കണം. പിന്നീട്, കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കും.
കൈക്കോട്ടുചാൽ
വിഷുസദ്യ കഴിഞ്ഞ് നടത്തുന്ന ഒരു ആചാരമാണിത്. പുതിയ കൈക്കോട്ട് കഴുകി, കുറി തൊടുവിച്ച് കൊന്നപ്പൂക്കൾകൊണ്ട് അലങ്കരിക്കുന്നു. അണിയിച്ചൊരുക്കിയ കൈക്കോട്ട്, വീടിന്റെ കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് വെച്ച് പൂജിക്കുകയും അതിനുശേഷം കുറച്ചുസ്ഥലത്ത് കൊത്തിക്കിളയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറിവിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷിയിറക്കിക്കഴിഞ്ഞ കർഷകർ പറമ്പുകൃഷിക്കും തുടക്കമിടുന്നുവെന്ന് വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.
വിഷുമാറ്റം
ചേരാനെല്ലൂരിൽ നടക്കുന്ന ഏകദിനവ്യാപാരം, വിഷുമാറ്റം എന്നാണ് അറിയപ്പെടുന്നത്. നാണയസമ്പ്രദായം നടപ്പാവുന്നതിനുമുൻപ് നടന്നുവന്ന ഈ രീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. കാർഷികവിളകളും കൈകൊണ്ട് ഉണ്ടാക്കുന്ന ഉപഭോഗവസ്തുക്കളുമാണ് ഈ മാറ്റത്തിൽ മുഖ്യമായും പങ്കുകൊള്ളുന്നത്.
വിഷു എടുക്കൽ
ജന്മി-കുടിയാൻ സമ്പ്രദായം നിലനിന്നകാലത്തെ ആചാരങ്ങളിലൊന്നാണിത്. വിഷുദിവസം പണിക്കാർക്ക് ജന്മി നെല്ല്, അരി, തേങ്ങ, എണ്ണ എന്നിവ നൽകുന്നു. അത് വാങ്ങിയാൽ വർഷംമുഴുവൻ അയാൾ ആ ജന്മിക്ക് കീഴിൽ പണിയെടുക്കേണ്ടിവരും! തെക്കൻമലബാറിൽ ഇത് വിഷുവല്ലി എന്നറിയപ്പെടുന്നു.
പടുക്കയിടൽ
തെക്കൻകേരളത്തിലുള്ള ഒരു ചടങ്ങാണിത്. കണിയൊരുക്കുമ്പോൾ താലത്തിൽ പടുക്ക ഒരുക്കിവയ്ക്കും. അരി, വാഴപ്പഴം, നാളികേരം, ഉണക്കമുന്തിരി, അവൽ, മലർ തുടങ്ങിയവയാണ് പടുക്ക ഒരുക്കാൻ ഉപയോഗിക്കുന്നത്. വിഷുദിനത്തിൽ എല്ലാവരും കണികണ്ടുകഴിഞ്ഞ് പടുക്ക എടുത്തുമാറ്റുന്നതോടെ കണിയും എടുത്തുമാറ്റുന്നു.
കണികെട്ട്
കൊന്നപ്പൂക്കളും കുലയോടെ ഒടിച്ചെടുത്ത മാങ്ങകളും ചേർത്ത് വീടിന്റെ വാതിലിന് മുകളിൽ മധ്യഭാഗത്തായി തൂക്കിയിടുന്നത് കണ്ടിട്ടില്ലേ? ഇതിനെയാണ് കണികെട്ട് എന്ന് വിളിക്കുന്നത്. ആരെങ്കിലും അബദ്ധത്തിൽ കണ്ണുതുറന്നുനോക്കിയാൽ ആദ്യം കാണുന്നത് ഈ കാഴ്ചയാകട്ടെ എന്നാണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്.
വിഷുവിഭവങ്ങൾ!
മുൻകാലങ്ങളിൽ വിഷുവാഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം (ചക്ക) വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷുദിവസം ചക്കയ്ക്ക് പനസം എന്ന് മാത്രമേ പറയാവൂ. വിഷുവിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങളുണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയുണ്ടാവും.
പച്ചരിയും ചെറുപയറും കൊണ്ടുണ്ടാക്കുന്ന വിഭവമാണ് വിഷുക്കഞ്ഞി. മധ്യകേരളത്തിലെ പരമ്പരാഗതമായ ഒരു വിഷുവിഭവമാണിത്. രാവിലെത്തന്നെ വിഷുക്കഞ്ഞി എല്ലാ വീടുകളിലും പാകംചെയ്യും. വിഷുക്കട്ടയും വിഷുവിന്റെ തനത് വിഭവംതന്നെ.
അകക്കണി, പുറക്കണി
വിഷുദിവസത്തിന്റെ തലേന്നാൾ പറമ്പിലെ ചപ്പുചവറുകൾ അടിച്ചുവാരി കത്തിക്കുന്ന പതിവുണ്ട്. കട്ടിളയും വാതിലും ജനാലയുമെല്ലാം പാറകത്തിന്റെ ഇലകൊണ്ട് തേച്ചുകഴുകി വൃത്തിയാക്കും. ഓട്ടുപാത്രങ്ങളും പിച്ചളപ്പാത്രങ്ങളും പുളിയും വെണ്ണീറും കൂട്ടി കഴുകി മിനുസപ്പെടുത്തും.വിഷുക്കണിക്ക് പ്രധാനമാണല്ലോ കൊന്നപ്പൂവ്. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്നൊരു കണക്കും മുൻപുണ്ടായിരുന്നു.
Content Highlights: Comprehensive guide to Vishu 2026 customs including Vishukkani and traditional food., Cultural significance of Kanikonna (Golden Shower) and its connection to the sun's transit., Explanation of agricultural rituals like Chalidal and Kaikottuchal
Published: 15 Apr 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented