കിട്ടുണ്ണിച്ചേട്ടൻ ചന്തയിൽനിന്ന് പച്ചക്കറികൾ ഒത്തിരി വാങ്ങി. കിട്ടുണ്ണിച്ചേട്ടന്റെ യാത്ര സ്‌കൂട്ടറിലാണ്. പച്ചക്കറികൾ ആരും അന്നേവരെ സ്‌കൂട്ടറിൽ യാത്ര പോയിട്ടില്ല. അവരെല്ലാം ആ സന്തോഷത്തിലായിരുന്നു.

To advertise here,

''തക്കാളി മത്തങ്ങ കുമ്പളങ്ങ

വെള്ളരി പടവലം മുളകുകളും

സർക്കീട്ടിനൊപ്പമിറങ്ങിയല്ലോ

സന്തോഷയാത്ര തുടങ്ങിയല്ലോ!''

അവരാരും അതുവരെ പോകാത്ത വഴികളിലൂടെ കിട്ടുണ്ണിച്ചേട്ടന്റെ സ്‌കൂട്ടർ മുരണ്ടുപാഞ്ഞു. പക്ഷേ, പെട്ടെന്നാണ് അത് സംഭവിച്ചത്. സ്‌കൂട്ടർ ഒരു കുഴിയിൽ ചാടി. ആ കുലുക്കത്തിൽ സഞ്ചി ഒന്നിളകി. പച്ചക്കറിക്കൂട്ടത്തിൽ ഏറ്റവും മുകളിൽ ഉണ്ടായിരുന്ന തക്കാളിപ്പെണ്ണ് അതോടെ സഞ്ചിയിൽനിന്ന് പുറത്തേക്കു വീണു. ഉരുണ്ടുരുണ്ട് ആ പാവം തക്കാളി ചെന്നുപെട്ടത് വഴിയരികിലെ കുറ്റിക്കാട്ടിലാണ്. കൂട്ടരെ പിരിഞ്ഞ തക്കാളിപ്പെണ്ണ് ഏങ്ങിയേങ്ങിക്കരഞ്ഞു. അപ്പോൾ ആരോ അവളെ ഒന്നു തൊട്ടു. ''തക്കാളിക്കുഞ്ഞേ, ഈ വീഴ്ച എന്തെങ്കിലും നല്ലകാര്യത്തിനാകുമെന്നോർത്ത് സമാധാനിക്കൂ!'', കുറ്റിക്കാട്ടിൽ പൂത്തുലഞ്ഞുനിന്ന കാന്താരിമുത്തശ്ശിയായിരുന്നു അത്.

''കൂട്ടരെക്കാണാതെ കൂട്ടൊന്നുമില്ലാതെ

തക്കാളിപ്പെണ്ണവളെന്തു ചെയ്യും?

കൂട്ടം പിരിഞ്ഞവൾ പാവം തനിച്ചായി

തക്കാളിപ്പെണ്ണ് കരഞ്ഞുപോയി!''

പിന്നെ വന്ന മഴക്കാലത്ത് മഴയുടെ തണുപ്പിൽ മണ്ണു പുതച്ച് അവൾ ഒന്ന് ഉറങ്ങാൻകിടന്നു. ആ ഉറക്കം നീണ്ടുപോയി. പിന്നീടവൾ ഉണർന്നപ്പോഴേക്കും ആളാകെ മാറിയിരുന്നു. തടിച്ചുരുണ്ട ചുവചുവപ്പൻ രൂപമൊക്കെ മാറി തക്കാളിപ്പെണ്ണ് ഒരു കൊച്ചു തക്കാളിച്ചെടിയായി മണ്ണുതുളച്ച് ആകാശം നോക്കി നിന്നു.

ഇടയ്ക്കിടെ പെയ്ത ചെറുമഴകൾ അവളെ വളർത്തി വലുതാക്കി. അങ്ങനെ തക്കാളിച്ചെടി പൂവിട്ടു. ആ പൂക്കളൊക്കെയും ഉണ്ണിത്തക്കാളികളായി. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരു പാട് മഴകളും മഞ്ഞും വേനലും കണ്ട് പൂത്തും കായ്ച്ചും തളിർത്തും തക്കാളിച്ചെടി പിന്നീടങ്ങോട്ട് സന്തോഷത്തോടെ ജീവിച്ചു.

''കാന്താരിമുത്തശ്ശി പറഞ്ഞതുപോലെ ചില വീഴ്ചകൾ നല്ലതിനുവേണ്ടിയുള്ളതാണ് കേട്ടോ!'', ആ വഴി പോയ കാറ്റിനോടും കൂട്ടുകൂടാൻവന്ന കുഞ്ഞിക്കിളികളോടും അവൾ പറഞ്ഞു.