കയ്യൂർ : ചീമേനിയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിൽ 49 വർഷമായുള്ള ഭൂമി കൈയേറാൻ സ്വകാര്യവ്യക്തി ശ്രമിക്കുന്നതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ചീമേനി ടൗണിനോട് ചേർന്ന് കാങ്കോൽ റോഡരികിലുള്ള ഒന്നരയേക്കർ ഭൂമിയുടെ ഉടമസ്ഥാവകാശവുമായാണ് സ്വകാര്യവ്യക്തി രംഗത്തുവന്നിട്ടുള്ളത്.

To advertise here,

പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലാണെങ്കിലും ഈ ഭൂമി വർഷങ്ങളായി ചീമേനി മുണ്ട്യയിൽ ഉത്സവം നടക്കുന്ന വേളയിൽ വാഹനപാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലമാണ്. എല്ലാവർഷവും മേയ് നാലിനു തുടങ്ങി 15-ന് അവസാനിക്കുന്ന ഉത്സവത്തിൽ ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിനാളുകളാണെത്തുന്നത്. ഇവിടെയെത്തുന്നവർക്കുള്ള വാഹനപാർക്കിങ് സൗകര്യം ഒരുക്കുന്നത് കാലങ്ങളായി ഈ ഭൂമിയിലാണ്.

ഒന്നര ഏക്കറിന് നികുതിയടയ്ക്കണമെന്ന അവകാശവാദവുമായി സ്വകാര്യവ്യക്തി ചീമേനി വില്ലേജ് ഓഫീസിലെത്തുകയും 2024-ൽ കരം ഒടുക്കുകയും ചെയ്തിരുന്നു. പിന്നീട് പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർ എതിർത്തതോടെ നികുതി സ്വീകരിക്കുന്നത് വില്ലേജ് അധികൃതർ നിർത്തി. ഈ വർഷം സ്ഥലത്തിന്‌ നികുതി സ്വീകരിച്ചിട്ടില്ല. വ്യക്തിയുടെ രേഖകൾ പരിശോധിച്ചപ്പോൾ 1998-ൽ ലഭിച്ച കൈവശാവകാശരേഖയും 2024-ൽ ലഭിച്ച പട്ടയവുമുണ്ടെന്ന് പറയുന്നു. എന്നാൽ, ഇതിൽ പറയുന്ന അതിർത്തികൾ പ്രകാരം സ്ഥലമിതല്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

അനധികൃത കൈയേറ്റത്തിനെതിരേ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നാട്ടുകാരെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്നും ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

മുൻപ് കൊട്ടുക്കാപ്പള്ളിയുടെ കൈവശമുണ്ടായിരുന്ന സ്ഥലം ഭൂപരിഷ്കരണനിയമം വന്നതോടെ സർക്കാരിന്റെ ഉടമസ്ഥതയിലായി. പിന്നീട് കശുവണ്ടി ഉത്‌പാദനത്തിനായി സർക്കാർ 980 ഹെക്ടർ പ്ലാൻറേഷൻ കോർപ്പറേഷന് (പി.സി.കെ.) അനുവദിക്കുകയായിരുന്നു. ലാൻഡ് ട്രിബ്യൂണലിൽനിന്ന് നേടിയ പട്ടയമാണ് ഇയാളുടെ കൈവശമുള്ളതെന്നും പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനുശേഷം നികുതി സ്വീകരിച്ചിട്ടില്ലെന്നും ചീമേനി വില്ലേജ് ഓഫീസ് അധികൃതർ പറഞ്ഞു.