നളിനി ജമീല. ആ പേരിനു മുന്നിലും പിന്നിലും ഒരു വിശേഷണം ആവശ്യമില്ല. ഞാൻ ഒരു ലൈംഗിക തൊഴിലാളിയെന്നു സ്വയം പ്രഖ്യാപിച്ച് ഇരുട്ടിൽനിന്നു പകൽവെളിച്ചത്തിലേക്ക് ഇറങ്ങി വന്നവൾ. ലൈംഗിക തൊഴിലാളികൾ കുറ്റക്കാരാണെങ്കിൽ അവർക്കൊപ്പം കിടക്കുന്നവരും കുറ്റക്കാരാണ് എന്ന് ഉറക്കെ പറയാൻ ധൈര്യപ്പെട്ടവൾ. പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പാണു 'ഞാൻ ലൈംഗിക തൊഴിലാളി' എന്ന പേരിൽ ആദ്യപുസ്തകവുമായി സാംസ്‌കാരിക കേരളത്തെ അവർ ഞെട്ടിച്ചത്. ഒരു ആത്മകഥയെയും കേരളം ഇത്ര ഭീതിയോടെ സ്വീകരിച്ചിട്ടുണ്ടാവില്ല. ഇരുട്ടിന്റെ മറവിലെ യഥാർത്ഥ 'ഞാൻ' ആരെന്നു ലോകം അറിയുമോയെന്നു ചിലരെങ്കിലും ഭയപ്പെട്ടു.

To advertise here,

നളിനി വീണ്ടും എഴുതുകയാണ്. ഇനിയും ഇവർക്കെന്താണു പറയാനുള്ളത് എന്ന് ചോദിക്കുന്നവരോടു നളിനി പറയുന്നു: ജീവിതം പറഞ്ഞുതീർന്നില്ല.. പക്ഷെ, ഞാൻ കണ്ട കാഴ്ചയല്ല ഇനിയെനിക്കു പറയാനുള്ളത്, ആ കാഴ്ചയിൽനിന്നു ഞാൻ വിലയിരുത്തിയ കാര്യങ്ങളാണ്.

നളിനി സംസാരിക്കുന്നു, ലൈംഗിക തൊഴിലിനെക്കുറിച്ച്, കഴിഞ്ഞകാല ജീവിതാനുഭവങ്ങളെക്കുറിച്ച്, സമകാലിക വിഷയങ്ങളെക്കുറിച്ച്, ഭാവി പദ്ധതികളെക്കുറിച്ച്.


ലൈംഗിക തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ എന്താണ്? 

പത്തു വർഷമായി ഈ ഫീൽഡിൽ ഇല്ലെങ്കിലും ഞാനിവിടെ വന്നുപോകുന്നുണ്ട്. എനിക്കു തോന്നിയിട്ടുളള ഒരു മാറ്റം എന്താണെന്നുവെച്ചാൽ പത്തു വർഷം മുമ്പുവരെ സെക്‌സ് വർക്കേഴ്‌സിനെ ആളുകൾക്കു കാണാൻ സാധിച്ചിരുന്നു. എല്ലാവരെയുമല്ല, ചിലരെയെങ്കിലും. കോഴിക്കോടാണെങ്കിൽ ഒരു പത്തു പേർ, തൃശ്ശൂരാണെങ്കിൽ ഒരു ഇരുപത്തിയഞ്ചു പേർ... എന്നിങ്ങനെ എല്ലായിടത്തും കാണാൻ സാധിക്കുമായിരുന്നു. അവരിൽ കാലത്തു വരുന്നവർ ഉണ്ട്, വൈകീട്ടു വരുന്നവർ ഉണ്ട്. പക്ഷേ എച്ച്.ഐ.വി പരത്തുന്നതു ലൈംഗിക തൊഴിലാളികളാണെന്ന ധാരണയിൽ ആളുകൾ ഇവരെ കയറി അക്രമിക്കാൻ തുടങ്ങിയതിൽ പിന്നെ പൊതുഇടങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടാൻ മടിച്ചുതുടങ്ങി. ഒപ്പം സദാചാര പോലീസിങ്ങും. ഇപ്പോൾ ആരെയെങ്കിലും കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അവർ പ്രായമായവരാണ്. 

പണ്ട് തൃശൂര് പത്തു പതിനഞ്ച് പിക്കപ്പ് പോയിന്റുകളുണ്ടായിരുന്നു. അന്ന് പിക്കപ്പ് പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് സെക്‌സ് വർക്കറെ തരംതിരിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി. പരിസരത്ത് നിൽക്കുന്നവർ കുറച്ചൂടെ മെച്ചപ്പെട്ടവർ, റെയിൽവേയുടെ അടുത്ത് നിൽക്കുന്നവർ കുറച്ചൂടി മോശമായവർ എന്നിങ്ങനെ. കെ.എസ്.ആർ.ടി.സിയിൽ ഉള്ളവർ ഒരാൾടെ കൂടെ പോകുകയാണെങ്കിൽ റെയിൽവേ സ്‌റ്റേഷനിൽ ഉള്ളവർ രണ്ടാളുടെ കൂടെയോ അതിലധികം പേരുടെയോ കൂടെ പോകും. ശക്തൻ സ്റ്റാൻഡിൽ ഉള്ളവർ അക്കാലത്ത് തൊട്ടടുത്ത കാടു പിടിച്ച സ്ഥലങ്ങളിലേക്കുവരെ പോയിട്ടുണ്ട്. ഓടുന്ന വണ്ടി(ലോറി പോലുള്ള)യിൽ പോകുന്നവരാണ് അതിനേക്കാൾ മോശം. അതായത് ഇതിനിടയിൽതന്നെ വകഭേദങ്ങളുണ്ട് എന്നു സാരം. പക്ഷെ, ജീവിതത്തിൽ എല്ലാവരുടെയും അവസ്ഥ ഒരു പോലെ തന്നെയാണ്. സദാചാര പോലീസ് വന്നതോടെ ഇത്തരം പിക്കപ്പ് പോയിന്റുകളിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായി. വൈകീട്ട് അഞ്ചു മണിക്കു വന്നുനിന്നിട്ട് ഏഴു മണിക്ക് അപ്രത്യക്ഷരാകുന്നവരായിരുന്നു ഞങ്ങൾ. ഇന്നും പഴനിയിലും മൈസൂരും ബസ് സ്റ്റാൻഡുകളിൽ മലയാളി യുവതികളെ കാണാം. എനിക്കു തോന്നുന്നു, കേരളത്തിൽ സദാചാരപ്പോലീസിനെ പേടിച്ച് അവർ നാടിനു പുറത്ത് തൊഴിലെടുത്തു ജീവിക്കുകയാണെന്ന്.

ലൈംഗിക തൊഴിലാളികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണോ? 

ലൈംഗിക തൊഴിലാളിയെ ഇപ്പോൾ കാണാൻ കഴിയുന്നില്ലെന്നതിനർത്ഥം സെക്‌സ് വർക്ക് ഇല്ലാതായി എന്നല്ല, അതിനു വേറെ ഒരു ഉടച്ചിൽ വാർക്കൽ നടത്തിയിട്ടു വേറൊരു രൂപത്തിലായി എന്നു മാത്രം. ലൈംഗിക തൊഴിലാളിയുടെ ജീവിതത്തിൽ മൊബൈൽ ഫോണും യാത്ര ചെയ്യാനുളള സാഹചര്യവും വന്നതോടെ അവർക്കു പ്രത്യക്ഷത്തിൽ മറഞ്ഞുനിൽക്കാൻ സാധിക്കുന്നുണ്ട്. അവർക്ക് ദുഷ്‌കീർത്തി കുറയുന്നുണ്ട്. പണ്ട് പിക്കപ്പ് പോയിന്റിൽ നിൽക്കുമ്പോൾ നമ്മൾ സ്വയം ഞങ്ങൾ ഇന്നതാണ് എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ആ പറയിപ്പിക്കുന്നതിൽനിന്നും പോലീസിന്റെ ഉപദ്രവങ്ങളിൽനിന്നുമൊക്കെ അവർക്കു നല്ല മാറ്റം വന്നിട്ടുണ്ട്. പിന്നെ വന്ന മാറ്റം അവരുടെ തോന്നലുകളിലാണ്.  

തെരുവിൽ നിന്നപ്പോഴാണ് അവർക്ക് സംഘടന വേണമെന്നും ഒന്നിച്ചു പ്രവർത്തിക്കണമെന്നുമെല്ലാം തോന്നിയിരുന്നത്. ഇന്നവർ മുദ്ര ചെയ്യപ്പെടാനിഷ്ടമില്ലാത്തവരായി മാറി. പിന്നെ, മുമ്പു പരസ്പര ബന്ധം ഉണ്ടായിരുന്നു. തൃശ്ശൂരിലാണെങ്കിൽ അതിനെ വലംവെയ്ക്കുമ്പോൾ ഞങ്ങൾക്കു മനസ്സിലാകും ഇന്നയിന്ന ആളുകളാണെന്ന്. സൗഹൃദം വേണമെന്നു തോന്നിയാൽ പോയി മിണ്ടാൻ കഴിയുമായിരുന്നു. പ്രശ്‌നങ്ങൾ പങ്കുവെയ്ക്കാൻ കഴിയുമായിരുന്നു. 

മൂന്നു വർഷം മുമ്പു കോഴിക്കോട്ട് ഒരു സംഘടന ആരംഭിക്കുന്നതിനുവേണ്ടി ശ്രമം നടത്തിയപ്പോൾ അന്നവിടെ ഉണ്ടായിരുന്നവർ പറഞ്ഞത് ആരോഗ്യപ്രശ്‌നങ്ങളിൽ മാത്രമേ ഇടപെടുകയുള്ളൂ എന്നാണ്. സെക്‌സ് വർക്കർ എന്നു മുദ്രകുത്തരുത്, ഞങ്ങളെ വെറുതെ വിട്ടേക്കൂ എന്നു പറയുന്നവരുണ്ട്. റേഷൻ കാർഡും തിരിച്ചറിയൽ കാർഡും ആധാർ കാർഡും എടുക്കാൻ പോകുമ്പോൾ തനിക്കും വ്യക്തിത്വമുണ്ടെന്ന ഒരു തിരിച്ചറിവ് ഉണ്ടാകുന്നുണ്ടല്ലോ. ആ സ്വത്വബോധത്തിൽനിന്നാണ് ആ ആവശ്യം ഉയരുന്നത്. സമൂഹം മാറ്റി നിർത്തുന്നവർ വേറെ. ഇവർ സ്വയം മാറി നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. 

ഒരു ലൈംഗിക തൊഴിലാളി നേരിടുന്ന പ്രാഥമിക വെല്ലുവിളി എന്താണ്? ഈ ജീവനത്തെ ഒരു തൊഴിലായി അംഗീകരിക്കാതിരിക്കുന്നതാണോ? 

ലൈംഗിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നം എന്താണെന്നു ചോദിച്ചാൽ അതു ദുഷ്‌കീർത്തി തന്നെയാണ്. ഇതിനെ ഒരു തൊഴിലായിട്ട് അംഗീകരിക്കുന്നതു പോയിട്ടു ഞങ്ങളെ മനുഷ്യരായിട്ടുപോലും അംഗീകരിക്കുന്നില്ല. തൊഴിലായിട്ട് അംഗീകരിക്കുക എന്നുള്ളതെല്ലാം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിദൂര സ്വപ്‌നമാണ്. എന്നെങ്കിലും നടക്കുമെന്നു കരുതിയാണു ഞങ്ങൾ ഇന്നും യുദ്ധം ചെയ്യുന്നത്. 

ഞങ്ങളെന്നു പറയുമ്പോൾ കേരളത്തിൽ ഇത്ര ലൈംഗിക തൊഴിലാളികൾ ഉണ്ട് എന്ന രീതിയിൽ കണക്കുകൾ സൂക്ഷിക്കുന്നുണ്ടോ? 

ഞങ്ങൾ പബ്ലിക്കായി നിൽക്കുമ്പോൾ പോലും ഒരു കൃത്യമായ കണക്കെടുപ്പ് ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. ഞാനൊക്കെ ഫീൽഡിൽ ഉള്ള സമയത്ത് ഏകദേശം പത്തിരുപത്തയ്യായിരം പേർ ഉണ്ടായിരുന്നു ഈ ഫീൽഡിലെന്നാണു ഞാൻ മനസ്സിലാക്കുന്നത്. എനിക്കറിയാവുന്ന ആ കാലത്തു ജില്ലാടിസ്ഥാനത്തിൽ 300 പേരെങ്കിലും ഉണ്ടായിരുന്നു. ആദ്യമെല്ലാം ഇവർ പ്രത്യക്ഷത്തിലായിരുന്നുവെങ്കിൽ ഇന്നു മറവിലാണ്. അതുകൊണ്ടുതന്നെ എത്രപേർ എന്ന കണക്ക് അപ്രാപ്യമാണ്. എനിക്കു തോന്നുന്നത് ഇപ്പോൾ 5000 പേരെയൊക്കെയേ ഫീൽഡിൽ ഉള്ളൂവെന്നാണ്.  

തെരുവിൽ നിൽക്കുന്നവർക്കു പുറമെ ഇതേ തൊഴിൽ ചെയ്യുന്ന 'ഹൈ ക്ലാസ്' എന്ന ഒരു വിഭാഗമില്ലേ? 

ഹൈ ക്ലാസ് എന്നും ഉണ്ടായിരുന്നു. ഹൈ ക്ലാസിനെ ലൈംഗിക തൊഴിലാളി എന്നു പറയുന്ന ഒരു കാറ്റഗറിയിൽ ഞാൻ ഉൾപ്പെടുത്തുന്നില്ല. അവരെക്കുറിച്ചു ഞങ്ങൾ ചിന്തിക്കാറില്ല. ഞങ്ങൾ തെരുവിൽ നിൽക്കുന്നവർക്കു വേണ്ടിയാണു സംസാരിച്ചിട്ടുള്ളത്. അവർക്കുവേണ്ടി ബോധവൽക്കരണം നടത്തണം എന്നാണു പറഞ്ഞിട്ടുള്ളത്. തെരുവിൽ നിൽക്കുന്നവർക്കു സംഘടന, തെരുവിൽ നിൽക്കുന്നവർക്ക് എച്ച്.ഐ.വി. ബോധവൽക്കരണം. ഇതൊക്കയാണു ഞങ്ങൾ ചെയ്തിട്ടുള്ളത്. 

കാരണം ഹൈ സൊസൈറ്റിക്കാർക്കു പല ചോയ്‌സുണ്ട്. അഥവാ ഇല്ലെങ്കിൽത്തന്നെ ഞങ്ങൾക്കുള്ളത് ഉപയോഗിക്കാൻ അവർ തയ്യാറാകുന്നില്ല. അവർ വേറൊരു ലെവലിലാണു നിൽക്കുന്നത്. കുറച്ചുകാലത്തേ അവർ ഈ ഫീൽഡിൽ നിൽക്കൂ. അവർക്ക് എന്താണു സാധിക്കാനുള്ളത്...? ചിലപ്പോൾ കുറച്ചു സ്വർണമാകാം, വസ്ത്രമാകാം, വീടാകാം, വീട്ടുപകരണങ്ങളാകാം. ആവശ്യങ്ങൾ നിറവേറിക്കഴിഞ്ഞാൽ അവർ ഈ പ്രൊഫഷൻ ഉപേക്ഷിക്കും. വീട്, ഭക്ഷണം, വസ്ത്രം. ഇതിനപ്പുറത്ത് ഒരു ജീവിതം ഉണ്ടല്ലോ. അപ്പോൾ അതിനുവേണ്ടി സമ്പാദിക്കാൻ വരുന്നവരായിരിക്കാം. പണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സ്ത്രീകൾ അറിഞ്ഞും അറിയാതെയും ശരീരം വിൽക്കാൻ തയ്യാറാകുന്നുണ്ട്. 

അപ്പോൾ ലൈംഗിക തൊഴിലിലേക്കു പൂർണമനസ്സോടെ എത്തുന്നവർ ഉണ്ടെന്നാണോ? 

സ്വന്തം താല്പര്യം എന്നു പറയുന്നത്, ഞാൻ എനിക്കു ചെലവിനു പൈസ ഇല്ലാതായപ്പോൾ എന്റെ ഒരു കൂട്ടുകാരിയോട് എന്റെ കഷ്ടത തുറന്നു പറഞ്ഞു. അവൾ രഹസ്യമായി മറ്റൊരു കൂട്ടുകാരിയെ പരിചയപ്പെടുത്തുകയാണു ചെയ്തത്. അങ്ങനെ എല്ലാമറിഞ്ഞിട്ടും പറഞ്ഞിട്ടും വരുമ്പോൾ അതിനെ സ്വന്തം താല്പര്യം എന്നു തന്നെയല്ലേ പറയേണ്ടത്. അതേ സാഹചര്യം ഇന്നും നിലനിൽക്കുന്നുണ്ട്. അവിചാരിതമായി എത്തിപ്പെടുന്നവർ ഇല്ലെന്നല്ല.  

ചിലർ കാമുകനൊപ്പം ഒളിച്ചോടിപ്പോകും. വർഷങ്ങൾ കഴിയുമ്പോൾ അയാൾ ഇറക്കി വിടും. എവിടെയും പോകാൻ ഇടമില്ലാതെ വരുമ്പോൾ ലൈംഗിക തൊഴിൽ സ്വീകരിക്കും. എവിടെ പോകണം എന്നറിയാതെ ഇവർ കറങ്ങി നടക്കുമ്പോൾ ഞങ്ങളുടെ ശ്രദ്ധയിൽപെടുകയും കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ ഞങ്ങളുടെ കൂടെ കൂടുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ലൈംഗിക തൊഴിലാളികൾ പ്രത്യക്ഷത്തിൽ ഇല്ലാത്തതു കാരണം ഇങ്ങനെ എത്തിപ്പെടുന്നവരുടെ കാര്യം കഷ്ടമാണ്. കാരണം എങ്ങനെയാണ് അതിജീവിക്കേണ്ടത് എന്ന് ഇവർ ആരിൽനിന്നും പഠിക്കുന്നില്ല. ഈ മേഖലയിലെ യുദ്ധമുറകളെക്കുറിച്ച് അറിയുന്നില്ല.

പിന്നെ ഇപ്പോൾ വലുതായി ചർച്ച ചെയ്യപ്പെടുന്ന ട്രാഫിക്കിങ്ങ് എന്ന സംഭവം. അതിലേക്കു നമുക്കൊന്നും കടന്നുചെല്ലാൻ തന്നെ സാധിക്കില്ല. കാരണം അതിനു വലിയൊരു കവചം ഉണ്ട്. എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ നടന്നുവെന്നു മറ്റുള്ളവർ അറിയുന്നതുപോലെ മാധ്യമങ്ങളിലൂടെയാണു ഞങ്ങളും അറിയുന്നത്. വലിയൊരു മാഫിയയാണത്. അവർ കുട്ടികളെ ഭ്രമിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി വിൽക്കുകയാണ്. ആ പ്രദേശത്തേക്കൊന്നും ഞങ്ങൾക്ക് 
എത്തിനോക്കാൻ പോലും സാധിച്ചിട്ടില്ല. കാരണം അതത്ര എളുപ്പമല്ല. പലരും അതിൽനിന്ന് എപ്പോഴെങ്കിലും പുറത്തുചാടി ഞങ്ങൾ നിൽക്കുന്ന തെരുവിലെത്തി നമ്മളോടു കഥകൾ പറയുമ്പോഴാണ് ഇതിനെക്കുറിച്ച് അറിയുക. 

അവർക്കു കാര്യമായി സമ്പാദ്യമൊന്നും ഉണ്ടായിരിക്കില്ല. കൊണ്ടുനടക്കുന്നവർ വാങ്ങിക്കൊടുക്കുന്ന വസ്ത്രം, മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് അതിലൊക്കെ സംതൃപ്തി കണ്ടെത്തുന്നവരായിരിക്കും ഇത്തരക്കാർ. അപൂർവ്വത്തിൽ അപൂർവ്വമായേ ഇത്തരത്തിലുള്ളവർ ഞങ്ങളുടെ അടുത്ത് എത്തിയിട്ടുള്ളൂ. പൊതുസമൂഹത്തിൽ ഇടപെടാൻ സാധിക്കാത്ത ഞങ്ങൾക്ക് ഇത്തരം സംഭവങ്ങളിൽ എങ്ങനെ ഇടപെടാൻ സാധിക്കും? അങ്ങനെ ഇടപെടാൻ പോയാൽ ഞങ്ങൾക്കൊന്നും ജീവിക്കാൻ കഴിയില്ല. 

ലൈംഗിക തൊഴിലാളികൾക്കുവേണ്ടിയുള്ള സംഘടനകളുടെ, അല്ലെങ്കിൽ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാണോ? 

എച്ച്.ഐ.വിയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ചില സംഘടനകൾ ഉണ്ട്. ആ സംഘടനയുമായി സഹകരിച്ചു പോകണമെങ്കിൽ അവർ ആദ്യം മുന്നോട്ടുവെക്കുന്ന നിർദേശം ലൈംഗിക തൊഴിലാളി മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നാണ്. അതിനാൽ അവർ ആരോടും പ്രശ്‌നങ്ങൾ പറയാൻ തയ്യാറാകുന്നില്ല. മാധ്യമങ്ങളെ കാണാൻ കൂട്ടാക്കുന്നില്ല. 

എച്ച്.ഐ.വി. പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നു എന്നല്ലാതെ സംഘടനകൾ ഒന്നും ചെയ്യുന്നതായി എനിക്കു തോന്നിയിട്ടില്ല. എന്നുവെച്ച് ഇവർ നടത്തുന്ന എച്ച്.ഐ.വിയെ തടുക്കുന്ന പ്രവർത്തനങ്ങൾ മോശമാണെന്നു പറയാൻ ഞാൻ തയ്യാറല്ല. പിയർ എജുക്കേറ്ററായി പ്രവർത്തിക്കുന്നവർക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. ലൈംഗിക തൊഴിലാളിയെ പോലീസ് പിടിച്ചാൽ ഇവർക്ക് ഫൈൻ ഉണ്ടാകും. അതു സംഘടന നൽകും. ആ പണം തിരിച്ചടക്കാൻ മൂന്നു മാസത്തെ കാലാവധി നൽകും. അത്രയും സമയംകൊണ്ട് പണിയെടുത്തു വീട്ടിയാൽ മതി. അതവർക്കു ഗുണമല്ലേ. അതുകൊണ്ട് ഈ ഓഫീസിനു പരിധിയിൽനിന്നു കൊണ്ടേ അവർ പ്രവർത്തിക്കൂ. 

എച്ച്.ഐ.വിയോടൊപ്പം എല്ലാ ലൈംഗിക രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും സംഘടന നടത്തുന്നുണ്ട്. ആസ്പത്രികളിൽ ഇവർക്കായി പ്രത്യേക വിഭാഗം ഉണ്ട്. ഏരിയയിൽ ഒരു സെക്‌സ് വർക്കർ മരിക്കുകയാണെങ്കിൽ അവർ മുൻകൈ എടുത്ത് ശവമടക്ക് നടത്തുകയ അവരുടെ കുട്ടികളെ അനാഥശാലകളിൽ എത്തിക്കുക തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  ഇങ്ങനെ പൊതുവായ കാര്യങ്ങളിൽ അവർ പ്രവർത്തിക്കുന്നുണ്ടെങ്കിലും സംഘടനാബലം ലൈംഗിക തൊഴിലാളികളുടെ സംഘടനയ്ക്കില്ല.

കുട്ടികളുടെ സംരക്ഷണം എങ്ങനെയാണ്?  

കുട്ടികളെ ചിൽഡ്രൻസ് ഹോമുകളിൽ എത്തിക്കുകയാണു ചെയ്യുന്നത്. ഈ കുട്ടികളെ നമ്മൾ വഴിയിൽ ഉപേക്ഷിക്കേണ്ടവരല്ല എന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കും ഉണ്ട്. നിരവധി കുട്ടികളെ ചൈൽഡ്‌ലൈൻകാർ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്തു ചില്ലയിലും സുഗത ടീച്ചറുടെ സ്ഥാപനത്തിലും അവർ കഴിയുന്നുണ്ട്.

കേരളത്തിനു പുറത്ത് ലൈംഗിക തൊഴിലിനു കുറേക്കൂടി സ്വീകാര്യതയുണ്ടോ? സോനഗാച്ചി, കാമാത്തിപുര... അവിടെയുള്ളവർക്ക് അവിടംവിട്ട് ഓടേണ്ടി വന്നിട്ടില്ലല്ലോ? 

ഇന്ത്യയിൽ ലൈംഗിക തൊഴിൽ നിയമപ്രകാരമായിട്ടില്ല. മുംബൈയിൽ ലൈംഗിക തൊഴിലിന് ലൈസൻസ് ഉണ്ടെന്ന തെറ്റായ ധാരണ നിലനിൽക്കുന്നുണ്ട്. അത് അങ്ങനെയല്ല. മാഫിയയുടെ സഹായത്തോടെ പ്രവർത്തിക്കുന്നവരാണ് അവിടെ. ഇന്ത്യയിൽ സെക്‌സ് വർക്കേഴ്‌സ് ഏറ്റവും കൂടുതലായിട്ടുള്ളതും കൂട്ടമായി നിൽക്കുന്നതും കൊൽക്കത്തയിലാണ്. ലൈംഗിക തൊഴിലാളികൾക്കു ശക്തമായ സംഘടനയുള്ളതു കൊൽക്കത്തിയിലാണ്. പഠനങ്ങളുടെ ഭാഗമായും മറ്റും ഞാൻ 14 പ്രാവശ്യമാണ് അവിടെ പോയിട്ടുള്ളത്. അവിടെ ലൈസൻസ് ഒന്നുമില്ല. അതുപോലെയാണു മുംബൈയിലും അവർ സംഘം ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു ബലമുണ്ട്. ഒരു സംഘടനാ ബലം. നമ്മുടെ ഇവിടെ കമ്പനി വീട് എന്നു പറയുന്ന ബ്രോത്തൽ സംവിധാനം. ബ്രോത്തൽ ഉള്ളതുകൊണ്ടും അംഗബലം ഉള്ളതുകൊണ്ടും അവർ വോട്ടുകേന്ദ്രങ്ങളായതുകൊണ്ടും അവർക്ക് എങ്ങോട്ടും ഓടേണ്ടി വന്നിട്ടില്ല. 

65,000 പേർ വരെ മെമ്പർഷിപ്പെടുത്ത സ്ഥലമാണ് സോനഗാച്ചി. വോട്ടുബാങ്കാണ്. അതിനു തനിയെ ഒരു ബലമുണ്ട്. സോനഗാച്ചിയിൽ മാത്രമല്ല, അതിനെ ചുറ്റിപ്പറ്റിയും ലൈംഗിക തൊഴിൽ ചെയ്യുന്നവരുണ്ട്. വോട്ടു കിട്ടുന്നവർ സ്വാഭാവികമായും അവരെ സംരക്ഷിക്കാൻ ശ്രമിക്കും. അല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇവരെ ഉപയോഗിക്കാം എന്നു കരുതും. 

എനിക്കറിയാവുന്ന ഒരു സാമൂഹിക പ്രവർത്തകനുണ്ട്. മീനാഷേശു. അവരുടെ ഏരിയയിൽ ഞാൻ പോയിട്ടുണ്ട്. ആ പ്രദേശത്ത് ഏകദേശം മുന്നൂറു വീടുകൾ ഉണ്ട്. റോഡിന്റെ രണ്ടു വരിയിലായിട്ടാണു വീടുകൾ. ഏഴോ എട്ടോ റോഡ് ഉണ്ട്. അതിനിരുവശത്തും വീടുകൾ. അഞ്ചു മണിക്കുശേഷം അണിഞ്ഞൊരുങ്ങി വീടിനു വെളിയിലിറങ്ങി നിൽക്കും. ക്ലയന്റ് വരും. വീടിനകത്തുതന്നെ ഒരു കൊച്ചുമുറിയിൽ. മുറിയെന്നൊന്നും പറയാൻ പറ്റില്ല. ഒരു പായ ഇടാനുള്ള സ്ഥലം സംഘടിപ്പിച്ച് അവിടെയാണു കാര്യങ്ങൾ. ക്ലയന്റ് മര്യാദയോടെ പെരുമാറുകയും ചെയ്യും. ആദ്യകാലത്ത് അവിടെയും ഇങ്ങനെ ആയിരുന്നില്ല സ്ഥിതി. എത്രപേർ വന്നാലും എത്ര ഉപദ്രവിച്ചാലും ബ്രോത്തലിന്റെ നോട്ടക്കാരനെ(ബാബു എന്നാ അവർ പറയുക, മുതലാളി എന്ന അർത്ഥത്തിൽ) അവർ ചോദ്യം ചെയ്യില്ല. ആദ്യമൊക്കെ പത്തു പതിനഞ്ച് പേർ വന്നു ശരീരത്തിൽ മേഞ്ഞാലും ബാബുമാർ പൈസ വാങ്ങി വെക്കുകയാണു ചെയ്യുക. പക്ഷേ ഇപ്പോൾ അതിൽനിന്നൊക്കെ വലിയ മാറ്റം വന്നു. 

ഞാനീ പറഞ്ഞ മീനാഷേശു ഒരു രാഷ്ട്രീയ പാർട്ടിയോട് അനുഭാവമുള്ളയാളാണ്. അവർ ഒരു എം.എൽ.എയെ കാണാൻ പോകുമ്പോൾ ഇത്രയാളുകൾ എന്റെ കൈയിൽ ഉണ്ടെന്നു പറയും. ഒരു മുന്നൂറുപേർ ഉണ്ടെന്നിരിക്കട്ടെ. അവരുടെ കുടുംബാഗങ്ങളടക്കം ഒരു കുടുംബത്തിൽനിന്ന് അഞ്ചു വോട്ട് കിട്ടുകയാണെങ്കിൽ ഒന്നു ആലോചിച്ചുനോക്കൂ. അത് വലിയൊരു വോട്ടുബാങ്കാണ്. വോട്ടുബാങ്കുകളെ എപ്പോഴും രാഷ്ട്രീയ പാർട്ടികളായാലും മറ്റുള്ളവരായാലും ഒപ്പം നിർത്തുകയേ ഉള്ളൂ.

കേരളത്തിൽ ഇത്തരത്തിലുള്ള ബ്രോത്തലുകൾ ഇല്ലാത്തതാണോ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതിനുള്ള കാരണം?

കേരളത്തിൽ ബ്രോത്തലുകൾ ഉണ്ടാക്കി ലൈംഗിക തൊഴിലാളി മറ്റു സ്ത്രീകളെ സംരക്ഷിക്കണം എന്നു പറയുന്നവരോട് എനിക്ക് എതിർപ്പാണ്. അതേസമയം ലൈഗിക തൊഴിൽ ചെയ്യുന്നവരെ പരസ്യമായി ലഭിക്കുമ്പോൾ പീഡനങ്ങൾ കുറയാൻ സാധ്യത ഉണ്ട്. നല്ല സ്ത്രീകളെ രക്ഷിക്കാൻ ചീത്ത സ്ത്രീ നിന്നുകൊടുക്കട്ടെ എന്നു പറയുന്നതിനോടു യോജിപ്പില്ല. പക്ഷെ, അതു സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സംഗതിയാണ്. പരിണാമം എന്നു പറയില്ലേ. ലൈംഗിക തൊഴിലാളികൾ പ്രത്യക്ഷത്തിലുണ്ടായിരുന്ന കാലത്ത് ഇവിടെ മാത്രമല്ല എല്ലായിടത്തും അക്രമങ്ങൾ കുറവായിരുന്നു. 

ആക്രമണം ഉണ്ടാകുന്നതു സ്ത്രീ ഒരു സ്വകാര്യ സ്വത്താണെന്നും നമുക്കു മിണ്ടാൻ പറ്റില്ലെന്നും അടുത്തു പോകാൻ പറ്റില്ലെന്നും പറയുമ്പോൾ ആണുങ്ങൾക്കുണ്ടാകുന്ന അവകാശബോധത്തിൽനിന്നാണ്. എല്ലാ പുരുഷന്മാരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, ഇതു ഞങ്ങളുടെ അവകാശമാണെന്നു കരുതുന്നവർ നിരവധിയാണ്. ആക്രമിച്ച് ലൈംഗികത ആസ്വദിക്കുന്ന നിരവധി പേരുണ്ട്. ശരീരത്തിൽ സിഗരറ്റുവെച്ച് കുത്തിയും മറ്റും. അയാൾ പുറത്തുവന്നാലും അതൊക്കെ തന്നെയാണു ചെയ്യുക. അതു മാനസിക വൈകല്യമാണ്. കുട്ടികളോട് അതിക്രമങ്ങൾ കാണിക്കുന്നതും വൈകല്യങ്ങൾ കൊണ്ടുതന്നെയാണ്.  

ആദ്യകാലത്ത് ഉപദ്രവങ്ങൾ ഉണ്ടായിരുന്നു. അന്ന് ഉമ്മവെക്കുകയോ തലോടുകയോ ചെയ്ത് വിടുമായിരുന്നു. പക്ഷെ, ഇന്ന് ആത്യന്തികമായിട്ട് ഏതു പുരുഷനും ലിംഗത്തിൽനിന്നു യോനിയിലേക്ക് എന്ന സെക്‌സിലേക്കാണ് എത്തുന്നത്. സ്ത്രീ വേദനിച്ച് അയ്യോ എന്നു കരയുന്നവരെ ഉപദ്രവിക്കുന്നതാണു ശരിയെന്ന് അവർ കരുതുന്നു. അങ്ങനെ കരയുന്നവരാണു കന്യക. ഇത്തരം മാനസികാവസഥയാണു പുരുഷന്മാർക്ക്. അതു മാനസിക രോഗമാണ്. ആളുകൾ പറഞ്ഞുകേട്ട അറിവാണു ഭാര്യ കന്യകയാണെങ്കിൽ അലറി വിളിച്ചു കരയും എന്നുള്ളത്. അപ്പോൾ ഭർത്താവ് വായ പൊത്തിപ്പിടിക്കുന്നു. അപ്പോൾ മാത്രമേ അവൾ കന്യകയാകുന്നുള്ളൂ. മൂഢവിശ്വസമാണ് അതൊക്കെ.

ഈ ലൈംഗിക അരാജകത്വത്തെ മറികടക്കാനാകില്ലേ? 

ആൺകുട്ടിയോട് നീ അവളോടു മിണ്ടരുത്, പെൺകുട്ടിയോടു നീ അവനോടു മിണ്ടരുത്, മിണ്ടരുത്, മിണ്ടരുത്, മിണ്ടരുത്... എന്നീ നിർദേശങ്ങളോടെയാണ് ഓരോ കുട്ടിയെയും വളർത്തുന്നത്. ഈ കിട്ടാത്ത സാധനം വേണം എന്ന ചിന്ത വരുന്നതു സ്വാഭാവികമാണ്. പണ്ട് സെക്‌സിനെപ്പറ്റി ചിലർക്കു പറഞ്ഞാൽ മതിയാകും. ശക്തൻ സ്റ്റാൻഡിൽ പോയാൽ കാണാം. കുറച്ചു പേർ സംസാരിക്കുമ്പോൾ തെറി കൂട്ടിയിട്ടാണു പറയുക. പക്ഷെ, അവർ അതൊരിക്കലും ഒരു തെറിയായിട്ടല്ല കൂട്ടുന്നത്. അത്ര നിഷ്‌കളങ്കമായിട്ടാണു പറയുന്നത്. സൗഹൃദത്തിന്റെ പുറത്തു പറഞ്ഞു പോകുന്നതാണ്. അതോടെ മനസ്സിനും ശരീരത്തിനും ഒരു അയവുണ്ട്. നമുക്ക് എന്തും പറയാമെന്ന്. തെറി പറയുന്നതിനെ ന്യായീകരിക്കുകയല്ല. അത്തരത്തിൽ വിലക്കുകളില്ലാതെ വരുമ്പോൾ എല്ലാം സ്വാഭാവികമാവും. 

പണ്ട് എല്ലാ സ്ത്രീയും പുരുഷനും തട്ടിയും മുട്ടിയും ആണു യാത്ര ചെയ്തിരുന്നത്. ഹൈ സൊസൈറ്റിക്കാരന് ഒരു കാർ ഉണ്ടായിട്ടുണ്ടാകാം. അതിനിപ്പുറത്തുള്ളവർക്കു സ്‌കൂട്ടർ ഉണ്ടായിട്ടുണ്ടാകാം. ഒരു ബസ് ഇറങ്ങി വീട്ടിലേക്കു വരുമ്പോൾ ആണും പെണ്ണും ഒന്നിച്ചു മിണ്ടിയും പറഞ്ഞുമാണു വരിക. ഇന്നതില്ല. എന്നുകരുതി സ്ത്രീകളെ കയറി ഉപദ്രവിക്കുന്നതാണു ശരി എന്നല്ല ഞാൻ പറയുന്നത്. 

നീ എത്രത്തോളം ഓടും, നിന്നെ ഞാൻ ഓടിച്ചിട്ടു പിടിക്കും, എനിക്കുള്ളതാണു നീ എന്ന ഭാവമാണു പുരുഷന്. സ്ത്രീ എന്നു പറഞ്ഞാൽ ശരീരം, യോനി എന്നൊക്കെയുള്ള അർത്ഥത്തിലാണ് ആളുകൾ കാണുന്നത്. പണ്ടുകാലത്താണെങ്കിൽ സെക്‌സ് ചെയ്യാൻ വരുന്നവർ നമ്മുടെ മാറിൽ തൊടില്ലായിരുന്നു. അതു കുഞ്ഞുങ്ങൾക്കുള്ളതാണെന്നു നമ്മളെ ആക്രമിക്കുന്ന പുരുഷനുവരെ തിരിച്ചറിയാമായിരുന്നു. ഇന്നാണെങ്കിൽ ആദ്യം ചുണ്ടും മാറും കടിച്ചു പറിക്കുക എന്നതാണു രീതി. സിനിമയിൽനിന്നാണ് ഈ ചുംബനം എന്ന അവസ്ഥയൊക്ക വന്നത്. ഞങ്ങൾക്കു ചുണ്ടുകൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടെന്നു തോന്നിയിട്ടില്ല. മാറ് ലൈംഗിക അവയവമായി തോന്നിയിട്ടില്ല. ഇന്നു നീലചിത്രങ്ങൾ കണ്ട് അതാണു യഥാർത്ഥ സെക്‌സ് എന്നു കരുതുന്നവരാണു കൂടുതൽ. പലരും അതനുകരിക്കുകയാണ്. 

ആണും പെണ്ണുമൊക്കെ ഒന്നിച്ചുകിടന്നുറങ്ങിയിരുന്ന കാലമുണ്ടായിരുന്നു. ഇന്നു സഹോദരങ്ങളെയോ സ്വന്തം അച്ഛനെ തന്നെയോ വിശ്വസിക്കാനാകാത്ത സാഹചര്യമായി. സ്വകാര്യത എത്രത്തോളം കൂടിയോ അത്രത്തോളം അപകടവും വർധിച്ചു. അതിക്രമങ്ങൾക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു.

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് അവൾക്കിഷ്ടമുള്ള ഒരു പുരുഷനൊപ്പം നടന്നിട്ടില്ല. പലരും ചേർന്നു ബലാത്സംഗം ചെയ്യുമ്പോൾ കന്യകാത്വം നഷ്ടപ്പെടുന്നത് അത്ര സുഖമുള്ള ഒരു സംഗതിയല്ല. സെക്‌സിനെപ്പറ്റി, സാഹിത്യകാരന്മാർ പറയും സുഖാനുഭൂതിയെന്നൊക്കെ... അത്ര സുഖമൊന്നും അതിനില്ല. സ്വർഗാനുഭൂതി, ആദ്യരാത്രി, മധുവിധു... എത്രയെത്ര മനോഹരമായ വാക്കുകളാണ്. 

നേരിട്ടു യുദ്ധം ചെയ്യുക എന്നു പറയുമ്പോൾ ശത്രുവിന്റെ ബലം അറിയണം. ശത്രുവിന്റെ മാത്രമല്ല സമൂഹത്തിന്റെയും. കാരണം അവരുടെ ബലം അറിഞ്ഞില്ലെങ്കിൽ നമ്മൾ വീണുപോകും പിന്നീടുള്ള ഉയിർത്തെഴുന്നേൽക്കൽ അത്ര എളുപ്പമായിരിക്കില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ആ പെൺകുട്ടി, അവളെനിക്കു കൊച്ചുപെൺകുട്ടിയെപ്പോലെയാണ്, അവളുടെ മനോബലമാണു പ്രശംസിക്കപ്പെടേണ്ടത്. പറയേണ്ടതു പറയേണ്ട സമയത്തു പറയാൻ കാണിച്ച ആർജ്ജവമാണ് ആ കേസ് ഇവിടെ വരെ എത്തിച്ചത്. അല്ലാതെ അന്നു മുഴുവൻ കരഞ്ഞിരുന്നു പിറ്റേന്നാണ് അത് പറയുന്നതെങ്കിൽ ഒരുപക്ഷെ, ഇന്ന് കിട്ടിയ ഒരു ബലം അവളുടെ വാക്കുകൾക്ക് ഉണ്ടായിരുന്നിരിക്കണം എന്നില്ല. ഉടനടി പ്രതികരിച്ചുകൊണ്ടു മാത്രമാണ് അതു നടന്നത്. കേസിൽ ഒരു പ്രമുഖ നടൻ അറസ്റ്റിലായി. അയാൾ തെറ്റുകാരനാണോ അല്ലയോ എന്നു നമുക്കറിയില്ല. പക്ഷെ, ഇനി സമൂഹത്തിൽ ഇങ്ങനെയൊരു സംഭവം ആവർത്തിക്കുമ്പോൾ ഭയമുണ്ടാകും. ഇത്രയും വലിയ ആൾ പിടിയിലായെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഓരോ സാധാരണക്കാരനും ചിന്തിക്കും. അത്തരമൊരു ചലനം ഉണ്ടാക്കാൻ കഴിഞ്ഞതാണ് ആ പെൺകുട്ടിയുടെയും സമൂഹത്തിന്റെയും വിജയം. എന്നുവച്ച് നാളെ ലോകം നന്നാകാനൊന്നും പോകുന്നില്ല.. പക്ഷെ, ജാഗ്രത ഉണ്ടായിരിക്കും. 
 
എന്റെ ജീവിതം 35 കുട്ടികൾ  പഠനം നടത്താൻ തിരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ പഠനങ്ങളിൽനിന്നു സമൂഹം ചിലതു പഠിക്കുമ്പോൾ ചില മാമൂലുകളിൽ പൊളിച്ചെഴുത്തു സ്വാഭാവികമായും ഉണ്ടാകും. ഞാൻ നിൽക്കുന്നതു സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലാണ്. എല്ലാവരും ചവിട്ടിത്താഴ്ത്തിയ ഒരിടത്ത്. അങ്ങനെ ഞാൻ കരുതുന്നില്ല പക്ഷെ, സമൂഹം അങ്ങനെയാണു കരുതുന്നത്. അതിനും ഒരു മാറ്റം വരും.

മധ്യവർത്തികൾ ലൈംഗിക തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടോ?

എനിക്കങ്ങനെ തോന്നുന്നില്ല. എന്റെ ഒരു സുഹൃത്തുണ്ട്, അൽഫോൺസ. ഒരു കാലത്തു സെക്‌സ് വർക്കറായിരുന്നു. ഇന്നു മധ്യവർത്തിയാണ്. അവൾ ആയിരം രൂപ ക്ലയന്റിന്റെ  കൈയിൽനിന്നു വാങ്ങും അതിൽ 700 രൂപ സെക്‌സ് വർക്കർക്കു കൊടുക്കും. ബാക്കി മുന്നൂറ് രൂപ അവളെടുക്കും. പക്ഷെ, അവളുടെ വീട്ടിൽ സെക്‌സ് വർക്കറെ കൊണ്ടുപോയി നിർത്തും. അവളുടെ വാഹനത്തിൽ ക്ലയന്റ് പറഞ്ഞ സ്ഥലത്തെത്തിക്കും ഫോണും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കും. അപ്പോൾ അവളെടുക്കുന്ന 300 രൂപ ചൂഷണമാണെന്നു പറയാൻ സാധിക്കുമോ? 

ബ്രോത്തലിനെ ഞാൻ അംഗീകരിക്കുന്നതും അതുകൊണ്ടാണ്. മുമ്പു ബ്രോത്തലുകളെ എതിർത്തിരുന്ന ഒരാളായിരുന്നു ഞാൻ. മുഴുവൻ പൈസയും തട്ടിച്ചെടുക്കുന്നവരാണ് അവരെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നെ അതിൽ വ്യത്യാസമുണ്ടെന്ന് മനസ്സിലായി. പക്ഷെ, അത്തരമൊരു സാഹചര്യം ലൈംഗിക തൊഴിലാളികൾക്കു കൂടുതൽ സുരക്ഷ നൽകുമെന്നാണ് അൽഫോൺസയെ പഠിച്ചതിൽനിന്നു ഞാൻ മനസ്സിലാക്കുന്നത്. പക്ഷെ, അപൂർവ്വമായിട്ടു ചിലരൊക്കെ പകുതി വാങ്ങുന്നവരുണ്ട്. അതിനെ ഞങ്ങൾ എതിർത്തിട്ടുണ്ട്. കാരണം ജോലി ചെയ്യുന്ന ആൾക്കാണു കൂടുതൽ കൊടുക്കേണ്ടത്.

പ്രതിഫലക്കാര്യത്തിൽ തർക്കങ്ങൾ പതിവായിരുന്നോ? 

പ്രതിഫലം എല്ലാം ഒരോ ക്ലയന്റിന്റെ കൂടെ പോകുമ്പോൾ ഓരോ തരത്തിലാണ്. പണ്ടു ഞങ്ങൾ ഫീൽഡിൽ നിൽക്കുമ്പോൾ നമുക്കറിയാമായിരുന്നു, ഇന്ന ഇടത്തു നിൽക്കുന്നവർ ഇത്ര രൂപ ചോദിക്കണം എന്നൊക്കെ. ഇപ്പോൾ ഫീൽഡിൽ നിൽക്കൽ ഇല്ലാത്തതിനാൽ കുറേ പേർക്ക് അതറിയില്ല. അതുകൊണ്ടു കുറച്ചു ചോദിക്കും. വില പേശാൻ മടിക്കുന്നവരുണ്ട്. ക്ലയന്റിന്റെ കൂടെ പോയാൽ കിട്ടും എന്നു കരുതി പോകുന്നവരുണ്ട് . പക്ഷെ, പണത്തിന്റെ കാര്യത്തിൽ, എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയുന്നതു പണം ആദ്യം വാങ്ങിച്ചാലേ കിട്ടുകയുള്ളൂ. റൂമിൽ പോയി കതകടച്ചാൽ പിന്നെ കിട്ടണമെന്നില്ല. പറഞ്ഞുറപ്പിച്ചു വേണം പോകാൻ. പറഞ്ഞുറപ്പിക്കുന്നതിനിടയിൽ തന്നെ വ്യക്തിയുടെ മാന്യത നമുക്കു മനസ്സിലാകും. അയാളുടെ ഇടപെടലുകൾ സുഖമല്ല എന്നു തോന്നിക്കഴിഞ്ഞാൽ പണം ആദ്യമേ വാങ്ങണം. ചിലർ ചോദിക്കും പണം വാങ്ങിയിട്ടു നിങ്ങൾ ഓടിപ്പോയാലോ എന്ന്. അപ്പോൾ ഞാനും തിരിച്ചു ചോദിക്കും, നിങ്ങൾ ഓടിപ്പോയാലോ എന്ന്. ചിലരെ വിശ്വസിക്കാൻ തോന്നും. വിശ്വസിച്ച് അബദ്ധവും പറ്റിയിട്ടുണ്ട്. 

പണത്തിന്റെ പേരും പറഞ്ഞു തെറ്റിയാ ചിലർ സാരിയും മറ്റും പിടിച്ചുവെക്കും. അതുകാരണം ഞാൻ ഒരു നൈറ്റി കൈയിൽ കരുതുമായിരുന്നു. അതിട്ടു പുറത്തുവരാമല്ലോ. എന്നോടു യുദ്ധം ചെയ്യാൻ വരികയാണെങ്കിൽ റൂമിൽ റൂം ബോയിയെ വിളിക്കാനുള്ള ബെല്ലുണ്ടാകുമല്ലോ, ഞാൻ അത് അമർത്തിപ്പിടിച്ച് നിൽക്കും. വിടില്ല പിന്നെ. ചിലർ അടിക്കും. അതിൽനിന്നൊക്കെ രക്ഷപ്പെടാൻ ചില ടെക്‌നിക്കുകൾ ഉണ്ട്. അവരെ വാചകമടിച്ച് പിടിച്ചുനിർത്താൻ കഴിയണം. അങ്ങനെയാണു ഞാനിത്രയും വാചാലയായത്. 

അങ്ങനെയാണോ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും കാര്യകാരണസഹിതം ഇങ്ങനെ മനോഹരമായി സംസാരിക്കാനും പഠിച്ചത്? 

തുടക്കം മുതൽ എന്റെ ജീവിതത്തിൽ പറയാനുള്ളതു പറയാൻ പറ്റാത്ത അന്തരീക്ഷമായിരുന്നു. വീട്ടിൽ ഭക്ഷണം വിളമ്പുമ്പോൾ അച്ഛന്റെ പാത്രത്തിൽ അമ്മ നിറയെ ചോറിടും. അന്നു ഞാൻ ആലോചിട്ടുണ്ട്, അച്ഛൻ പണിയെടുക്കാത്ത ആളാണ്. അച്ഛന് എന്തിനാണ് ഇത്രയും ചോറ്. സഹോദരന്മാർക്കും അങ്ങനെത്തന്നെ. അച്ഛനും ചേട്ടനും ഇങ്ങനെ നിറയെ കൊടുത്താൽ നമുക്കു തികയില്ലല്ലോ അമ്മേ... എന്നു ചോദിക്കുമ്പോൾ അമ്മ പറയും ആണുങ്ങൾക്കാണു കുറേ കൊടുക്കേണ്ടതെന്ന്. ഞാനും അതു വിശ്വസിച്ചു. അന്നത്രയേ തിരിച്ചരിവുള്ളൂ. പോകെപ്പോകെ പല കാര്യങ്ങളിലും വേർതിരിവുണ്ടായി. നാൽപതു വർഷം കഴിഞ്ഞിട്ടാണു ഞങ്ങളുടെ തറവാട്ടിൽ ഒരു പെൺകുട്ടി ഉണ്ടാകുന്നത്. അതു ഞാനായിരുന്നു. നാൽപതു വർഷത്തിനുശേഷം ഉണ്ടായവളാണ് എന്ന് എല്ലാവരും പറഞ്ഞപ്പോൾ ഞാനാദ്യം കരുതിയത് അങ്ങനെ ജനിച്ചവർക്കൊക്കെ ഇങ്ങനെ മോശം അനുഭവം ഉണ്ടാകും എന്നാണ്. പിന്നെയാണു മനസ്സിലായത് അതിന്റെ അർത്ഥം പരിഗണനയെന്നാണെന്ന്. പക്ഷെ, അതു കിട്ടുന്നില്ല. എവിടെ ചോദിക്കണമെന്ന് അറിയുന്നില്ല. ചോദ്യം ഇങ്ങനെ ഉള്ളിൽ കിടന്നു പെരുകിപ്പെരുകി... വിവാഹം കഴിഞ്ഞിട്ട് അവിടെയും പല കാര്യങ്ങളും ചോദിക്കാൻ സാധിച്ചില്ല. ആദ്യം പോലീസിന്റെ പിടിയിലായി അവരിൽനിന്നു മർദ്ദനമേറ്റ ആ നിമിഷമാണു ഞാൻ മനസ്സിലാക്കിയത്, ചോദ്യങ്ങൾ ചോദിക്കാൻ സമയമായി എന്ന്. നിശബ്ദതീരുമാനങ്ങളായിരുന്നു ആദ്യം.  

ജ്വാലാമുഖിയിൽ യോഗത്തിനു പോയതോടെയാണ് എന്നിലെ നേതാവിനെ ഞാൻ തിരിച്ചറിയുന്നത്. ആ യോഗത്തിൽ എല്ലാവരും അവർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. പക്ഷെ, ആരും പരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അന്നു ഞാൻ ചോദിച്ചു, ആണും പെണ്ണും ഒന്നിച്ചു കിടക്കുമ്പോൾ അതിൽ പെണ്ണു മാത്രം എങ്ങനെയാണു കുറ്റക്കാരിയാകുക എന്ന്. ഒരാണു വന്നുവിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞ് ഉറപ്പിച്ച് അയാൾ വിളിക്കുന്ന സ്ഥലത്തേക്ക് എത്തിയിട്ട് ഒരുമിച്ചു കിടക്കാമെന്നു തീരുമാനിക്കുമ്പോൾ അതു വിവാഹ ഉടമ്പടിയേക്കാൾ ബലമുള്ള ഉടമ്പടിയല്ലെ? അവിടെ എങ്ങനെയാണു സ്ത്രീ മാത്രം കുറ്റക്കാരിയാകുന്നത്. ഈ ചോദ്യത്തോടെ അന്നു യോഗത്തിലുണ്ടായിരുന്ന പോൾസൺ എന്നെ നേതാവായി അംഗീകരിച്ചു. സംഘടനാ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഞാനും തിരഞ്ഞെടുക്കപ്പെട്ടു. അവിടെനിന്നു ഞാൻ സംസാരിച്ചുതുടങ്ങി.. അവകാശങ്ങൾക്കുവേണ്ടി. എനിക്ക് അംഗീകാരം കിട്ടിത്തുടങ്ങിതോടെ ചിലർക്ക് ബുദ്ധിമുട്ടായി. സെക്‌സ് വർക്കേഴിസിന്റെ ഇപ്പോഴുളള സി.ബി.ഒ. പോലുള്ള സംഘനകളിൽ എനിക്കു പ്രാധാന്യം ഇല്ലാതിരിക്കാനുള്ള കാരണം അതൊക്കെയാണ്. 

ഇപ്പോൾ മകളെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ട അവസ്ഥയിലാണ്. പഴയതുപോലെ ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. എനിക്കാണെങ്കിൽ പിൻവാങ്ങി തിരിയുന്ന സ്വഭാവമില്ല. വരുന്നതു വരുന്നിടത്തുവെച്ചു കാണാം എന്ന രീതിയാണ്. അതൊക്കെ മക്കളുടെ ജീവിതത്തെ ബാധിക്കും എന്നു വന്നപ്പോഴാണു ഞാനെല്ലാം ഒഴിവാക്കിയത്. അതുകൊണ്ടുതന്നെ ഒതുങ്ങി നിൽക്കേണ്ടത് എന്റെ ആവശ്യമായി. 

ആദ്യകാലത്തു പോലീസിൽനിന്നു മർദ്ദനമേറ്റിട്ടില്ലേ? 

എന്റെ ആദ്യത്തെ ക്ലയന്റ് ഒരു പോലീസുകാരനായിരുന്നു. കമിഴ്ത്തി കിടത്തി കാലിന്റെ അടിയിൽ മൂന്നടി വണ്ണമുള്ള നല്ല നീളമുള്ള കമ്പുകൊണ്ട് ഒരാളു തല്ലുമ്പോൾ മറ്റൊരാൾ ബൂട്ട്‌സിട്ട കാലുവെച്ച് ചവിട്ടിപ്പിടിക്കും. അന്നും ഞാൻ കരഞ്ഞിട്ടില്ല. കരഞ്ഞാൽ അവരതു ചെയ്യാതിരിക്കണം. അയ്യോ തല്ലല്ലേ സാറെ എന്നു പറഞ്ഞാൽ അവർ തല്ലാതിരിക്കണം. പക്ഷെ, പറഞ്ഞാലും തല്ലും പറഞ്ഞില്ലെങ്കിലും തല്ലും. തല്ലാൻ വരുമ്പോൾ ആളുകൾ കാലു വലിക്കും ഞാൻ കാലു വലിക്കില്ല. എന്തായാലും കിട്ടും. പിന്നെ വലിച്ചിട്ടെന്താ കാര്യം. ഇതാണ് എന്റെ പോളിസി, അപ്പോൾ അവർ പറയും, അവൾടെ ധൈര്യം കണ്ടില്ലേ അവൾ കാലു വലിക്കുന്നില്ലെന്ന്. എന്നിട്ട് അടിയാണ്. പിന്നെ എണീച്ചു ചാടാൻ പറയും. രക്തം കട്ട പിടിക്കാതിരിക്കാൻ ഞാൻ ചാടില്ല. ചാടെടീ എന്നു പറയുമ്പോൽ ചാടില്ലെടാ എന്നു വാശിയിൽ പറയും. അപ്പോൾ കമ്പുകൊണ്ടു നായയെ അടിക്കുന്ന പോലെ അടിക്കും. എന്നിട്ടും ഞാൻ കരിഞ്ഞിട്ടില്ല. പക്ഷെ, പിന്നീടു പോലീസുമായി ഒന്നിൽ കൂടുതൽ സൗഹൃദങ്ങൾ  ഉണ്ടായിട്ടുണ്ട്. 

പോലീസിന്റെ ചൂഷണം ഇന്നുമുണ്ടെന്നു തോന്നുന്നുണ്ടോ? 

ഇന്നു പോലീസ് സെക്‌സ് വർക്കേഴ്‌സിനെ ചൂഷണം ചെയ്യുന്നതൊക്കെ വളരെ കുറവാണ്. പണ്ടു കോഴിക്കോട് ഇത്തരത്തിൽ പോലീസ് പിടിയിലായ ഒരു സ്ത്രീ മരിച്ച സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്. അതു വളരെ പ്രശ്‌നമായ കേസാണ്. സുഗത കുമാരി മാഡം ഒക്കെ ഇടപെട്ട കേസാണ്. അത്രക്കൊന്നും ഇപ്പോൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിടിച്ചാൽതന്നെ പെട്ടന്നുതന്നെ കോടതിയിൽ ഹാജരാക്കും. 

നളിനി, ജമീല, നളിനി ജമീല  ആ മാറ്റം എങ്ങനെയായിരുന്നു? 

ഞാൻ ആദ്യമെഴുതിയ ആധുനികം, പൗരാണികം എന്ന ലേഖനത്തിലാണു നളിനി ജമീല എന്ന പേരു സ്വീകരിക്കുന്നത്. കാരണം ഞാൻ ഷാഹുൽ ഹമീദിനെ വിവാഹം കഴിച്ച് നളിനിയിൽനിന്നു ജമീലയായിരുന്നല്ലോ. ആദ്യ ലേഖനമെഴുതിയപ്പോൾ എനിക്ക് അതെഴുതിയതു ഷാഹുലിന്റെ വീട്ടുകാർ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നവരോട് അൽപം പിണക്കത്തിൽ നിൽക്കുന്ന സമയമായിരുന്നു. അങ്ങനെയാണ് നളിനി ജമീല എന്ന പേരു സ്വീകരിക്കുന്നത്.  

ആയിടക്കാണു മാധവിക്കുട്ടി കമല സുരയ്യയായത്. അവരെ അനുകരിച്ചതാണു ഞാനെന്നു പലരും പറഞ്ഞു. അങ്ങെനെയായിരുന്നില്ല. അതേ തുടർന്നു പൊതു ഇടത്തിൽ നളിനി ജമീല എന്നറിയപ്പെടാൻ തുടങ്ങി. പക്ഷെ, പലർക്കും ലൈംഗിക തൊഴിലാളി കാര്യം പറഞ്ഞു എന്നത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. വലിയ സാമൂഹിക പ്രവർത്തക ചമയുന്നവർക്കുവരെ എന്റെ ചില മറുപടികൾ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

എന്താണു ഭാവി പരിപാടികൾ? പുതിയ പുസ്തകത്തിലും ജീവിതം തന്നെയാണോ പ്രമേയം? 

പുതുതായി ഒരു പുസ്തകം ഇറക്കുന്നുണ്ട്. സെക്‌സ് എൻകൗണ്ടർ എന്നാണ് ഇപ്പോൾ കാണുന്ന പേര്. ചിലപ്പോൾ ആ പേരു മാറും. അതിന്റെ ജോലി തീർന്നു. മൂന്നാമത്തെ പുസ്തകത്തിന്റെ ജോലി മുക്കാൽ ഭാഗത്തോളം തീർന്നു. അത് 2005ന് ശേഷമുള്ള എന്റെ ജീവിതത്തെക്കുറിച്ചാണ്. പഴയ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ എന്താണു കാണുന്നത് എന്നാണ് പറയാൻ ശ്രമിക്കുന്നത്. ആദ്യത്തെ പുസ്തകത്തിൽ ഞാൻ അച്ഛനെക്കുറിച്ചു പറഞ്ഞപ്പോൾ അല്പം കർശനമായി പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ, ചില ഭാഗങ്ങൾ, ചിലതു മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഇതിൽ അച്ഛൻ കുറച്ച് സോഫ്റ്റാകുന്നുണ്ട് കാരണം അച്ഛനെക്കുറിച്ചു ഞാൻ വീണ്ടും പഠിച്ചപ്പോൾ എനിക്കു കിട്ടയതു വേറെ റിസൾട്ടാണ്. ഒരേ സാധനത്തെക്കുറിച്ചു വീണ്ടും വീണ്ടും പഠിക്കുമ്പോഴാണല്ലോ അതിനെ അടുത്തറിയുന്നത്.

പക്ഷെ, അച്ഛൻ ക്രൂരനായിരുന്നു. അച്ഛനെ അച്ഛന്റെ സ്ഥാനത്ത് നോക്കുമ്പോൾ ക്രൂരൻ തന്നെയാണ്. പണി ചെയ്തു മക്കൾക്കു ഭക്ഷണം കൊടുക്കാത്ത, പട്ടാളക്കാരനായതിന്റെ ചിട്ടയിൽ അങ്ങോട്ടു പോകരുത് ഇങ്ങോട്ടു പോകരുത് എന്നു പറയുന്ന, ഹരിജൻസിനോടു മിണ്ടരുതെന്നു പറയുന്ന, ഇടപെടലുകളെ തെറ്റിദ്ധരിക്കുന്ന അച്ഛൻ. അച്ഛൻ പറയുന്ന രാഷ്ട്രീയമല്ല പ്രവർത്തിക്കുന്നത്. ഇതിലൊക്കെ അച്ഛൻ ക്രൂരനാണ്. 

വേണമെങ്കിൽ ആത്മകഥയുടെ തുടർച്ച എന്നു പറയാം. മൊത്തത്തിൽ എന്റെ ജീവിതം. അതിൽനിന്ന് എനിക്കുണ്ടായ അനുഭവങ്ങളും ആ അനുഭവങ്ങളിൽനിന്നു ഞാൻ പഠിച്ച പാഠങ്ങളും. അതിനെ ഞാൻ തന്നെ നോക്കിക്കാണുന്നതും. മൊത്തത്തിൽ എന്റെ ജീവിതം തന്നെയാണത്. ഇത്രയൊക്കെ അനുഭവിച്ചപ്പോൾ ഞാൻ കണ്ട കാഴ്ചയല്ല എനിക്കു പറയാനുള്ളത്. കണ്ട കാഴ്ചയിൽനിന്നു ഞാൻ വിലയിരുത്തിയ കാര്യങ്ങൾ ഉണ്ടായിരിക്കുമല്ലോ? എന്റെ ആദ്യപുസ്‌കം പുറത്തിറങ്ങിയിട്ട് 12 വർഷം കഴിഞ്ഞിരിക്കുന്നു അതിന്റെ 39,000 കോപ്പിയാണു വിറ്റഴിഞ്ഞത്.