കാല്‍ നൂറ്റാണ്ടോളമായി തുടര്‍ച്ചയായി ഭരണം കൈയാളുന്ന ബിജു ജനതാദളില്‍ വലിയ നേതൃമാറ്റത്തിന് സൂചന നല്‍കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസം ഒഡീഷയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ വിശ്വസ്തനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വി.കെ. പാണ്ഡ്യന്‍ സിവില്‍ സര്‍വീസില്‍നിന്ന് രാജിവെക്കുകയും മണിക്കൂറുകള്‍ക്കകം തന്നെ കാബിനറ്റ് മന്ത്രിയുടെ പദവിയിലേക്ക് അവരോധിക്കപ്പെടുകയും ചെയ്തു. നവീന്‍ പട്നായികിന് ശേഷം ബിജു ജനതാദളിനെ നയിക്കാന്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് പാണ്ഡ്യന്റെ പുതിയ പദവിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

To advertise here,

മുഖ്യമന്ത്രിയുടെ വലംകൈയായി നില്‍ക്കുന്ന വെറുമൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനല്ല പാണ്ഡ്യന്‍ എന്ന തമിഴ്നാട്ടുകാരന്‍. അക്ഷാര്‍ത്ഥത്തില്‍ ഒഡീഷയെ ഭരിക്കുന്നത് പാണ്ഡ്യനാണെന്നാണ് പ്രതിപക്ഷം ദീര്‍ഘനാളായി ഉന്നയിക്കുന്ന ആരോപണം. അകത്തളങ്ങളില്‍ പട്നായികിന് കരുത്ത് നല്‍കിയിരുന്ന പാണ്ഡ്യന്‍ 2019-ലെ തിരഞ്ഞെടുപ്പോടു കൂടിയാണ് തിരശ്ശീല നീക്കി കടന്നുവരുന്നത്. അഞ്ചാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നവീന്‍ പട്നായികിന്റെ ശ്രദ്ധേയമായ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ആ ചിത്രത്തില്‍ ഇരിക്കുന്ന നവീന്‍ പട്നായികിന് പിന്നിലായി ചിരിച്ചുകൊണ്ട് പാണ്ഡ്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ബിജു ജനതാദള്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ആ ചിത്രം പങ്കുവെച്ചു. മികച്ച ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയതിന് പട്നായിക്കിനെ പോലെ തന്നെ പാണ്ഡ്യനും പ്രശംസിക്കപ്പെട്ടു.

ആ ചിത്രം ഒരു സൂചന കൂടിയായിരുന്നു. പതിയെ നവീന്‍ പട്നായിക് ഒഡിഷയുടെ പൊതുവേദികളില്‍നിന്ന് പിന്‍വാങ്ങി കൊണ്ടിരിക്കുമ്പോള്‍ വി.കെ. പാണ്ഡ്യന്‍ ഇന്ന് ഡ്രൈവിങ് സീറ്റിലേക്കെടുക്കുകയാണ്.

placeholder
നവീന്‍ പട്‌നായിക്കിനൊപ്പം പാണ്ഡ്യന്‍ | മുഖ്യമന്ത്രിയുടെ ഓഫീസ് 2019-ല്‍ പങ്കുവെച്ച ചിത്രം

പിന്‍സീറ്റ് ഭരണമെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തുമ്പോള്‍ തന്നെ ഒഡിഷയില്‍ പാണ്ഡ്യന്‍ ഇതിനകം പട്‌നായിക്കിനോളം ജനസമ്മതി നേടിയെടുത്തുവെന്നാണ് ചില സര്‍വേകള്‍ പറയുന്നത്. ഒഡിഷയുടെ വികസന നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് പാണ്ഡ്യന്‍ വഹിച്ചുവെന്നതാണ് ഈ ജനസമ്മതിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ പാണ്ഡ്യന്‍ അടുത്തിടെ സംസ്ഥാനത്തുടനീളം പര്യാടനം നടത്തിയതും രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു.

സിവില്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പാണ്ഡ്യനെ നവീന ഒഡീഷയ്ക്കായുള്ള കര്‍മപദ്ധതിയുടെ ചെയര്‍മാനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. പാണ്ഡ്യന്റെ വി.ആര്‍.എസ്. അപേക്ഷ അടിയന്തരമായി കേന്ദ്രം പരിഗണച്ചതിലൂടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ബി.ജെ.പി. നേതൃത്വത്തിന്റെ മൗനസമ്മതമുണ്ടെന്ന അഭ്യൂഹവും ശക്തമാണ്.

 ഒഡീഷയുടെ തലപ്പത്തേക്ക്

തമിഴ്നാട്ടിലെ മധുര ജില്ലയിലെ മേലൂര്‍ സ്വദേശിയാണ് പാണ്ഡ്യന്‍. നെയ്​വേലിയിലെ സ്‌കൂളിലാണ് പഠിച്ചത്. മധുരയിലെ കോളേജില്‍ ബി.എസ്സി അഗ്രികള്‍ച്ചറില്‍ ബിരുദം നേടിയ ശേഷം ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥാമാക്കി. യു.പി.എസ്സി പാസായ ശേഷം 2000-ല്‍ ഒഡീഷ കേഡറില്‍ ഐ.എ.എസില്‍ പ്രവേശിച്ചു. ധര്‍മ്മഗഢില്‍ സബ് കളക്ടറായി തുടങ്ങി ഇന്ന് ഒഡീഷ മുഖ്യമന്ത്രിയുടെ പിന്‍ഗാമിയെന്ന മേല്‍വിലാസത്തിലേക്ക് എത്തിനില്‍ക്കുന്ന വി.കെ. പാണ്ഡ്യന്‍ തന്റെ 23 വര്‍ഷത്തെ കരിയറില്‍ തേടിയെത്തിയ പദവികളിലെല്ലാം മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്കകാലത്ത് തന്നെ പ്രവര്‍ത്തനങ്ങളിലൂടെ ഭരണകര്‍ത്താക്കളുടെ മതിപ്പ് സ്വന്തമാക്കാന്‍ പാണ്ഡ്യന് സാധിച്ചിട്ടുണ്ട്. കൂടെ പ്രവര്‍ത്തന മികവിലൂടെ കരിയര്‍ തുടങ്ങിയവര്‍ക്കിടയില്‍ എപ്പോഴും ഒരുപടി മുന്നില്‍ പാണ്ഡ്യന്‍ നിന്നു. നവീന്‍ പട്നായിക് നടപ്പിലാക്കിയ ഒഡിഷയുടെ ഇന്നത്തെ വികസന നേട്ടങ്ങളെല്ലാം പാണ്ഡ്യന്റെ കാഴ്ചപ്പാടിന്റെ കൂടി ഫലമാണെന്ന് വിശ്വസിക്കുന്നവരാണ് സംസ്ഥാനത്ത് ഭൂരിപക്ഷവും.

സബ് കളക്ടറായിരുന്നപ്പോള്‍ ധര്‍മ്മഗഢിലെ മില്ലുടമകളോട് അദ്ദേഹം സ്വീകരിച്ച കടുത്ത നിലപാടിന്റെ ഫലമായി കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ മുഴുവന്‍ പണവും ലഭ്യമാക്കിയതിനൊപ്പം സഹകരണ സംഘങ്ങള്‍ക്ക് ലാഭവും ഉറപ്പാക്കി. ഇത് വലിയ ശ്രദ്ധ നേടി. സര്‍ക്കാരിനും എക്കാലത്തേയും ഉയര്‍ന്ന വരുമാനം ഉണ്ടാക്കിയ ഈ ഉദ്യമത്തിന് മുഖ്യമന്ത്രിയില്‍നിന്ന് അഭിനന്ദനം ലഭിക്കുകയും ചെയ്തു.

ഒഡീഷയിലെ ഏറ്റവും വലിയ ജില്ലയായ മയൂര്‍ഭഞ്ജിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കളക്ടര്‍മാരില്‍ ഒരാളായിരുന്നു പാണ്ഡ്യന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിച്ചതിനുള്ള ദേശീയ അവാര്‍ഡ് മയൂര്‍ഭഞ്ജിന് ലഭിച്ചു.  ജില്ലയിലെ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഗ്രാമങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ദൈനംദിന സന്ദര്‍ശനങ്ങള്‍ വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് സഹായിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ ഭിന്നശേഷിക്കാരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനവും അദ്ദേഹം കൊണ്ടുവന്നിരുന്നു. ഇത് പിന്നീട് സംസ്ഥാന നയമായി അംഗീകരിക്കപ്പെട്ടു. ഭിന്നശേഷിക്കാരെ പുനരധിവസിപ്പിച്ച പദ്ധതിക്ക് അദ്ദേഹത്തിന് ഹെലന്‍ കെല്ലര്‍ അവാര്‍ഡും ലഭിച്ചു.

പിന്നീട് ഗഞ്ജം ജില്ലയുടെ കളക്ടറായി ചുമതലേയറ്റപ്പോഴും വിവിധ പദ്ധതികള്‍ നടപ്പാക്കി ദേശീയ ശ്രദ്ധ നേടുകയും അവാര്‍ഡുകള്‍ കരസ്ഥാമാക്കുകയും ചെയ്തു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫലവത്തായി നടപ്പാക്കി ദേശീയ അവാര്‍ഡ് നേടി, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടപ്പാകുന്നതിന് മുമ്പ് ഗഞ്ജം ജില്ലയിലെ തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ വേതനം നല്‍കിയും പാണ്ഡ്യന്‍ ശ്രദ്ധ നേടുകയുണ്ടായി. നൂതനമായ ആശയങ്ങളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്നതിലൂടെ ഗഞ്ജം ജില്ലയ്ക്ക് രണ്ടു തവണ രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു.

ഗഞ്ജം ജില്ലാ കളക്ടറായിരിക്കുമ്പോള്‍ 2011-ലാണ് പാണ്ഡ്യനെ നവീന്‍ പട്നായിക് കൂടെ കൂട്ടുന്നത്. പാണ്ഡ്യന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ നവീന്‍ പട്നായിക് സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കായി രൂപീകരിച്ച തന്റെ ടീമിന്റെ ഭാഗമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു പാണ്ഡ്യന്റെ നിയമനം. ഇതോടെ നവീന്‍ പട്‌നായിക്ക് വിഭാവനം ചെയ്ത ല 5ടി സംരംഭങ്ങള്‍ക്ക് വി കെ. പാണ്ഡ്യന്‍ ക്യൂറേറ്ററായി. ഒഡീഷയുടെ വികസനങ്ങള്‍ക്കും പരിവര്‍ത്തനത്തിനുമായി രൂപീകരിച്ച പദ്ധതിയാണ് 5 ടി എന്നത്.

ഒഡിഷയുടെ പരിവര്‍ത്തനം ഏതെങ്കിലും പ്രത്യേക മേഖലയിലോ മേഖലയിലോ പരിമിതപ്പെടുത്തിയിട്ടില്ല. സംഘടിത പ്രവർത്തനം (ടീം വര്‍ക്ക്),  സാങ്കേതികത (ടെക്‌നോളജി, സുതാര്യത (ട്രാന്‍സ്പെരന്‍സി), പരിവര്‍ത്തനം (ട്രാന്‍സ്ഫോര്‍മേഷന്‍) സമയപരിധി (ടൈം) എന്നീ അഞ്ച് Tകള്‍ ഉപയോഗിച്ച് മൊത്തത്തിലുള്ള പരിവര്‍ത്തനം കൊണ്ടുവരിക എന്നതാണ് 5ടി സംരംഭങ്ങളുടെ ലക്ഷ്യം.

കോവിഡ് കാലത്തും പാണ്ഡ്യന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടപ്പെട്ടു. ഒഡിഷ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പലപ്പോഴും അവലോകന യോഗങ്ങളില്‍ പങ്കെടുത്തത് പാണ്ഡ്യനായിരുന്നു. സമീപകാലത്തായി സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രചാരണങ്ങളിലെല്ലാം പാണ്ഡ്യന്റെ ചിത്രവും ഇടംപിടിക്കുന്നുണ്ട്. മൂന്നാം മുന്നണിയടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകളിലും പട്നായിക്കിനൊപ്പം പാണ്ഡ്യനും ഇടംപിടിച്ചു.

കായിക ഇന്ത്യയുടെ തലസ്ഥാനം

ഇന്ന് ഒഡിഷ ഇന്ത്യയുടെ കായിക തലസ്ഥാനമായി മാറിയിതിന് പിന്നില്‍ പാണ്ഡ്യന്റെ സ്‌പോര്‍ട്‌സിനോടും കായികതാരങ്ങളോടുമുള്ള താത്പര്യമാണെന്നാണ് പറയപ്പെടുന്നത്. നെയ് വേലിയിലെ തമിഴ്നാട് കായിക വികസന അതോറിറ്റിയുടെ കീഴിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിച്ചുകൊണ്ടായിരുന്നു പാണ്ഡ്യന്റെ സ്‌കൂള്‍ പഠനം. ഹോക്കി ഗോള്‍കീപ്പറായിരുന്ന പാണ്ഡ്യന്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ 800,1500 മീറ്റര്‍ ഓട്ടത്തില്‍ സര്‍വകലാശാല ചാമ്പ്യനായി.

2001-ല്‍ കിയോഞ്ജര്‍ ജില്ലയില്‍ പ്രൊബേഷണറായി ജോലി ചെയ്തിരുന്ന കാലം മുതല്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ മെച്ചപ്പെടുത്തുന്നതില്‍ പാണ്ഡ്യന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സുന്ദര്‍ഗഢ് ജില്ലയില്‍ അദ്ദേഹം എ.ഡി.എം. ആയിരുന്ന ഘട്ടത്തില്‍,  ഇന്ത്യന്‍ ഹോക്കിയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന റൂര്‍ക്കേലയിലെ ഹോക്കി വിദ്യാര്‍ഥികളുടെ പരിതാപകരമായ താമസസൗകര്യം കണ്ടിട്ട്  ഹോസ്റ്റല്‍ കാമ്പസും ഹോക്കി ടര്‍ഫും പണി കഴിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 2023 ഹോക്കി ലോകകപ്പിന് പ്രധാനവേദി റൂര്‍ക്കേലയിലായിരിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  

placeholder
റൂര്‍ക്കെലയിലെ ഹോക്കി സ്റ്റേഡിയം

ഇന്ത്യന്‍ ദേശീയ ഹോക്കി ടീമിന്റെ സ്പോണ്‍സര്‍മാരായ ഒഡിഷ സര്‍ക്കാര്‍ മറ്റു കായിക ഇനങ്ങള്‍ക്കും വലിയ പരിഗണന നല്‍കുന്നതിലും പാണ്ഡ്യന്റെ ഇടപെടലുകള്‍ ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമായ ബിര്‍സ മുണ്ട അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം റൂര്‍ക്കേലയില്‍ നിര്‍മിച്ചു. ഹോക്കിയുടെ വികസനത്തിനും പ്രോത്സാഹനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വി.കെ. പാണ്ഡ്യനെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

അട്ടിമറി ശ്രമം

നവീന്‍ പട്‌നായികിന്റെ വലംകൈയായി മാറുന്ന ആദ്യ ഐ.എഎ.സ്. ഓഫീസറല്ല പാണ്ഡ്യന്‍. ജീവിതത്തിന്റെ നല്ലൊരു പങ്കും വിദേശത്തായിരുന്ന നവീന്‍ പട്‌നായിക് പിതാവ് ബിജു പട്‌നായികിന്റെ മരണത്തോടെയാണ് 1997-യില്‍ ഒഡീഷയില്‍ എത്തുന്നത്. ഒഡീഷ രാഷ്ട്രീയത്തിനെ കുറിച്ച് കാര്യമായ ധാരണകളൊന്നും നവീന്‍ പട്‌നായികിന് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളും നന്നേ കുറവ്. ഈ ഘട്ടത്തിലാണ് പിതാവ് അധികാരത്തിലിരുന്ന 1990-1995 കാലയളവില്‍ അദ്ദേഹത്തിന്റെ പ്രസിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പ്യാരി മോഹന്‍ മോഹപത്ര നവീനിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പിതാവിന്റെ കണ്ണും കാതുമായിരുന്ന പ്യാരി മോഹന്റെ ഉപദേശം തേടാന്‍ അമ്മ ഗ്യാന്‍ പട്‌നായിക്കാണ് നവീനിനോട് നിര്‍ദേശിക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ ഒഡീഷ രാഷ്ട്രീയത്തിലെ എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് 2000-ത്തില്‍ നവീന്‍ പട്‌നായിക്കിനെ സുഗമമായി അധികാരത്തിലേറ്റുകയും ചെയ്തു.

നവീന്‍ അധികാരത്തിലേറിയത് മുതല്‍ ഭരണത്തിന്റെ ദൈനംദിന നടത്തിപ്പിനെക്കുറിച്ച് ഉപദേശിക്കുന്നത് ഉള്‍പ്പെടെ, നവീന്റെ മിക്കവാറും എല്ലാ നീക്കങ്ങൾക്കും മോഹപത്ര തിരക്കഥയെഴുതി. രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത നവീന്‍ എല്ലാ കാര്യങ്ങള്‍ക്കും മോഹപത്രയെ ആശ്രയിക്കുന്ന സ്ഥിതി വന്നു. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും മോഹപത്രയായി. ഉദ്യോഗസ്ഥര്‍ മോഹപത്രയുടെ വീടിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന സ്ഥിതിയായി. മോഹപത്രയെന്ന ഐ.എ.എസുകാരന്‍ സൂപ്പര്‍ മുഖ്യമന്ത്രിയും ഒഡഷ രാഷ്ട്രീയത്തില്‍ ചാണക്യനുമായി മാറി. മോഹപത്രയുടെ തന്ത്രങ്ങള്‍ ബി.ജെ.ഡിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. ബി.ജെ.ഡിയേയും നവീനേയും മൂന്നാമതും അധികാരത്തിലേറ്റിയ 2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നവീനും മോഹപത്രയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട നേതാവായി മോഹപത്ര സ്വയം വിശേഷിപ്പിച്ച് തുടങ്ങിയതാണ് ഈ വിള്ളലിന്റെ തുടക്കം. അപ്പോഴേക്കും നവീന്‍ രാഷ്ട്രീയ തഴക്കം ആര്‍ജിച്ചെടുത്തിരുന്നു.

placeholder
പ്യാരിമോഹന്‍ മോഹപത്രയും നവീന്‍ പട്‌നായികും |ഫോട്ടോ:facebook.com/pyarimohan.in

തന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ മോഹപത്രയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് നവീന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2012-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നവീന്‍ ഒറ്റയ്ക്ക് പ്രചാരണം നടത്തി. പിന്നീട് മോഹപത്രയെ ഒരു ഫോണ്‍കോള്‍ പോലും ചെയ്യാതെ ഏകപക്ഷീയമായി രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇവര്‍ തമ്മിലുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്കെത്തി. മോഹപത്രയുടെ മുറിവുകളില്‍ കൂടുതല്‍ ഉപ്പ് പുരട്ടാന്‍, മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാങ്മയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബി.ജെ.ഡിയുടെ പിന്തുണ നവീന്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ചെയ്തു.

പ്യാരിമോഹന്‍ മോഹപത്രയുമായി പട്നായിക്ക് അകന്നത് പാണ്ഡ്യനെയാണ് തുണച്ചത്. പട്നായിക്കും പാണ്ഡ്യനും ലണ്ടനിലായിരുന്നപ്പോള്‍ പാര്‍ട്ടിയില്‍ അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ച് പ്യാരിമോഹന്‍ മോഹപത്രയെ പുറത്താക്കി. മുഖ്യമന്ത്രിയായ ശേഷമുള്ള പട്നായിക്കിന്റെ ആദ്യ വിദേശ പര്യടനമായിരുന്നു അത്. പാര്‍ട്ടിയില്‍നിന്ന് പുറത്തായ മോഹപത്ര പുതിയ പാര്‍ട്ടി രൂപീകരിച്ച് നവീനെ നേരിടാന്‍ തുനിഞ്ഞെങ്കിലും അത് എവിടെയും എത്തിയില്ല.

പാര്‍ട്ടിയില്‍ മോഹപത്രയുടെ സ്വാധീനം കണക്കിലെടുത്ത് പട്നായിക്കിന്റെ കൈകളില്‍നിന്ന് ബി.ജെ.ഡി. വഴുതിപ്പോവുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, എല്ലാവരേയും അത്ഭുതപ്പെടുത്തി പട്‌നായിക് ബി.ജെ.ഡിയില്‍ എതിര്‍സ്വരമില്ലാതെ ഉയര്‍ന്നു. ഈ ഘട്ടത്തില്‍ പാണ്ഡ്യനാണ് പട്നായിക്കിന് കരുത്ത് നല്‍കിയതെന്നാണ് ബി.ജെ.ഡിക്കുള്ളിലെ അടക്കംപറച്ചില്‍. 

ബി.ജെ.ഡിയുടെയും പാണ്ഡ്യന്റെയും ഭാവി

ഒഡീഷയുടെ രാഷ്ട്രീയ ചരിത്രത്തില്‍, നിരവധി പ്രാദേശിക പാര്‍ട്ടികളുടെ ഉയര്‍ച്ചയും തകര്‍ച്ചയും കണ്ടിട്ടുണ്ടെങ്കിലും വിജയങ്ങളില്‍ ഒന്നിനേയും ബി.ജെ.ഡിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ട് ശക്തരായ രാജകുടുംബങ്ങളുടെ നേതൃത്വത്തിലുള്ള ഗണതന്ത്ര പരിഷത്താണ് സംസ്ഥാനത്തെ ആദ്യത്തെ പ്രാദേശിക പാര്‍ട്ടി. പിന്നീട് ജന കോണ്‍ഗ്രസ് ഉത്കല്‍ കോണ്‍ഗ്രസ്, തുടങ്ങി നിരവധി പാര്‍ട്ടികള്‍ ജനിക്കുകയും കുറഞ്ഞ കാലങ്ങള്‍ക്കൊണ്ട് അസ്തമിക്കുകയും ചെയ്തു. ഇതില്‍ 1969-ല്‍ നവീന്‍ പട്‌നായികിന്റെ പിതാവ് ബിജു പട്‌നായിക് രൂപീകരിച്ചതായിരുന്നു ഉത്കല്‍ കോണ്‍ഗ്രസ്.  സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച 60-70 കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളിലൊന്നായിരുന്നു ഉത്കല്‍ കോണ്‍ഗ്രസിന്റെ പിറവി. അതിനും വലിയ ഭാവിയുണ്ടായില്ല. ബിജു പട്‌നായികിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരില്‍ 1997-ലാണ് നവീന്‍ പട്‌നായിക് ബി.ജെ.ഡി. രൂപീകരിക്കുന്നത്. മറ്റെല്ലാ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളേയും മറികടന്ന് ബി.ജെ.ഡിയും നവീന്‍ പട്‌നായികും തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഒഡീഷയുടെ ഭരണത്തിലിരിക്കുന്നത്.

147-ല്‍ 117 സീറ്റുകളും പിടിച്ചെടുത്ത് കരുത്തരായി അധികാരത്തില്‍ തുടരുന്ന ബി.ജെ.ഡിക്ക് 12 ലോക്‌സഭാ എം.പിമാരും ഒമ്പത് രാജ്യസഭാ പ്രതിനിധികളുമുണ്ട്. എന്നാല്‍, രാജ്യത്തെ ശക്തരായ പ്രാദേശി പാര്‍ട്ടികളിലൊന്നായി അറിയപ്പെടുന്ന ബി.ജെ.ഡിയുടെ ഭാവി സംബന്ധിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. 77-കാരനായ പാര്‍ട്ടിയുടെ അമരക്കാരനും മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായികിന്റെ ആരോഗ്യനില അത്ര മികച്ചതല്ല എന്നത് തന്നെയാണ് ചര്‍ച്ചകള്‍ സജീവമാക്കിയത്. അവിവാഹിതനായ നവീന്‍ പട്‌നായിക് പാര്‍ട്ടിയില്‍ തനിക്ക് പകരക്കാരനായി ഇതുവരെ ഒരാളേയും വളര്‍ത്തിയിട്ടുമില്ല. ഈ സാഹചര്യങ്ങളിലാണ് വി.കെ. പാണ്ഡ്യനെ ചുറ്റിപ്പറ്റിയുള്ള പുതിയ നീക്കങ്ങള്‍ നടന്നുവരുന്നത്. നവീന്‍ പട്‌നായികിനെ അനാരോഗ്യം അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ നിലവില്‍ ഒഡീഷയുടെ പാതി മുഖ്യമന്ത്രി വി.കെ. പാണ്ഡ്യന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പാണ്ഡ്യന് ഇതിനകം തന്നെ ബാറ്റണ്‍ കൈമാറിയതിന്റെ സൂചനയാണ് മാര്‍ച്ച്-ഓഗസ്റ്റ് മാസങ്ങളില്‍ അദ്ദേഹം 30 ജില്ലകളില്‍ നടത്തിയ പര്യാടനമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

placeholder
മമതയ്ക്കും നവീന്‍ പട്‌നായികിനുമൊപ്പം പാണ്ഡ്യന്‍ |ഫോട്ടോ:PTI

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ നവീന്‍ പട്‌നായികും മറ്റ് നേതാക്കളും തമ്മില്‍ അടച്ചിട്ട മുറിയില്‍ അടുത്തിടെ നടന്ന മിക്ക യോഗങ്ങളിലും പാണ്ഡ്യന്‍ മാത്രമായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പാണ്ഡ്യന്‍ തലപ്പത്തേക്ക് വരുന്നതില്‍ ഇതിനകം തന്നെ ചില ബി.ജെ.ഡി. നേതാക്കള്‍ അതൃപ്തി വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കാര്യങ്ങളില്‍ പാണ്ഡ്യന്‍ കൈക്കടത്തുന്നുവെന്ന് വിമര്‍ശിച്ച ബി.ജെ.ഡി. ഉപാധ്യക്ഷന്‍ സൗമ്യ രഞ്ജന്‍ പട്‌നായികിനെ സെപ്റ്റംബറില്‍ പുറത്താക്കിയിരുന്നു. പാണ്ഡ്യന്റെ ഹെലികോപ്റ്റര്‍ പര്യടനത്തേയും സൗമ്യ രഞ്ജന്‍ വിമര്‍ശിച്ചിരുന്നു.

പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്ക് പുറമെ തമിഴ്‌നാട്ടുകാരനായ വി.കെ. പാണ്ഡ്യനെ ഒഡീഷ ജനത ഏറ്റെടുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇതുവരെ തിരഞ്ഞെടുപ്പില്‍ പാണ്ഡ്യന്‍ മത്സരിക്കാത്ത പാണ്ഡ്യന്‍ 2024-ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നാണ് അറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷയില്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുക. ഒഡീഷ സ്വദേശിയും ഐ.എ.എസ്. ഉദ്യോഗസ്ഥയുമായ സുജാത ആര്‍. കാര്‍ത്തികേയനാണ് പാണ്ഡ്യന്റെ ഭാര്യ. ഒഡീഷ മിഷന്‍ ശക്തിയുടെ സെക്രട്ടറി കൂടിയാണവര്‍.