അമയപ്രയിലും സമീപപ്രദേശങ്ങളിലും കാട്ടാനപ്പേടി; വ്യാപക കൃഷിനാശം
ഉടുമ്പന്നൂർ : കാട്ടാനയും മറ്റ് കാട്ടുമൃഗങ്ങളും കാരണം നാട് വലയുകയാണ്. ഉടുമ്പന്നൂർ പഞ്ചായത്തിലെ അമയപ്ര, കച്ചിറമൂഴി, മലയിഞ്ചി, വേളൂർ, ചാത്തൻമല, വരിക്കമറ്റം, കിഴക്കുമ്പാടം, കുരിശുമല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. വലിയ കൃഷിനാശം ഉണ്ടാകുന്നുണ്ട്. അജ്ഞാതജീവികൾ വളർത്തുമൃഗങ്ങളേയും കൊല്ലുന്നുണ്ട്.
കഴിഞ്ഞദിവസം കുരിശുമലയിൽ ഇറങ്ങിയ കാട്ടാന പുല്ലാട്ടുകുടി ബിജുവിന്റെ പുരയിടത്തിലെത്തി റബ്ബർപാൽ ശേഖരിച്ചിരുന്ന വീപ്പ ഉൾപ്പെടെയുള്ളവ ഉരുട്ടിയെറിഞ്ഞ് നശിപ്പിച്ചു. പൊട്ടനാനിക്കൽ കുടുംബത്തിന്റെ കൃഷിയിടത്തിലെ തെങ്ങുകളും വാഴകളും കാട്ടാന നശിപ്പിച്ചു. കമ്പകത്തിങ്കൽ ഷിബിന്റെ പൈനാപ്പിൾ തോട്ടവും ഇടപ്പറമ്പിൽ ഷൈജുവിന്റെ നൂറിൽപ്പരം ഏത്തവാഴയും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞദിവസം അജ്ഞാതജീവി പശുവിനെ കൊന്നുതിന്ന സംഭവവും ഉണ്ടായി.
കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ തുടർച്ചയായി ഇറങ്ങുന്നത് കർഷകർക്ക് കൃഷി സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അധ്വാനവും പണവും ചെലവഴിച്ച് പരിപാലിക്കുന്ന വിളകൾ നശിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
പ്രതിഷേധമാർച്ച് നടത്തും
വന്യമൃഗശല്യത്തിനെതിരേ വന്യജീവി ആക്രമണ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വേളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.
വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Published: 30 Oct 2026, 01:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented