കൗതുകമായി കരിവീരന്മാരുടെ സംഗമം
അടിമാലി : കാഴ്ചക്കാരിൽ കൗതുകവും വിസ്മയവുമായി ആനക്കുളം ഗ്രാമത്തിൽ കാട്ടാനക്കൂട്ടങ്ങളുടെ ‘സന്ദർശനം.’ പത്തുവർഷം മുൻപുവരെ അഞ്ചോ, ആറോ ആനകൾമാത്രം വെള്ളം കുടിക്കാനെത്തിയിരുന്ന ഇവിടെ, ഇപ്പോൾ ദിവസേന മുപ്പതിലധികമാണ് എത്തുന്നത്.
വേനൽ കടുത്തതോടെ കാടിനുള്ളിലെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങിയതാണ് ആനക്കൂട്ടത്തെ ആനക്കുളത്തേക്ക് ആകർഷിക്കുന്നത്.
തൊട്ടുമുന്നിൽ ആളുകൾ നിൽക്കുന്നുണ്ടെങ്കിലും അവരെയൊന്നും ഗൗനിക്കാതെ വളരെ ശാന്തരായാണ് ആനകൾ വെള്ളം കുടിക്കുന്നതും നീരാടുന്നതും.
കുട്ടിക്കൊമ്പന്മാരെ വലിയ ആനകൾ അതീവശ്രദ്ധയോടെ സംരക്ഷിച്ചുനിർത്തുന്നതും അവയുടെ കുറുമ്പുകളും ഇണക്കവും പിണക്കവും അടുത്തുനിന്ന് കാണാൻ സാധിക്കുന്നതും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്.
നൂറ്റാണ്ടുകളായി കാട്ടാനകൾ വെള്ളം കുടിക്കാനെത്തുന്ന ഈ അരുവി ഒരിക്കലും വറ്റാറില്ല. അരുവിയുടെ നടുവിൽ കുമിളകൾ ഉയരുന്ന ഭാഗത്തെ കല്ലുകൾ കാലുകൊണ്ട് നീക്കിയശേഷം, തുമ്പിക്കൈ ഉള്ളിലേക്ക് താഴ്ത്തി ധാതുസമ്പുഷ്ടമായ ഉപ്പുവെള്ളമാണ് ആനകൾ കുടിക്കുന്നത്.
നാട്ടുകാർ ‘കാട്ടാനകളുടെ ബിവറേജസ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ അരുവിയിലെ വെള്ളം കുടിച്ച് കുട്ടിക്കൊമ്പന്മാർ കാണിക്കുന്ന വികൃതികൾ സഞ്ചാരികളിൽ ഏറെ കൗതുകമുണർത്തുന്നു.
മാനസികസംഘർഷങ്ങൾ മറന്ന് മൂന്നുമുതൽ അഞ്ച് മണിക്കൂർവരെ ആനകളുടെ വിഹാരം ആസ്വദിച്ചാണ് സഞ്ചാരികൾ ഇവിടെനിന്ന് മടങ്ങുന്നത്.
Published: 20 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented