ഉപ്പുതറ പൂക്കുളം എസ്റ്റേറ്റ് റോഡ് എന്ന് നന്നാക്കും

To advertise here,

ഉപ്പുതറ : പൂക്കുളം എസ്റ്റേറ്റ് റോഡ് നന്നാക്കിയിട്ട് വർഷങ്ങളായി. യാത്രാദുരിതം അനുഭവിക്കുന്നത് അഞ്ഞൂറോളം കുടുംബങ്ങൾ. സ്കൂൾകുട്ടികളും തോട്ടം തൊഴിലാളികളും പ്രായമായവരും ഒരുപോലെ കഷ്ടപ്പെടുകയാണ്.

80 വർഷം പഴക്കമുള്ള റോഡാണിത്. എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം വഴി പൂർണമായും തകർന്നുകിടക്കുകയാണ്. 80 വർഷത്തിനിടെ ഈ ഭാഗം ഒരിക്കൽപ്പോലും ടാർചെയ്തിട്ടില്ല.

കാട്ടുപാതയ്ക്ക് സമാനമായ റോഡിലൂടെയുള്ള കാൽനടയാത്രപോലും ഇപ്പോൾ ദുഷ്‌കരമാണ്. ജീപ്പുകൾ മാത്രമാണ് നിലവിൽ ഇവിടത്തെ നാട്ടുകാരുടെ ഏക ആശ്രയം.

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഒൻപത്, 10, 11 വാർഡുകളിലെ കന്നിക്കല്ല്, പൂക്കുളം 12 പുതുവൽ, കവുന്തി, പുല്ലുമേട്, പച്ചക്കാട്, ഹെവൻവാലി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ദുരിതം അനുഭവിക്കുന്നത്.

​സ്ഥലം വി‍ട്ടുകൊടുക്കൂ...

​പൂമല എസ്റ്റേറ്റുകാർ മുമ്പ് വിട്ടുനൽകിയ ഭാഗം ഉൾപ്പെടെ ത്രിതല പഞ്ചായത്തുകൾ അനുവദിച്ച വിവിധ ഫണ്ടുകളുപയോഗിച്ച് റോഡിന്റെ കുറേഭാഗം ഇതിനോടകം സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ബാക്കിഭാഗംകൂടി വീതികൂട്ടി പണിയുന്നതിന് എം.എൽ.എ.യും ത്രിതല പഞ്ചായത്തുകളും ഫണ്ട് അനുവദിക്കാൻ തയ്യാറാണ്.

എന്നാൽ, പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കണമെങ്കിൽ കുറഞ്ഞത് ആറ് മീറ്ററും മറ്റ് ഫണ്ടുകൾക്ക് എട്ടുമീറ്ററും വീതി ആവശ്യമാണ്. നിലവിലാകട്ടെ റോഡിന് കഷ്ടിച്ച് നാലുമീറ്റർ വീതിയേയുള്ളൂ.

റോഡിന് വീതികൂട്ടിയാൽ തേയിലച്ചെടികൾ നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞ് പൂക്കുളം എസ്റ്റേറ്റുകാർ സ്ഥലം വിട്ടുനൽകാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. എന്നാൽ റോഡ് നന്നായാൽ അത് എസ്റ്റേറ്റുകാർക്കും പ്രയോജനപ്പെടുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും എസ്റ്റേറ്റ് മാനേജ്‌മെന്റ് കനിയാത്ത സാഹചര്യത്തിൽ എം.പി.യും എം.എൽ.എ.യും ജില്ലാ ഭരണകൂടവും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. എത്രയുംവേഗം സ്ഥലം വിട്ടുനൽകാനുള്ള നടപടികൾ സ്വീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.