ചെറിയ കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പഠനത്തില്‍ കാണുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും. എന്നാല്‍, കുട്ടികളില്‍ ഇതിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ അതിനെ തിരിച്ചറിഞ്ഞ് വ്യക്തമായ രീതിയില്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയാത്തതാണ് വലിയ പ്രശ്‌നം
സൃഷ്ടിക്കുന്നത്. ചെറിയ പ്രായത്തില്‍, ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോഴും കുട്ടികള്‍ക്ക് പഠിക്കാന്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാറുണ്ട്. അതിനെയെല്ലാം അവരുടെ ബുദ്ധിയില്ലായ്മയായിട്ടാണ് പലരും കണക്കാക്കുന്നത്. ഓരോ കുട്ടിയും പഠനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പല കാരണങ്ങളാലാണ്. അതിനെ കണ്ടെത്തി അവര്‍ക്ക് പ്രചോദനം നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഏതു തരത്തിലുള്ള പഠനവൈകല്യം (Learning Disabiltiy) ആണ് അവര്‍ക്കുള്ളതെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.
പഠനവൈകല്യം ഉള്ള പല കുട്ടികളും വൈകാരികചൂഷണത്തിന് ഇരയാകാറുണ്ട്. കുട്ടികളില്‍നിന്ന് അവരുടെ ചെറിയ പ്രായത്തില്‍ അമിതമായി പലതും പ്രതീക്ഷിക്കുന്ന രക്ഷിതാക്കള്‍ അവരുടെ കുട്ടികളുടെ പഠനത്തിലുള്ള കഴിവ് എത്രയാണെന്ന് മനസ്സിലാക്കുന്നില്ല. രക്ഷിതാക്കള്‍ മാത്രമല്ല സ്‌കൂളിലെ അധ്യാപകരും കുട്ടികളുടെ പഠനപ്രായത്തില്‍ അവരെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളിലെ പഠനവൈകല്യങ്ങള്‍ തിരിച്ചറിയുകയും അത് ഏതു രീതിയിലാണ് അവരെ ബാധിക്കുന്നതെന്നു വ്യക്തമായി മനസ്സിലാക്കുകയുമാണ് വേണ്ടത്.
തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് പഠനവൈകല്യം. എല്ലാവര്‍ക്കും ഒരേ വഴിയിലൂടെ തന്നെ പ്രശ്‌നങ്ങളെ പരിഹരിക്കാനോ കാണാനോ സാധിക്കണമെന്നില്ല. പഠനവൈകല്യം ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന ഒന്നല്ല എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ വ്യക്തികളിലും പഠിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് പല തരത്തിലാണ്. പഠനമേഖലയിലും ജോലിസ്ഥലത്തും നിത്യജീവിതത്തിലെ പല സാഹചര്യങ്ങളിലും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരെ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്യാതെ കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടത്. അതുവഴി ഇവരെ ജീവിതവിജയത്തിലേക്ക് ഒരു പരിധിവരെ കൊണ്ടുവരാനായി സാധിക്കും.
സ്‌കൂള്‍ എന്നതുപോലെ തന്നെ വീട്, സമൂഹം എന്നിവയും പഠനത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സന്തോഷകരമായ സ്‌കൂള്‍ അന്തരീക്ഷം, നല്ല അധ്യാപകര്‍, നല്ല കുടുംബാന്തരീക്ഷം, നല്ല പിയര്‍ ഗ്രൂപ്പ് ഇവയെല്ലാം പഠനത്തെ സഹായിക്കുമ്പോള്‍, തകര്‍ന്ന കുടുംബബന്ധങ്ങള്‍, രക്ഷിതാക്കളുടെ മദ്യപാനം, വീട്ടിലെ പഠിക്കാനുള്ള അസൗകര്യം തുടങ്ങിയവ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല പേടി, നിരാശ, വിഷാദം തുടങ്ങിയ മാനസികാരോഗ്യക്കുറവും കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കാം.
ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ, സാമാന്യമോ അതില്‍ കൂടുതലോ ബുദ്ധിവൈഭവമുള്ള കുട്ടികളില്‍ പഠനത്തിന് ആവശ്യമായ ഭാഷ, എഴുത്ത്, വായന, കണക്ക് എന്നിവയില്‍ കഴിവ് ആര്‍ജിക്കുന്നതിലും അവ പ്രയോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ടിനെയാണ് പഠനവൈകല്യമായി കണക്കാക്കുന്നത്.ഇത് ബുദ്ധിക്കുറവല്ല. മറിച്ച് ഒളിഞ്ഞു കിടക്കുന്ന ഒരു വൈകല്യമാണ്. തലച്ചോറിന്റെ ഘടനയില്‍ ഉണ്ടാകുന്ന ചില പ്രത്യേകതകളാണ് പഠനവൈകല്യത്തിനു കാരണം. പഠനവൈകല്യത്തെ പ്രധാനമായും മൂന്നായി തിരിക്കാം:
വായനാ വൈകല്യം (Dyslexia)
അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഡിസ്ലെകസിയ. ഉച്ചരിക്കേണ്ട രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കാതിരിക്കുക, എഴുതിയ വാക്ക് എന്താണെന്ന് മനസ്സിലാക്കാതെ മനസ്സില്‍ തോന്നിയത് പറയുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക. എന്നിങ്ങനെ കുട്ടിയില്‍ കാണുന്ന പഠനവൈകല്യമാണ് വായനാവൈകല്യമായി കണക്കാക്കുന്നത്.
രചനാ വൈകല്യം (Dysgraphia)
അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ഒരു വാചകമുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാത്ത അവസ്ഥയാണ് ഡിസ്ഗ്രാഫിയ. അക്ഷരങ്ങള്‍ തലതിരിച്ച് എഴുതുകയും ആവശ്യമില്ലാത്ത അകലം വാക്കുകള്‍ക്ക് നല്‍കുകയും ചെയ്യുക. നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുകയോ അപൂര്‍ണമാകുകയോ ചെയ്യുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പല തരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക. എന്നിങ്ങനെ കുട്ടിയില്‍ കാണുന്ന ലേര്‍ണിംഗ് ടിഫിക്കല്‍റ്റിയെ രചനാവൈകല്യം എന്നുപറയാം.
ഗണിതശാസ്ത്ര വൈകല്യം (Dyscalculia)
സംഖ്യകളെ കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പറഞ്ഞാല്‍ അവ എങ്ങനെ ചെയ്യണമെന്നുള്ളത് ഇത്തരം വൈകല്യമുള്ള കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനു പകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാഹരണത്തിന് 26-ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍ 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയ ശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക. എന്നിങ്ങനെ ഗണിതത്തില്‍ കുട്ടിയില്‍ കാണുന്ന തടസ്സങ്ങളെ ഡിസ്‌കാല്‍കുലിയ എന്നുവിളിക്കുന്നു.
കുട്ടികളിലെ പഠനവൈകല്യങ്ങള്‍ നിരീക്ഷിക്കാം
1. ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കുട്ടിക്ക് വീട്ടില്‍ വന്ന് പറയാന്‍ കഴിയുന്നുണ്ടാവും. പക്ഷേ, എഴുതാന്‍ പറഞ്ഞാല്‍ കുട്ടി ആകെ കുഴഞ്ഞു പോകുക
2. വാക്കുകളുടെ സ്‌പെല്ലിങ് എഴുതുമ്പോള്‍ തെറ്റിച്ചെഴുതുക. വല്ലപ്പോഴും ഒരു വാക്ക് തെറ്റിച്ചെഴുതുന്നതല്ല, മറിച്ച് സ്ഥിരമായി എല്ലാ സ്‌പെല്ലിങ്ങും തെറ്റിച്ചു തന്നെ എഴുതുക. ഒരു വാക്കില്‍ തന്നെ പല അക്ഷരങ്ങളും വിട്ടു പോവുകയും ചെയ്യുക.
3. സ്‌പെല്ലിങ് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ പരസ്പരം സ്ഥാനം തെറ്റിച്ചാവും എഴുതുക. ഉദാഹരണമായി ടോപ്പ് എന്നു പറഞ്ഞാല്‍ എഴുതി വരുമ്പോള്‍ പോട്ട് എന്നാവും. മലയാളത്തിലാണെങ്കില്‍ 'ട്ട' യും 'ണ്ട' യും പരസ്പരം മാറി പോവുക.
4. അക്കങ്ങള്‍ പലപ്പോഴും മറിച്ചെഴുതുക. '15' ന് പകരം എഴുതിക്കഴിയുമ്പോള്‍ '51' എന്നാകും.
5. വായിക്കുമ്പോള്‍ കുട്ടി മനപ്പൂര്‍വമല്ലാതെ വാക്കുകളോ, ചിലപ്പോള്‍ വരി തന്നെയോ വിട്ടുകളയുക.
6. അക്ഷരങ്ങള്‍ നിര്‍ത്തി നിര്‍ത്തി വായിക്കുക. സ്ഫുടതയില്ലാത്തതോ വേഗത കുറഞ്ഞതോ ആയ വായനയാവും ഇവരുടേത്. പക്ഷേ, സംസാരിക്കുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാവണമെന്നില്ല.
7. ഒരു വാക്കിന്റെ തുടക്കം കാണുമ്പോഴേ ബാക്കി ഊഹിച്ചെടുത്ത് വായിക്കുക. ഉദാഹരണത്തിന് ഡബ്ല്യു എന്നു കാണുമ്പോഴേ വേഗത്തില്‍ 'വാട്ട്' എന്ന് വായിച്ചു കഴിഞ്ഞിരിക്കുക.
8. ഗണിതപ്പട്ടിക പഠിക്കാന്‍ കുട്ടി വളരേ പ്രയാസപെടുക. നല്ല ബുദ്ധിയുളള കുട്ടിയാണെങ്കിലും പരീക്ഷയ്ക്ക് മാര്‍ക്ക് തീരെ കുറയുക.
മുകളില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും അടയാളങ്ങള്‍ നിങ്ങളുടെ കുട്ടിയില്‍ കാണുന്നുണ്ടെങ്കില്‍ അവന് /അവള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്ല്യം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ കുട്ടിയെ ഒരു ചൈല്‍ഡ് കൗണ്‍സിലറെയോ (child psychologist) ലേര്‍ണിംഗ് ഡിസബിലിറ്റി സ്‌പെഷ്യലിസ്‌ററ്നേയോ സമീപിച്ചു വേണ്ട സഹായം തേടേണ്ടത് അതിപ്രധാനമാണ്.
വൈകല്യങ്ങള്‍ നേരത്തെത്തന്നെ മുന്‍കൂട്ടി കണ്ടെത്തുവാനുള്ള വഴികള്‍
സംസാരം,സാമൂഹിക ഇടപെടലുകള്‍, സൈക്കോ മോട്ടോര്‍ കഴിവുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കാന്‍ കുട്ടിയുടെ വികസന നാഴികക്കല്ലുകള്‍ നിരീക്ഷിക്കുക.
അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടിയെ പരിചരിക്കുന്നവര്‍ എന്നിവര്‍ കുട്ടിയുടെ പെരുമാറ്റം, അക്കാദമിക പുരോഗതി, സാമൂഹിക ഇടപെടലുകള്‍ എന്നിവ നിരീക്ഷിക്കുക. വായന, എഴുത്ത്, ഗണിതം അല്ലെങ്കില്‍ മറ്റ് അക്കാദമിക് കഴിവുകള്‍ എന്നിവയിലെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
പഠന വൈകല്യങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാഭ്യാസ പ്രൊഫഷണലുകളും ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലിസ്‌ററ്കളും സ്റ്റാന്‍ഡേര്‍ഡ് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ഉപയോഗിച്ചേക്കാം. കുട്ടിയിലെ വായനാഗ്രഹണം, സ്വരസൂചക അവബോധം, ഗണിത വൈദഗ്ദ്ധ്യം തുടങ്ങിയ മേഖലകളെപ്പറ്റി ഇത്തരം സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ വിലയിരുത്താനാകും.
വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞര്‍ അല്ലെങ്കില്‍ സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റുകള്‍ പോലുള്ള സ്‌പെഷ്യലിസ്റ്റുകളുടെ ആഴത്തില്‍ ഉള്ള ഒരു വിലയിരുത്തലിന് കൂടുതല്‍ വ്യക്തമായി ലേര്‍ണിംഗ് ഡിസബിലിറ്റി നിര്‍ണയിക്കാന്‍ കഴിയും. ഈ വിലയിരുത്തലുകളില്‍ വൈജ്ഞാനികവും അക്കാദമികവും വൈകാരികവുമായ വിലയിരുത്തലുകള്‍ ഉള്‍പ്പെട്ടേക്കും.
പഠന വൈകല്യങ്ങള്‍ ചിലപ്പോള്‍ പാരമ്പര്യമായി ലഭിച്ചേക്കാം. പഠന വൈകല്യങ്ങളുടെ കുടുംബ ചരിത്രം ഒരു കുട്ടിക്ക് ഇത്തരം വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരേ കൂടുതലാണ്.
പഠന ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയാല്‍, നേരത്തെയുള്ള ഇടപെടല്‍ അതിപ്രധാനമാണ്. ഇതില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പിന്തുണ എന്നിവ ഉള്‍പ്പെട്ടേക്കാം.
ഇടപെടലുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും ആവശ്യാനുസരണം ക്രമീകരിക്കുന്നതിനും കുട്ടിയുടെ പുരോഗതി തുടര്‍ച്ചയായി നിരീക്ഷിക്കുക. അതുപോലെതന്നെ മാതാപിതാക്കള്‍, അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയവും സഹകരണവും വൈകല്യം നേരത്തേ കണ്ടുപിടിക്കുന്നതിനും ഇടപെടലിനും വളരെ നിര്‍ണായകമാണ്.
കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നഴ്‌സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളില്‍ ചെലുത്തുന്ന അതീവ ശ്രദ്ധയിലൂടെ മാത്രമേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനു പകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും തിരിച്ചറിയുക എന്നതാണ് പ്രധാനം. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്‌പെഷ്യല്‍ എജുക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), എന്നിവരുടെ പരിശോധനയിലൂടെ വൈകല്യത്തിന്റെ ആഴം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.
ഇത്തരം വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാതെ മാതാപിതാക്കളും അധ്യാപകരും കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് കുട്ടികളില്‍ ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇവര്‍ക്ക് സമൂഹത്തോടുതന്നെ അമര്‍ഷം തോന്നി സാമൂഹിക വിരുദ്ധരായി വളരാനും ഇടയുണ്ട്.
ശ്രദ്ധിക്കുക:
'പഠനവൈകല്യമുള്ള കുട്ടികളെ മറ്റു കുട്ടികളെ പോലെ പഠിപ്പിക്കുന്നതിനും മറ്റും ശാഠ്യം പിടിക്കുന്നത് കാലില്ലാത്ത ഒരുവനെ നടക്കാന്‍ നിര്‍ബന്ധിക്കുന്നതിന്ന് തുല്യമാണ്' ലോകപ്രശസ്തരായ പലരും ഇത്തരം വൈകല്യങ്ങള്‍ ഉള്ളവരായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന തോമസ് ആല്‍വ എഡിസന് അക്ഷരമാല ഹൃദിസ്ഥമാക്കാന്‍ മരണം വരെ കഴിഞ്ഞിട്ടില്ല. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാര്‍ഡോ
ഡാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ബില്‍ ഗേറ്റ്‌സ് തുടങ്ങിവരെല്ലാം ഈ വൈകല്യം മറികടന്ന് ജീവിതവിജയം നേടിയവരാണ്. ഇത്തരം അവസ്ഥയെക്കുറിച്ചും കുട്ടികളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനും മനസ്സിലാക്കുന്നതിനും രക്ഷിതാക്കളും അധ്യാപകരും 'താരെ സമീന്‍ പര്‍' എന്ന ഇന്ത്യന്‍ സിനിമ കണ്ടിരിക്കുന്നത് നല്ലതായിരിക്കും.
ചൈല്‍ഡ്, അഡോളസെന്റ് & റിലേഷന്‍ഷിപ് കൗണ്‍സിലറാണ് ലേഖകന്‍, മലപ്പുറം മുന്‍ ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്ററായിരുന്നു
Content Highlights: Learning Disabilities, Dyslexia, Dysgraphia, Dyscalculia
Published: 25 Oct 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented