അർബുദം എന്ന രോഗത്തെക്കുറിച്ച് കേൾക്കുമ്പോൾത്തന്നെ ഭയത്തോടെ സമീപിക്കുന്നവരാണ് ഏറെയും. എന്നാൽ കൃത്യസമയത്ത് രോഗസ്ഥിരീകരണം നടത്തുന്നതും മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതുമൊക്കെ രോഗാവസ്ഥയെ മറികടക്കൽ എളുപ്പമാക്കും. ഇപ്പോഴിതാ സെറോദ മേധാവിയായ നിതിൻ കാമത്തിന്റെ പത്നി സീമാ പട്ടീൽ തന്റെ അർബുദപോരാട്ടത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. സ്തനാർബുദമാണെന്ന് സ്ഥിരീകരിച്ചതിനേക്കുറിച്ചും അതിനെ അതിജീവിച്ചതിനേക്കുറിച്ചുമൊക്കെയാണ് സീമ പങ്കുവെച്ചിരിക്കുന്നത്.
ഒരു പോഡ്കാസ്റ്റ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് സീമ കാൻസറിനെ തുരത്തിയതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. 2021 നവംബറിലാണ് സീമയ്ക്ക് സ്തനാർബുദം ബാധിക്കുന്നത്. ഒരുവർഷത്തെ ചികിത്സയ്ക്കൊടുവിൽ കാൻസർമുക്തമായെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നാണ് സീമ പറയുന്നത്.
താൻ വളരെയേറെ ആരോഗ്യവതിയായിരുന്നു എന്നും എന്നിട്ടും തന്നെ കാൻസർ കീഴടക്കിയെന്നും സെറോദ ഡയറക്ടർ കൂടിയായ സീമ പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി പെറ്റ് സ്കാനിനു പോയിരുന്നു. മുപ്പതിനായിരം രൂപയാണ് അതിനു ചെലവായത്. അന്ന് തന്റെ ചികിത്സ ആരംഭിച്ചിട്ടുപോലുമില്ലായിരുന്നു. ചെറിയ, സാധാരണ ഒരു ക്ലിനിക്കിൽ പോയാണ് പരിശോധിച്ചത്. സാധാരണക്കാരായ ആളുകൾ എങ്ങനെയായിരിക്കും ചികിത്സാച്ചെലവ് താങ്ങുക എന്ന് അന്ന് അത്ഭുതപ്പെട്ടിരുന്നു.
അനുഭവങ്ങളാണ് തന്നെ മാറ്റിമറിച്ചതെന്നും നാൽപ്പത്തിമൂന്നുകാരിയായ സീമ പറയുന്നു. തുടക്കത്തിൽ മകനിൽനിന്നും ഇക്കാര്യം മറച്ചുവച്ചെന്നും ഇക്കാര്യം അവനെ തളർത്തരുത് എന്നാലോചിച്ചായിരുന്നു അങ്ങനെ ചെയ്തതെന്നും സീമ പറഞ്ഞു. എന്നാൽ താൻ ഇതേക്കുറിച്ച് തുറന്നുപറഞ്ഞപ്പോൾ സ്റ്റിച്ചുകളേക്കുറിച്ചും ചികിത്സയേക്കുറിച്ചുമൊക്കെ മകൻ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയാണ് ചെയ്തത്. താൻ അതു തുറന്നുപറയാതിരുന്നെങ്കിൽ അവന് സന്തോഷമാകുമായിരുന്നില്ല. ഉള്ളതുതുറന്നുപറയുകയായിരുന്നു അവന് വേണ്ടിയിരുന്നത്.
സ്തനങ്ങൾ നീക്കം ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറം ട്രെഡ്മിൽ പരിശീലനം തുടങ്ങിയെന്നും സീമ പറയുന്നുണ്ട്. കീമോതെറാപ്പി ഘട്ടം അൽപം കഠിനമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തുടക്കത്തിൽ മനസ്സിലായില്ല. ഇതിലും ഭേദം മരിക്കുകയായിരുന്നു എന്നുപോലും ആദ്യതവണ തോന്നി. എന്നാൽ രണ്ടാംതവണ കീമോക്കുശേഷം താൻ സോഫയിൽ വെറുതെ കിടക്കാൻ ഇനിയില്ലെന്നു തീരുമാനിക്കുകയും കുറേശ്ശെ നടക്കാൻ തുടങ്ങുകയും ചെയ്തു. അതു വളരെവേഗത്തിൽ പുരോഗതിയുണ്ടാക്കിയെന്നും സീമ പറയുന്നു.
തനിക്ക് വീണ്ടും സാധാരണനിലയിലേക്ക് എത്തണമായിരുന്നു. വർക്കൗട്ട് ചെയ്യാതെ അത് സാധ്യവുമല്ലായിരുന്നു. ചികിത്സാകാലത്തുടനീളം താങ്ങും തണലുമായി ഭർത്താവ് നിതിൻ കാമത്ത് കൂടെയുണ്ടായിരുന്നുവെന്നും സീമ പറഞ്ഞു.
നിതിൻ കാമത്തും അടുത്തിടെ താൻ കടന്നുപോയ ആരോഗ്യപ്രശ്നത്തേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പക്ഷാഘാതമുണ്ടായെന്നും ചികിത്സയിലൂടെ കടന്നുപോവുകയായിരുന്നു എന്നുമാണ് നിതിൻ കാമത്ത് ട്വീറ്റിലൂടെ പറഞ്ഞത്. അച്ഛന്റെ മരണത്തിനു പിന്നാലെയുണ്ടായ ഉറക്കക്കുറവും അമിതജോലിഭാരവുമൊക്കെയാവാം കാരണമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന. റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
മുഴയില്‍ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: zerodha chiefs wife seema patil on her battle with breast cancer
Published: 08 Apr 2024, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented