ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. പലരാജ്യങ്ങളും മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധമാർഗങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നിരവധി സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(FDA). അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378ഓളം സാനിറ്റൈസറുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങൾ ഉന്നയിച്ചാണ് പ്രസ്തുത സാനിറ്റൈസറുകൾ ഉപയോഗിക്കരുതെന്ന് എഫ്ഡിഎ നിർദേശം നൽകിയിരിക്കുന്നത്. മെഥനോൾ, 1-പ്രൊപനോൾ, ബെൻസൈൻ, അസറ്റൽഡിഹൈഡ് തുടങ്ങിയ ഏതാനും ഘടകങ്ങളടങ്ങിയ സാനിറ്റൈസറുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഒപ്പം ഈഥൈൽ ആൽക്കഹോൾ, ഐസോപ്രോപിൽ ആൽക്കഹോൾ, ബെൻസൽകോനിയം ക്ലോറൈഡ് തുടങ്ങിയവ മതിയായ അളവിൽ ഇല്ലാത്ത സാനിറ്റൈസറുകളും തിരിച്ചുവിളിക്കാനാണ് തീരുമാനം. കൂടാതെ ടോക്സിക് ഉത്പന്നങ്ങളുടെ അതേ സൗകര്യങ്ങളിൽ നിർമിച്ചവയും അബദ്ധത്തിൽ കഴിക്കാൻ സാധ്യതയുള്ളവിധത്തിൽ ഭക്ഷണത്തിന്റെയോ പാനീയത്തിന്റെയോ കണ്ടെയ്നറിനോട് സാമ്യമുള്ള രീതിയിൽ പാക് ചെയ്തവയും തിരികെ വിളിക്കാനാണ് നിർദേശം.
ചൈനയിൽ നിന്നുള്ള ഡിസ്നി ഉൾപ്പെടെയുള്ള പല പ്രമുഖ ലേബലുകളുടെയും ഉത്പന്നങ്ങളും തിരികെവിളിക്കുന്നുണ്ട്. മെഥനോൾ അടങ്ങിയ സാനിറ്റൈസറുകളുമായി സമ്പർക്കം പുലർത്തിയവർ ഉടനടി ചികിത്സ തേടണമെന്നും എഫ്.ഡി.എ വ്യക്തമാക്കുന്നു. ഉയർന്ന അളവിൽ മെഥനോൾ അടങ്ങിയവയുമായി സമ്പർക്കം പുലർത്തുകവഴി ഛർദി, തലവേദന, കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാമെന്നും എഫ്ഡിഎ പറയുന്നുണ്ട്.
60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളാണ് ഉപയോഗിക്കേണ്ടതെന്നും യുഎസ് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. സാനിറ്റൈസറുകളുമായി ബന്ധപ്പെട്ട് ഗുണമേന്മാ പ്രശ്നങ്ങൾ ഉയർന്നാൽ ഉടനടി നടപടി സ്വീകരിക്കുമെന്നും എഫ്ഡിഎ വ്യക്തമാക്കുന്നുണ്ട്.
Content Highlights: us health regulator lists 378 hand sanitisers consumers should not use
Published: 24 Jan 2023, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented