അധികമാരും ചർച്ച ചെയ്യാത്ത ഗൗരവകരമായ വിഷയത്തേക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെക്കുകയാണ് കൃഷിവകുപ്പ് ഡയറക്ടറും ഐഎഎസ് ഓഫീസറും ഡോക്ടറുമായ അദീല അബ്ദുള്ള.

Representative Image| Photo: Canva.com
അറുപത് കഴിഞ്ഞ സ്ത്രീകളിലേറെയും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് അറിയാതെ മൂത്രം പോവുക എന്നത്. മൂത്രം പിടിച്ചുവെക്കാൻ കഴിയാതിരിക്കുകയും മൂത്രമൊഴിക്കാം എന്ന് കരുതുമ്പോഴേക്കും തനിയെ പോവുകയുമൊക്കെ ചെയ്യുന്ന അവസ്ഥയാണിത്. പല സ്ത്രീകളും ഈ പ്രശ്നം മൂലം യാത്രകൾ ഒഴിവാക്കുകയും വീടിനകത്ത് തന്നെ ഒതുങ്ങിക്കൂടുകയും ചെയ്യാറുണ്ട്. അധികമാരും ചർച്ച ചെയ്യാത്ത ഗൗരവകരമായ ഈ വിഷയത്തേക്കുറിച്ചുള്ള ചിന്തകളും മുന്നറിയിപ്പും പങ്കുവെക്കുകയാണ് കൃഷിവകുപ്പ് ഡയറക്ടറും ഐഎഎസ് ഓഫീസറും ഡോക്ടറുമായ അദീല അബ്ദുള്ള. ഫെയ്സ്ബുക്കിലാണ് അദീലയുടെ കുറിപ്പ്.
മൊബിലിറ്റിയും മൂത്രവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വിശദമാക്കുന്നതാണ് കുറിപ്പ്. ഒരുപ്രായം കഴിയുമ്പോൾ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ മടിപിടിച്ചിരിക്കുന്നതിന് പിന്നിൽ മൂത്രം അറിയാതെ പോവുന്ന പ്രശ്നമാവാം എന്ന് പറയുകയാണ് അദീല. ചുമയ്ക്കുകയും തുമ്മുകയും ഓടുകയുമൊക്കെ ചെയ്യുമ്പോൾ മൂത്രം പോവുകയും അറിയാതെ മൂത്രം പോവുകയുമൊക്കെ ചെയ്യുന്ന അവസ്ഥകളേക്കുറിച്ചാണ് കുറിപ്പിൽ വിശദമാക്കുന്നത്. വീട്ടിലുള്ളവർ ഇത് തിരിച്ചറിഞ്ഞ് അവർക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും പേശീബലം കൂട്ടാൻ വ്യായാമം ശീലമാക്കണമെന്നും പറയുന്നുണ്ട്.
കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...
മൊബിലിറ്റിയും മൂത്രവും
രണ്ടും തമ്മിൽ എന്ത് ബന്ധമാണന്നല്ലേ, പറയാം .
ഒരു പ്രായം കഴിയുമ്പോ സ്ത്രീകൾ ചെലപ്പൊ വീട്ടിൽ നിന്ന് പുറത്തിറങ്ങാണ്ടാവുന്നത് കണ്ടിട്ടുണ്ടോ . പുറത്തോട്ടു പോകാൻ വിളിച്ചാൽ ഒരു മടി. യാത്രക്കാണ് എങ്കിൽ വയ്യേ വയ്യ . പണ്ട് യാത്രകളൊക്കെ വലിയ ഇഷ്ടമായിരുന്നു ആൾക്ക്. പക്ഷേ ഇന്ന് മടി. ഏയ് , ഞാനില്ല. നിങ്ങൾ പോയിട്ട് വാ എന്ന് പറയും. കാരണം മൂത്ര'ശങ്ക' ആകാം .
അതായത് 60 കഴിഞ്ഞ സ്ത്രീകളിൽ നാലിൽ
മൂന്നു പേർക്ക് അറിയാതെ മൂത്രം പോകും.
അറിയാതെ മൂത്രം പോകുക എന്നതിനെ urinary incontinence എന്ന് പറയും. രണ്ടു തരമുണ്ട് .
stress urinary incontinence, അതായത് ചുമ, തുമ്മൽ, ഓടുക, ചാടുക ഈ അവസ്ഥയിലൊക്കെ മൂത്രം അറിയാതെ പോകും.
പിന്നെ urge urinary incontinence, മൂത്രം പിടിച്ചു വെക്കാൻ പറ്റൂല. ഒഴിക്കണം എന്ന് കരുതുമ്പോഴേക്കും അറിയാതങ്ങ് ഒഴിച്ച് പോകും.
ഇത് രണ്ടും വന്നാലും മൊബിലിറ്റിയെ ബാധിക്കും. വീട്ടിൽ നിന്ന് പുറത്തിറങ്ങി ,അറിയാതെ മൂത്രം പോകുമ്പോൾ നമ്മളെ മൂത്രം മണക്കാൻ തുടങ്ങും. നല്ല വൃത്തിയിൽ നടക്കുന്ന ആളുകളാണ് നമ്മൾ പൊതുവെ. അത് കൊണ്ട് തന്നെ ഇത് വലിയ മാനസിക പ്രയാസം ഉണ്ടാക്കും. പിന്നെ എന്ത് ചെയ്യും. പുറത്തിറങ്ങൂല. ഓട്ടം ചാട്ടം യാത്ര ഇവയൊക്കെ nice ആയങ്ങു ഒഴിവാക്കും.
നമ്മളുടെ ഒരു കൂട്ടുകാരന്റെ ഉമ്മ 15 വര്ഷം മുൻപ് മരിച്ചു. ഇന്ന് ജീവിച്ചിരുന്നെങ്കി അവർക്കു ഒരമ്പത്തെട്ടു പ്രായമേ കാണൂള്ളൂ, മരിക്കുമ്പോ 43 വയസ്സ്. അവനും ഉമ്മയും തമ്മൽ 18-20 വയസ്സ് വ്യത്യസമേ ഉള്ളൂ. വാപ്പ മരിച്ചു ഒരു വർഷമായപ്പോഴേക്കും ഉമ്മയും മരിച്ചു . ചെറിയ ഇൻഫെക്ഷൻ വന്നതാണ്. പുറത്തു കാണാത്ത സ്ഥലത്ത്. ആരോടും പറഞ്ഞില്ല. സെപ്സിസ് വന്നാണ് മരിച്ചത്. രോഗം വന്നതങ്ങു രഹസ്യമാക്കി വച്ചു .
ചെലപ്പൊ പെണ്ണുങ്ങൾ അങ്ങനെയാ. വല്ലാതെ രഹസ്യം സൂക്ഷിക്കും. ആന്റിയെ ഞാൻ ഓർത്തു, ഈയിടെ ഓർക്കുന്നു പലപ്പോഴായി, അതാണ് ഈ മൂത്രരഹസ്യം പരസ്യമാക്കാൻ പ്ലാൻ ചെയ്തത്.
60 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ 75 ശതമാനം പേർക്കും ഈ ബുദ്ധിമുട്ടുണ്ടാവുമത്രെ.. 40 വയസ്സ് കഴിഞ്ഞാൽ 50 ശതമാനം പേരിൽ, രണ്ടിൽ ഒരാൾക്ക്. കഷ്ടം അതല്ലാ, നോർമലാണെന്നു കരുതും ഇത്. പ്രായമാവുമ്പോളാണ് ബുദ്ധിമുട്ടു കൂടുക.
ഇനി വീട്ടിൽ മുതിർന്ന സ്‌ത്രീകളുണ്ടെങ്കിൽ പുറത്തിറങ്ങാൻ മടിയുണ്ടെങ്കിൽ
1. ആദ്യം ഒന്ന് ചോദിച്ചുനോക്കുക, അറിയാതെ മൂത്രം പോകുന്നുണ്ടോ എന്ന്
2. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെ പറ്റി സംസാരിക്കുക.
3. യാത്ര ചെയ്യുമ്പോൾ ഇടക്കിടയ്ക്ക് ബ്രേക്ക് എടുക്കുക. comfortable ആക്കുക
4. ഈ പ്രശ്നം ഉണ്ടെങ്കിൽ ചികിത്സ തേടുക.
ചികിത്സ diaper ഉപയോഗിക്കുന്നത് തൊട്ട് ഓപ്പറേഷൻ വരെയുണ്ട്. പേശീബലം കൂട്ടാൻ ഉതകുന്ന exercise 'kiegel exercise'. യൂട്യൂബിൽ വീഡിയോ കിട്ടും. net സെർച്ച് ചെയ്താലും കിട്ടും.
പേശീബലം കൂട്ടാൻ kiegel's exercise നന്നായി സഹായിക്കും.
വിഷയം ഗൗരവമായി എടുക്കുമല്ലോ.
10 വർഷം കൊണ്ട് കേരളത്തിൽ നാലിൽ ഒരാൾ 90 വയസ്സ് വരെ ജീവിക്കും. ഇതിൽ പാതിയും സ്ത്രീകളാകും . അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ നമ്മളുടെ സ്ത്രീകൾ ജീവിക്കണം. മൊബൈൽ ആയി ജീവിക്കണം. മൂത്രം മൊബിലിറ്റിയെ തകർക്കരുത്. അത്രമാത്രം. ശ്രദ്ധിക്കുമല്ലോ.
സ്നേഹത്തോടെ..
#DrAdeelaAbdullaIAS
Content Highlights: Urinary Incontinence in Women Over 60
Published: 07 Oct 2025, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented