ആർത്തവകാലത്ത് ശാരീരിക അവശതകൾ അനുഭവിക്കാത്ത സ്ത്രീകൾ വിരളമായിരിക്കും. എന്നാൽ സാധാരണ കണ്ടുവരുന്ന ആർത്തവകാലപ്രശ്നങ്ങൾക്കപ്പുറം സ്വന്തം ആർത്തവത്തോടനുബന്ധിച്ച് അലർജി ലക്ഷണങ്ങളോടെ ജീവിക്കുന്ന ഒരു യുവതിയുടെ വാർത്തയാണ് പുറത്തുവരുന്നത്. യു.കെ.യിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരിയായ ജോർജിന ജെല്ലിയാണ് ആർത്തവകാലത്ത് അലർജിപ്രശ്നങ്ങളുമായി കഴിയുന്നത്.
ചർമത്തിൽ ചൊറിച്ചിൽ, കണ്ണിന് നീറ്റൽ, തലവേദന തുടങ്ങിയ പ്രശ്നങ്ങളാണ് ആദ്യമുണ്ടായിരുന്നത്. ഏപ്രിലിൽ ഗർഭപാത്രത്തിൽ ഐ.യു.ഡി.(intrauterine device) വച്ചതിനുപുറകെയാണ് ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. അലർജിക് റിയാക്ഷനായിരിക്കുമെന്ന് കരുതി ഡോക്ടർമാർ ജോർജിനയ്ക്ക് സ്റ്റിറോയ്ഡുകൾ നൽകി. തുടക്കത്തിൽ ലക്ഷണങ്ങൾ ഒതുങ്ങിയെങ്കിലും വീണ്ടും അവ വരാൻ തുടങ്ങിയതോടെയാണ് ജോർജിന വിദഗ്ധ ചികിത്സയ്ക്ക് തയ്യാറായത്.
കണ്ണിൽ നീറ്റലിനൊപ്പം തുടർച്ചയായി വെള്ളം വരുന്നുമുണ്ടായിരുന്നു. കവിളുകൾ ചുവന്നുതുടുക്കും. ആദ്യമൊക്കെ വിചാരിച്ചത് വസ്ത്രത്തിൽ ഉപയോഗിക്കുന്ന കണ്ടീഷണറിന്റേതാകുമെന്നാണ്. അതിനുള്ള മരുന്നുകൾ കഴിക്കുമ്പോൾ ലക്ഷണങ്ങൾ കുറയുകയും ചെയ്തിരുന്നു. പക്ഷേ മൂന്നാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ പ്രകടമായിത്തുടങ്ങി. കാഴ്ചയെ ബാധിച്ചതിനൊപ്പം അസഹ്യമായ തലവേദനയും അനുഭവപ്പെടാൻ തുടങ്ങി.
എം.ആർ.ഐ. ചെയ്തതിനുശേഷം എക്സിമയായിരിക്കുമെന്ന് പറഞ്ഞ് അതിനുള്ള ചികിത്സയും നൽകി. പക്ഷേ അപ്പോഴൊക്കെ തന്റെ ലക്ഷണങ്ങൾക്ക് പിന്നിൽ മറ്റെന്തോ ആണെന്ന ചിന്തയുണ്ടായിരുന്നുവെന്ന് ജോർജിന പറയുന്നു. മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും ലക്ഷണങ്ങൾ കൂടുതൽ പ്രകടമായപ്പോഴാണ് ആർത്തവചക്രവുമായി ബന്ധമുണ്ടോയെന്ന് ജോർജിന ചിന്തിക്കുന്നത്. തുടർന്നാണ് പ്രൊജസ്റ്ററോൺ ഹൈപ്പർസെൻസിറ്റിവിറ്റിയാണ് തന്റെ പ്രശ്നമെന്ന് ജോർജിന തിരിച്ചറിഞ്ഞത്.
കണ്ണുകൾ മാസ്ക് ചെയ്തതുപോലെ ചുവന്നുതുടുത്തിരുന്നുവെന്നും കാഴ്ചയ്ക്ക് തകരാർ സംഭവിക്കുകയുണ്ടായെന്നും ജോർജിന പറയുന്നു. ആർത്തവം താൽക്കാലികമായി നീക്കിവെച്ചുകൊണ്ടുള്ള മരുന്ന് നൽകിയാണ് പ്രൊസജ്റ്ററോൺ ഉത്പാദനത്തിന് തടയിട്ടതെന്ന് ജോർജിന പറയുന്നു. ലക്ഷണങ്ങൾ എസ്കിമയുടേതല്ല എന്ന് തിരിച്ചറിഞ്ഞതാണ് തനിക്ക് സഹായകമായതെന്ന് ജോർജിന പറയുന്നു. സ്വന്തം ശരീരത്തെ മനസ്സിലാക്കണമെന്നും അത് പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ നിസ്സാരമാക്കരുതെന്നും ജോർജിന പറയുന്നു. നിലവിൽ പ്രൊജസ്റ്ററോൺ ഹൈപ്പർസെൻസിറ്റിവിറ്റിയേക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ജോർജിന.
ഓവറികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് പ്രൊസ്റ്ററോൺ. ആർത്തവകാലത്തിന് തൊട്ടുമുമ്പ് ഇത് ഉയർന്നുനിൽക്കും. പ്രൊജസ്റ്ററോണിനോടുള്ള അലർജിക് റിയാക്ഷനായ പ്രൊജസ്റ്ററോൺ ഹൈപ്പർസെൻസിറ്റിവിറ്റിയാണ് ജോർജിനയെ ബാധിച്ചത്. ചൊറിച്ചിൽ, വീക്കം, ചുവന്നുതടിക്കുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. ചിലരിൽ ലക്ഷണങ്ങൾ തീവ്രമായി ചുമ, ശ്വാസതടസ്സം, അനഫിലാക്സിസ് എന്ന ഗുരുതര അലർജി റിയാക്ഷനും കാരണമാകാം. പ്രൊജസ്റ്ററോൺ ഉത്പാദനം കുറയ്ക്കാനുള്ള മരുന്നുകളാണ് ഇതിന് പ്രതിവിധിയായി നൽകാറുള്ളത്.
Content Highlights: uk woman becomes allergic to her menstrual cycle progesterone hypersensitivity
Published: 28 Aug 2024, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented