ഗുരുതരരോഗങ്ങൾ ബാധിക്കുന്നതോടെ ശരീരം പലവിധ ലക്ഷണങ്ങളും പ്രകടമാക്കും. പക്ഷേ മിക്കയാളുകളും അവ കാര്യമായെടുക്കാത്തത് സ്ഥിതി വഷളാക്കുകയും ചെയ്യും. അടിക്കടി തലവേദന വന്നപ്പോഴും അതു കാര്യമായെടുക്കാതിരിക്കുകയും ഒടുവിൽ കാൻസറാണെന്ന് തിരിച്ചറിയുകയും ചെയ്ത യുവാവിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യു.കെ.യിൽ നിന്നുള്ള റിക്കി സ്മിത്ത് എന്ന മുപ്പത്തിയൊമ്പതുകാരനാണ് തന്റെ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.
തലവേദന ഇടയ്ക്കിടെ വന്നപ്പോഴും ജോലിയുടെ സമ്മർദം മൂലമാകുമെന്ന് കരുതി റിക്കി വിദഗ്ധപരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. തലവേദന അധികരിച്ചപ്പോൾ ആശുപത്രിയിലെത്തി നടത്തിയ തുടർപരിശോധനകളിലാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. ഫെബ്രുവരിയിലാണ് റിക്കിക്ക് തലവേദന ഇടയ്ക്കിടെ വന്നുതുടങ്ങിയത്. എന്നാൽ ജോലിഭാരം കൂടിയതിന്റെയാകുമെന്ന് കരുതി റിക്കി വകവെച്ചില്ല. രണ്ടാഴ്ചയ്ക്കുശേഷവും വേദന ശമിക്കാതിരുന്നതോടെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിക്കുന്നത്. പങ്കാളിയായ കത്രീന ബിൻഫീൽഡും നിർബന്ധിച്ചതോടെ റിക്ക് ആശുപത്രിയിൽ പോവുകയായിരുന്നു.
എന്നാൽ ആദ്യംകണ്ട ഡോക്ടർ റിക്കിയോട് നല്ലതുപോലെ വിശ്രമിക്കാനും വെള്ളംകുടിക്കാനുമാണ് ആവശ്യപ്പെട്ടത്. ഇതെല്ലാം ചെയ്തിട്ടും വേദന കുറയാതിരുന്നതോടെയാണ് റിക്കി കണ്ണ് പരിശോധിക്കാൻ പോകുന്നത്. തുടർന്ന് നേത്രരോഗവിദഗ്ധയ്ക്ക് സംശയം തോന്നുകയും സ്കാനിങ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അങ്ങനെ നടത്തിയ സ്കാനിങ്ങിനൊടുവിലാണ് മസ്തിഷ്കത്തെ അർബുദം ബാധിച്ചുവെന്ന് കണ്ടെത്തിയത്.
ബട്ടർഫ്ലൈ ഗ്ലിയോബ്ലാസ്റ്റോമയായിരുന്നു റിക്കിയെ ബാധിച്ചിരുന്നത്. അപകടകാരിയായ ഈ അർബുദത്തോട് പൊരുതാൻ റിക്കി മനസ്സിനെ തയ്യാറാക്കിയെങ്കിലും പതിനഞ്ചുമാസം മാത്രമേ ജീവിച്ചിരിക്കൂ എന്ന ഡോക്ടർമാരുടെ വാക്കുകൾ തളർത്തുകയാണ് ചെയ്തത്. റിക്കിയെ ആശയക്കുഴപ്പത്തിലും മറവിയോടെയുമൊക്കെ കണ്ട ദിനങ്ങളുണ്ടായിരുന്നുവെന്ന് കത്രീനയും പറയുന്നു. എട്ടും അഞ്ചും രണ്ടും വയസ്സുള്ള മൂന്നു മക്കളും ഇരുവർക്കുമുണ്ട്. റിക്കിയുടെ ചികിത്സയ്ക്കായി ധനസഹായം തേടുന്നതിനായി ഒരു പേജും കുടുംബം ആരംഭിച്ചിട്ടുണ്ട്.
മസ്തിഷ്കാർബുദം
തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ ബാധിക്കുന്ന കാന്‍സറാണിത്. രണ്ട് തരത്തിലുണ്ട്. തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ നേരിട്ട് ഉണ്ടാക്കുന്ന കാന്‍സര്‍ മുഴകളെ പ്രൈമറി ട്യൂമര്‍ (Primary Tumor) എന്ന് പറയുന്നു. ശരീരത്തിന്റെ മറ്റവയവങ്ങളെ ബാധിച്ച കാന്‍സര്‍ തലച്ചോറിലേക്ക് പടരുന്നതിനെ സെക്കണ്ടറി ട്യൂമര്‍ (Secondary Tumor) എന്നുപറയുന്നു.
മെറ്റാസ്റ്റാറ്റിക് ട്യൂമര്‍ (Secondary/ Metastatic tumor): ശ്വാസകോശം, വൃക്കകള്‍, സ്തനം തുടങ്ങിയവയെ ബാധിച്ച കാന്‍സറില്‍ നിന്നാണ് സാധാരണമായി ഇവ രക്തത്തിലൂടെ തലച്ചോറിലെത്തുന്നത്. തലച്ചോറിലെ വളര്‍ച്ചയെയും ആദ്യമുണ്ടായ കാന്‍സറിനെയും ഒരുമിച്ച് ചികിത്സിച്ചാല്‍ മാത്രമേ ഇവയെ നിയന്ത്രിക്കാനാവൂ. ഇവ പലപ്പോഴും ഒന്നില്‍കൂടുതല്‍ മുഴകളായി കാണുന്നു. പൊതുവായി ബ്രെയിന്‍ ട്യൂമറുകളെ കോശങ്ങളുടെ (Cell type) ഘടനയും വളര്‍ച്ചയുടെ വേഗവും (Grade) കണക്കിലെടുത്ത് ഒന്നുമുതല്‍ നാലുവരെ ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ഇത് ചികിത്സാരീതികളെ തീരുമാനിക്കാന്‍ വളരെയേറെ ഉപകരിക്കുന്നു.
കാരണങ്ങള്‍
ബ്രെയിന്‍ ട്യൂമറിന്റെ കാരണങ്ങള്‍ ഇപ്പോഴും ശാസ്ത്രീയമായി വ്യക്തമായിട്ടില്ല. ചില പാരമ്പര്യരോഗങ്ങളുടെകൂടെ കണ്ടുവരുന്നുണ്ടെങ്കിലും ഇതൊരു പാരമ്പര്യരോഗമായി കരുതേണ്ടതില്ല. വ്യക്തമായ കാരണങ്ങള്‍ അറിയാത്തതിനാല്‍ വളരെ നേരത്തേ കണ്ടുപിടിച്ച് ശസ്ത്രക്രിയയും മറ്റ് തുടര്‍ചികിത്സാവിധികളും സ്വീകരിക്കുന്നതാണ് ഉത്തമം.
ലക്ഷണങ്ങള്‍
തലച്ചോറിലെ കാന്‍സര്‍ മുഴകള്‍ തലവേദന, അപസ്മാരം, പരാലിസിസ്, നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. കൂടാതെ, ഏത് ഭാഗത്താണോ കാന്‍സര്‍ മുഴ വളരുന്നത്, ആ ഭാഗം പ്രവര്‍ത്തനരഹിതമാക്കാം. ഉദാഹരണത്തിന്, തലച്ചോറിന്റെ ഇടത് മുന്‍ഭാഗത്തെ ട്യൂമറുകള്‍ വലത് കൈകാലുകള്‍ക്ക് തളര്‍ച്ചയും സംസാരശേഷിക്കുറവും ഉണ്ടാക്കുന്നു. തലച്ചോറിലെ ആവരണങ്ങളിലുണ്ടാകുന്ന ട്യൂമറിനും ഇതേ ലക്ഷണങ്ങള്‍ കാണാം.
തലയോട്ടിയുടെ ഉള്ളില്‍ (Closed cranial cavity) സ്ഥലം പരിമിതമായതുകൊണ്ട് ട്യൂമര്‍ വളരുമ്പോള്‍ സമ്മര്‍ദം (Raised itnracranial tension) കൂടി തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. കേള്‍വിക്ക് സഹായിക്കുന്ന നാഡികളില്‍ (Acoustic Neuroma) ഉണ്ടാകുന്ന ട്യൂമറുകള്‍ കേള്‍വിക്കുറവ്, ചെവിയില്‍ മുഴക്കം, വെര്‍ട്ടിഗോ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാക്കുന്നു.
തലച്ചോറിന്റെ അടിവശത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറുകള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാഴ്ചയുടെ ഫീല്‍ഡ് കുറവും ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനം മൂലം വളര്‍ച്ചക്കൂടുതല്‍ (Gigantism), വളര്‍ച്ചക്കുറവ് (Dwarfism) തുടങ്ങിയവയും സ്റ്റിറോയ്ഡിന്റെ കൂടുതല്‍കൊണ്ടുള്ള കുഷിങ്സ് സിന്‍ഡ്രോം (Cushing's Syndrome) തുടങ്ങിയവയും ഉണ്ടാക്കുന്നു.
കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍
മാറാത്ത തലവേദന, അപസ്മാരം, പക്ഷാഘാതം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ വളര്‍ച്ചയുടെ വ്യതിയാനങ്ങള്‍ എന്നിവ കണ്ടാല്‍ ന്യൂറോസര്‍ജനെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ക്ലിനിക്കല്‍ പരിശോധനയ്ക്കുശേഷം ലക്ഷണങ്ങള്‍ അനുസരിച്ചാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നത്.
സി.ടി.സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, എം.ആര്‍. സ്പെക്ട്രോസ്‌കോപി (MR Spectroscopy), പെറ്റ് സ്‌കാന്‍ തുടങ്ങിയ വയിലൂടെയും ഓഡിയോമെട്രി, വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റിങ്, ഹോര്‍മോണ്‍ അസേ (Hormone assay) മുതലായവയില്‍ക്കൂടിയും രോഗം കൃത്യമായി നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും സാധിക്കുന്നു.
Content Highlights: uk man complained of chronic headaches later confirmed brain cancer
Published: 21 Mar 2024, 08:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented