മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിക്കുന്നത് അർബുദത്തിനു കാരണമാകും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ കാലങ്ങളേറെയായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നു വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നത് മസ്തിഷ്കാർബുദത്തിനുള്ള സാധ്യത കൂട്ടുമെന്ന മിത്തിനെ പൊളിച്ചടുക്കുന്നതാണ് പഠനം. ഓസ്ട്രേലിയയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
ഓസ്ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ& ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ പത്തുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് കണ്ടെത്തലിലെത്തിയത്. ഓസ്ട്രേലിയൻ& ന്യൂസിലാൻഡ് ജേർണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകൾ മസ്തിഷ്കാർബുദത്തിനു കാരണമാകില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. മൊബൈൽ ഉപയോഗം മസ്തിഷ്കത്തിലോ, തലയിലോ, കഴുത്തിലോ അർബുദമുണ്ടാക്കും എന്നതുസംബന്ധിച്ച യാതൊരു തെളിവും ലഭ്യമല്ലെന്ന് ഗവേഷകർ വ്യക്തമാക്കി.
മൊബൈലിൽ നിന്നു പ്രവഹിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളാണ് കാൻസറിനു കാരണമാകുന്നതെന്നാണ് പലരും വാദിച്ചിരുന്നത്. എന്നാൽ എക്സ്-റേയിൽ നിന്നു വരുന്ന വൈദ്യുതകാന്തിക തരംഗങ്ങളെപ്പോലെ അപകടകാരിയല്ല മൊബൈലിലേതെന്ന് ഗവേഷകർ പറയുന്നു. ഫോണിൽ നിന്നു പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾക്ക് അർബുദകാരണമാകാനുള്ള ശേഷിയില്ലെന്നും ഗവേഷകർ പറയുന്നു.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ സാധാരണയാളുകളെ അപേക്ഷിച്ച് മസ്തിഷ്കാർബുദത്തിനുള്ള സാധ്യത കൂടുതലാണോ എന്നാണ് ഗവേഷകർ പരിശോധിച്ചത്. ഇതു തെളിയിക്കാൻ തക്ക തെളിവുകളൊന്നും ലഭ്യമല്ലെന്ന് ഗവേഷകർ പറയുന്നു. കൂടാതെ മൊബൈൽ ഫോൺ കാലങ്ങളായി ഉഫയോഗിക്കുന്നതുകൊണ്ടു തന്നെ മസ്തിഷ്കാർബുദ നിരക്ക് കൂടുന്നുവെങ്കിൽ അത് ഡേറ്റയിലും കാണേണ്ടതാണെന്നും അത്തരത്തിൽ മസ്തിഷ്കാർബുദ നിരക്ക് കൂടുന്നതിന്റെ കണക്കുകളൊന്നും ലഭ്യമല്ലെന്നും ഗവേഷകർ വാദിച്ചു.
മുൻകാല പഠനങ്ങൾക്കു സമാനമായി മൊബൈൽഫോൺ റേഡിയേഷൻ കാൻസറിനു കാരണമാകില്ലെന്നു തന്നെയാണ് തങ്ങളുടെയും കണ്ടെത്തലെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ വർധിക്കുന്നതല്ല മസ്തിഷ്കാർബുദമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
മസ്തിഷ്കാർബുദം
തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ ബാധിക്കുന്ന കാൻസറാണിത്. രണ്ട് തരത്തിലുണ്ട്. തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ നേരിട്ട് ഉണ്ടാക്കുന്ന കാൻസർ മുഴകളെ പ്രൈമറി ട്യൂമർ (Primary Tumor) എന്ന് പറയുന്നു. ശരീരത്തിന്റെ മറ്റവയവങ്ങളെ ബാധിച്ച കാൻസർ തലച്ചോറിലേക്ക് പടരുന്നതിനെ സെക്കണ്ടറി ട്യൂമർ (Secondary Tumor) എന്നുപറയുന്നു.
മെറ്റാസ്റ്റാറ്റിക് ട്യൂമർ (Secondary/ Metastatic tumor): ശ്വാസകോശം, വൃക്കകൾ, സ്തനം തുടങ്ങിയവയെ ബാധിച്ച കാൻസറിൽ നിന്നാണ് സാധാരണമായി ഇവ രക്തത്തിലൂടെ തലച്ചോറിലെത്തുന്നത്. തലച്ചോറിലെ വളർച്ചയെയും ആദ്യമുണ്ടായ കാൻസറിനെയും ഒരുമിച്ച് ചികിത്സിച്ചാൽ മാത്രമേ ഇവയെ നിയന്ത്രിക്കാനാവൂ. ഇവ പലപ്പോഴും ഒന്നിൽകൂടുതൽ മുഴകളായി കാണുന്നു. പൊതുവായി ബ്രെയിൻ ട്യൂമറുകളെ കോശങ്ങളുടെ (Cell type) ഘടനയും വളർച്ചയുടെ വേഗവും (Grade) കണക്കിലെടുത്ത് ഒന്നുമുതൽ നാലുവരെ ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ഇത് ചികിത്സാരീതികളെ തീരുമാനിക്കാൻ വളരെയേറെ ഉപകരിക്കുന്നു.
കാരണങ്ങൾ
ബ്രെയിൻ ട്യൂമറിന്റെ കാരണങ്ങൾ ഇപ്പോഴും ശാസ്ത്രീയമായി വ്യക്തമായിട്ടില്ല. ചില പാരമ്പര്യരോഗങ്ങളുടെകൂടെ കണ്ടുവരുന്നുണ്ടെങ്കിലും ഇതൊരു പാരമ്പര്യരോഗമായി കരുതേണ്ടതില്ല. വ്യക്തമായ കാരണങ്ങൾ അറിയാത്തതിനാൽ വളരെ നേരത്തേ കണ്ടുപിടിച്ച് ശസ്ത്രക്രിയയും മറ്റ് തുടർചികിത്സാവിധികളും സ്വീകരിക്കുന്നതാണ് ഉത്തമം.
ലക്ഷണങ്ങൾ
തലച്ചോറിലെ കാൻസർ മുഴകൾ തലവേദന, അപസ്മാരം, പരാലിസിസ്, നടക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. കൂടാതെ, ഏത് ഭാഗത്താണോ കാൻസർ മുഴ വളരുന്നത്, ആ ഭാഗം പ്രവർത്തനരഹിതമാക്കാം. ഉദാഹരണത്തിന്, തലച്ചോറിന്റെ ഇടത് മുൻഭാഗത്തെ ട്യൂമറുകൾ വലത് കൈകാലുകൾക്ക് തളർച്ചയും സംസാരശേഷിക്കുറവും ഉണ്ടാക്കുന്നു. തലച്ചോറിലെ ആവരണങ്ങളിലുണ്ടാകുന്ന ട്യൂമറിനും ഇതേ ലക്ഷണങ്ങൾ കാണാം.
തലയോട്ടിയുടെ ഉള്ളിൽ (Closed cranial cavity) സ്ഥലം പരിമിതമായതുകൊണ്ട് ട്യൂമർ വളരുമ്പോൾ സമ്മർദം (Raised itnracranial tension) കൂടി തലവേദന, ഓക്കാനം, ഛർദി, കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. കേൾവിക്ക് സഹായിക്കുന്ന നാഡികളിൽ (Acoustic Neuroma) ഉണ്ടാകുന്ന ട്യൂമറുകൾ കേൾവിക്കുറവ്, ചെവിയിൽ മുഴക്കം, വെർട്ടിഗോ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാക്കുന്നു.
തലച്ചോറിന്റെ അടിവശത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറുകൾ ഹോർമോൺ വ്യതിയാനങ്ങളും കാഴ്ചയുടെ ഫീൽഡ് കുറവും ഉണ്ടാക്കുന്നു. ഹോർമോൺ വ്യതിയാനം മൂലം വളർച്ചക്കൂടുതൽ (Gigantism), വളർച്ചക്കുറവ് (Dwarfism) തുടങ്ങിയവയും സ്റ്റിറോയ്ഡിന്റെ കൂടുതൽകൊണ്ടുള്ള കുഷിങ്സ് സിൻഡ്രോം (Cushing's Syndrome) തുടങ്ങിയവയും ഉണ്ടാക്കുന്നു.
കണ്ടെത്താനുള്ള മാർഗങ്ങൾ
മാറാത്ത തലവേദന, അപസ്മാരം, പക്ഷാഘാതം, കേൾവിക്കുറവ്, കാഴ്ചക്കുറവ്, ഹോർമോണുകളുടെ വ്യതിയാനങ്ങൾ വളർച്ചയുടെ വ്യതിയാനങ്ങൾ എന്നിവ കണ്ടാൽ ന്യൂറോസർജനെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ക്ലിനിക്കൽ പരിശോധനയ്ക്കുശേഷം ലക്ഷണങ്ങൾ അനുസരിച്ചാണ് രോഗനിർണയ മാർഗങ്ങൾ തീരുമാനിക്കുന്നത്.
സി.ടി.സ്കാൻ, എം.ആർ.ഐ. സ്കാൻ, എം.ആർ. സ്പെക്ട്രോസ്കോപി (MR Spectroscopy), പെറ്റ് സ്കാൻ തുടങ്ങിയ വയിലൂടെയും ഓഡിയോമെട്രി, വിഷ്വൽ ഫീൽഡ് ടെസ്റ്റിങ്, ഹോർമോൺ അസേ (Hormone assay) മുതലായവയിൽക്കൂടിയും രോഗം കൃത്യമായി നിർണയിക്കാനും ചികിത്സ തീരുമാനിക്കാനും സാധിക്കുന്നു.
Content Highlights: 10-year Australian study confirms no link between mobile usage and brain cancer., Mobile phone radio waves are non-ionizing and lack the energy to cause DNA damage., Brain tumor symptoms include persistent headaches, seizures, and hearing loss
Published: 25 Jul 2026, 09:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented