രോഗങ്ങള്‍ കൃത്യസമയത്ത് കണ്ടുപിടിക്കുക എന്നത് മികച്ച ചികിത്സ നല്‍കുന്നതിനോളം തന്നെ പ്രധാനമാണ്. ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കാത്തതു കാരണം ജീവനപകടത്തിലായവര് വരെ നമുക്ക് ചുറ്റുമുണ്ട്. തനിക്ക് മസ്തിഷ്കാര്‍ബുദം സ്ഥിരീകരിച്ചതിനെ കുറിച്ചും ഡോക്ടര്‍മാര്‍ അത് തുടക്കത്തില്‍ മനസ്സിലാക്കാതെ പോയതിനെക്കുറിച്ചും പറയുകയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഫുട്ബോളറായ എമി കാര്‍ എന്ന യുവതി
തന്റെ കിടപ്പുമുറിയില്‍ ഒരു ചിലന്തിയെ കണ്ടതോടെ എമി ബോധം കെട്ടുവീണിരുന്നു. എന്നാല്‍ അത് ചിലന്തിയോട് ഭയം തോന്നുന്ന മാനസികാവസ്ഥയായ അരക്ക്നഫോബിയ (arachnophobia) ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അന്ന് എമിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയയാക്കിയതുമില്ല. എന്നാല്‍ വീണ്ടും രണ്ടിലധികം തവണ കൂടി എമിക്ക് ബോധക്ഷയമുണ്ടായതോടെ എം.ആര്.ഐ സ്കാനിങ്ങിനു വിധേയയാക്കി. സ്കാനിങ് ഫലം പുറത്തുവന്നതോടെയാണ് എമിയുടെ മസ്തിഷ്കത്തില്‍ ഒരു പന്തിന്റെ വലിപ്പത്തില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തിയത്.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എമിക്ക് ശസ്ത്രക്രിയ നടത്തി ട്യൂമര്‍ നീക്കം ചെയ്തു. ശസ്ത്രക്രിയ നടത്തയതിന്റെ ആദ്യ ആഴ്ചയില്‍ ശരിയായ രീതിയില്‍ സംസാരിക്കാനോ കാര്യങ്ങള്‍ തിരിച്ചറിയാനോ എമിക്ക് സാധിച്ചിരുന്നില്ല. ആഴ്ചകല്‍ പിന്നിട്ടപ്പോള്‍ അവള് സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. സംസാരിക്കാന്‍ തുടങ്ങിയെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ച ഫ്രഞ്ച് മാത്രമായിരുന്നു എമിക്ക് സംസാരിക്കാനും പറയാനും കഴിഞ്ഞിരുന്നത്. ദിവസങ്ങള്‍ കവിയവേ ഇംഗ്ലീഷും തിരിച്ചറിയാനും സംസാരിക്കാനും തുടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ എമി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
മസ്തിഷ്കാർബുദം
തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ ബാധിക്കുന്ന കാന്‍സറാണിത്. രണ്ട് തരത്തിലുണ്ട്. തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ നേരിട്ട് ഉണ്ടാക്കുന്ന കാന്‍സര്‍ മുഴകളെ പ്രൈമറി ട്യൂമര്‍ (Primary Tumor) എന്ന് പറയുന്നു. ശരീരത്തിന്റെ മറ്റവയവങ്ങളെ ബാധിച്ച കാന്‍സര്‍ തലച്ചോറിലേക്ക് പടരുന്നതിനെ സെക്കണ്ടറി ട്യൂമര്‍ (Secondary Tumor) എന്നുപറയുന്നു.
മെറ്റാസ്റ്റാറ്റിക് ട്യൂമര്‍ (Secondary/ Metastatic tumor): ശ്വാസകോശം, വൃക്കകള്‍, സ്തനം തുടങ്ങിയവയെ ബാധിച്ച കാന്‍സറില്‍ നിന്നാണ് സാധാരണമായി ഇവ രക്തത്തിലൂടെ തലച്ചോറിലെത്തുന്നത്. തലച്ചോറിലെ വളര്‍ച്ചയെയും ആദ്യമുണ്ടായ കാന്‍സറിനെയും ഒരുമിച്ച് ചികിത്സിച്ചാല്‍ മാത്രമേ ഇവയെ നിയന്ത്രിക്കാനാവൂ. ഇവ പലപ്പോഴും ഒന്നില്‍കൂടുതല്‍ മുഴകളായി കാണുന്നു. പൊതുവായി ബ്രെയിന്‍ ട്യൂമറുകളെ കോശങ്ങളുടെ (Cell type) ഘടനയും വളര്‍ച്ചയുടെ വേഗവും (Grade) കണക്കിലെടുത്ത് ഒന്നുമുതല്‍ നാലുവരെ ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ഇത് ചികിത്സാരീതികളെ തീരുമാനിക്കാന്‍ വളരെയേറെ ഉപകരിക്കുന്നു.
കാരണങ്ങള്‍
ബ്രെയിന്‍ ട്യൂമറിന്റെ കാരണങ്ങള്‍ ഇപ്പോഴും ശാസ്ത്രീയമായി വ്യക്തമായിട്ടില്ല. ചില പാരമ്പര്യരോഗങ്ങളുടെകൂടെ കണ്ടുവരുന്നുണ്ടെങ്കിലും ഇതൊരു പാരമ്പര്യരോഗമായി കരുതേണ്ടതില്ല. വ്യക്തമായ കാരണങ്ങള്‍ അറിയാത്തതിനാല്‍ വളരെ നേരത്തേ കണ്ടുപിടിച്ച് ശസ്ത്രക്രിയയും മറ്റ് തുടര്ചികിത്സാവിധികളും സ്വീകരിക്കുന്നതാണ് ഉത്തമം.
ലക്ഷണങ്ങള്‍
തലച്ചോറിലെ കാന്‍സര്‍ മുഴകള്‍ തലവേദന, അപസ്മാരം, പരാലിസിസ്, നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. കൂടാതെ, ഏത് ഭാഗത്താണോ കാന്‍സര്‍ മുഴ വളരുന്നത്, ആ ഭാഗം പ്രവര്‍ത്തനരഹിതമാക്കാം. ഉദാഹരണത്തിന്, തലച്ചോറിന്റെ ഇടത് മുന്‍ഭാഗത്തെ ട്യൂമറുകള്‍ വലത് കൈകാലുകള്‍ക്ക് തളര്‍ച്ചയും സംസാരശേഷിക്കുറവും ഉണ്ടാക്കുന്നു. തലച്ചോറിലെ ആവരണങ്ങളിലുണ്ടാകുന്ന ട്യൂമറിനും ഇതേ ലക്ഷണങ്ങള്‍ കാണാം.
തലയോട്ടിയുടെ ഉള്ളില്‍ (Closed cranial cavity) സ്ഥലം പരിമിതമായതുകൊണ്ട് ട്യൂമര്‍ വളരുമ്പോള്‍ സമ്മര്‍ദം (Raised itnracranial tension) കൂടി തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. കേള്‍വിക്ക് സഹായിക്കുന്ന നാഡികളില്‍ (Acoustic Neuroma) ഉണ്ടാകുന്ന ട്യൂമറുകള്‍ കേള്‍വിക്കുറവ്, ചെവിയില്‍ മുഴക്കം, വെര്‍ട്ടിഗോ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാക്കുന്നു.
തലച്ചോറിന്റെ അടിവശത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറുകള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാഴ്ചയുടെ ഫീല്‍ഡ് കുറവും ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനം മൂലം വളര്‍ച്ചക്കൂടുതല്‍ (Gigantism), വളര്‍ച്ചക്കുറവ് (Dwarfism) തുടങ്ങിയവയും സ്റ്റിറോയ്ഡിന്റെ കൂടുതല്കൊണ്ടുള്ള കുഷിങ്സ് സിന്‍ഡ്രോം (Cushing's Syndrome) തുടങ്ങിയവയും ഉണ്ടാക്കുന്നു.
കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍
മാറാത്ത തലവേദന, അപസ്മാരം, പക്ഷാഘാതം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ വളര്‍ച്ചയുടെ വ്യതിയാനങ്ങള്‍ എന്നിവ കണ്ടാല്‍ ന്യൂറോസര്‍ജനെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ക്ലിനിക്കല്‍ പരിശോധനയ്ക്കുശേഷം ലക്ഷണങ്ങള്‍ അനുസരിച്ചാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നത്.
സി.ടി.സ്കാന്‍, എം.ആര്.ഐ. സ്കാന്‍, എം.ആര്. സ്പെക്ട്രോസ്കോപി (MR Spectroscopy), പെറ്റ് സ്കാന്‍ തുടങ്ങിയ വയിലൂടെയും ഓഡിയോമെട്രി, വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റിങ്, ഹോര്‍മോണ്‍ അസേ (Hormone assay) മുതലായവയില്ക്കൂടിയും രോഗം കൃത്യമായി നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും സാധിക്കുന്നു.
Content Highlights: Brain Tumor Misdiagnosed: Footballer`s Story Highlights Importance of Early Detection
Published: 03 Nov 2024, 10:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented