
ഉയർന്ന അളവിൽ കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ 16 വയസ്സിന് താഴെയുള്ളവർക്ക് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് യു.കെ. സർക്കാർ. റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഡ്രിങ്കുകൾ അടക്കം ഈ പ്രായക്കാർക്ക് വിൽപ്പന തടയാനാണ് നടപടി. സർക്കാർ കണക്കുകൾ പ്രകാരം, ഏകദേശം ഒരു ലക്ഷം കുട്ടികൾ ദിവസേന കുറഞ്ഞത് ഒരു എനർജി ഡ്രിങ്കെങ്കിലും ഉപയോഗിക്കുന്നു.
കടകൾ, കഫേകൾ, വെൻഡിംഗ് മെഷീനുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നിവ വഴിയുള്ള വിൽപ്പന നിരോധിക്കും. ഈ ഡ്രിങ്കുകളുടെ ഉപയോഗം ഉറക്കക്കുറവ്, ഉത്കണ്ഠ, ഏകാഗ്രതക്കുറവ്, പഠനത്തിലെ മോശം പ്രകടനം, അമിതവണ്ണം, ദന്തക്ഷയം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ആറു വയസ്സിന് താഴെയുള്ളവർക്ക് ഉയർന്ന അളവിൽ കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ വിൽപ്പന സർക്കാർ നിരോധിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ അറിയിച്ചു. നിരോധനത്തെ പിന്തുണച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്ങും രംഗത്തെത്തി. അനാരോഗ്യത്തെ ചികിത്സിക്കുന്നതിനുപകരം അത് തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാരിന്റെ 'പ്ലാൻ ഫോർ ചെയ്ഞ്ചിന്റെ' ഭാഗമാണ് ഈ നയമെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് നിരോധനം?
13 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേരും, 11 മുതൽ 12 വയസ്സ് വരെയുള്ളവരിൽ നാലിലൊന്ന് പേരും സ്ഥിരമായി എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ. ക്ലാസ്സ് മുറിയിലെ മോശം പെരുമാറ്റം, ശ്രദ്ധയില്ലായ്മ, എന്തിന് പഠനനിലവാരം കുറയുന്നതിനുവരെ ഈ പാനീയങ്ങൾ കാരണമാകുന്നു എന്ന് അധ്യാപകരും രക്ഷിതാക്കളും കാലങ്ങളായി പരാതി ഉന്നയിക്കുന്നുണ്ട്.
ഒരു ലിറ്ററിൽ 150 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ അടങ്ങിയ ഏത് പാനീയങ്ങൾക്കും ഈ നിരോധനം ബാധകമാകും. എന്നാൽ, കഫീൻ കുറഞ്ഞ ശീതളപാനീയങ്ങൾ, ചായ, കാപ്പി എന്നിവയ്ക്ക് ഈ നിരോധനം ബാധകമല്ല.
അതേസമയം, രാജ്യത്തെ പല വിൽപ്പനക്കാരും 16 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് സ്വമേധയാ നിയന്ത്രിച്ചിരുന്നു. എന്നാൽ, ചെറിയ കടകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും കുട്ടികൾക്ക് വിൽപ്പന തുടർന്നു. ഇതോടെയാണ്, സർക്കാർ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.
Content Highlights: UK to Ban High-Caffeine Energy Drink Sales to Under-16s
Published: 04 Sept 2025, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented